| Monday, 19th April 2021, 11:37 am

തലക്കെട്ടില്‍ ഇടംപിടിക്കാന്‍ മാത്രമാണ് മോദിക്ക് താല്പര്യമെന്ന് യെച്ചൂരി; കേന്ദ്രം കൊവിഡ് മരണനിരക്ക് മറച്ചുവെക്കുന്നുവെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരകന്‍ മാത്രമാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. തലക്കെട്ടില്‍ ഇടംപിടിക്കാന്‍ മാത്രമാണ് മോദിക്ക് താല്പര്യമെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്ത് സര്‍ക്കാരില്ലെന്നും ,പി.ആര്‍ കമ്പനി മാത്രമാണുള്ളതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

അതേസമയം കൊവിഡ് കണക്കില്‍ ഉത്തര്‍പ്രദേശും ഗുജറാത്തും വലിയ അന്തരം കാണിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

രാജ്യത്ത് കൊവിഡ് അതി വേഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് നിലവില്‍ 2,61,500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്ചക്കിടെ 12 ലക്ഷം പേരാണ് രോഗബാധിതരായത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഒറ്റയടിക്ക് 26,808 രോഗികളാണ് രാജ്യത്ത് വര്‍ധിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1.47 കോടിയായി.

കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 67,123 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം ബാധിച്ചത്. 27,334 കേസുകളുമായി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,501 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ ആകെ മരണം 1,77,150 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്. 419 പേര്‍ മഹാരാഷ്ട്രയിലും ദല്‍ഹിയില്‍ 167 പേരും മരിച്ചു. 1,28,09,643 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി ഉണ്ടായത്. നിലവില്‍ 18,01,316 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sitaram Yechury against Modi

Latest Stories

We use cookies to give you the best possible experience. Learn more