ന്യൂദല്‍ഹി : സ്വച്ഛ് വിദ്യാലയ അഭിയാന്‍ പദ്ധതിയിലെ ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ മോദിക്കും കേന്ദ്രത്തിനും എതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വച്ഛ് വിദ്യാലയ അഭിയാന്‍ പദ്ധതിയിലെ ക്രമക്കേട് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2014 ല്‍ ആരംഭിച്ച കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി ലക്ഷ്യം പൂര്‍ത്തികരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് സീതാറാം യെച്ചൂരി രംഗത്തെത്തിയിരിക്കുന്നത്.
തന്റെ പരാജയങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതിന്റെയൊന്നും ഉത്തരവാദിത്തം ഏറ്റെടുക്കാതെ രക്ഷപ്പെടാനുള്ള മാര്‍ഗം മോദി പ്രയോഗിക്കുമെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.
പുതിയ വസതി പണിയാനോ തനിക്ക് വിമാനം വാങ്ങാനോ ഇനി കൂടുതല്‍ പൊതുപണം ചെലവാക്കുമായിരിക്കും. അല്ലെങ്കില്‍ പി.ആര്‍ ക്യാംപെയ്‌നിന്റെ ഭാഗമായി വലിയ രീതിയില്‍ പരസ്യം നല്‍കുമായിരിക്കും. മോദി തന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാന്‍ ഇങ്ങനെയായിരിക്കും പ്രതികരിക്കാന്‍ പോകുന്നതെന്ന് യെച്ചൂരി പറഞ്ഞു.
വിദ്യാഭ്യാസ അവകാശ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1.4 ലക്ഷം ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചതായി പൊതുമേഖലാ യൂണിറ്റുകള്‍ അവകാശപ്പെട്ടിരുന്നു, എന്നാല്‍ സി.എ.ജി നടത്തിയ സര്‍വേയില്‍ 40% നിലവിലില്ലാത്തതോ ഭാഗികമായി നിര്‍മ്മിച്ചതോ ഉപയോഗ ശൂന്യമായതോ ആണെന്നാണ് കണ്ടെത്തല്‍.
പാര്‍ലമെന്റില്‍ ബുധനാഴ്ച അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
70 ശതമാനം ടോയ്ലറ്റുകളിലും ജലസൗകര്യമില്ലെന്നും 75 ശതമാനം ടോയ്‌ലറ്റുകള്‍ ശുചിത്വത്തോടെ പരിപാലിക്കുന്നില്ലെന്നും സി.എ.ജി വ്യക്തമാക്കി.
എല്ലാ സ്‌കൂളുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകള്‍ ഉണ്ടായിരിക്കണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഉത്തരവ് നടപ്പാക്കാനായി മാനവ വിഭവശേഷി വികസന മന്ത്രാലയം 2014 സെപ്റ്റംബറിലാണ് സ്വച്ഛ് വിദ്യാലയ അഭിയാന്‍ ആരംഭിച്ചത്.
രാജ്യത്ത് 10.8 ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകളുണ്ട്. മൊത്തത്തില്‍, 1.4 ലക്ഷത്തിലധികം ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചത് 53 സി.പി.എസ്.ഇകളാണ്, കല്‍ക്കരി, എണ്ണ കമ്പനികള്‍ തുടങ്ങിയവയില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചിരുന്നു.
സി.എ.ജി ഓഡിറ്റ് 15 സംസ്ഥാനങ്ങളില്‍ ഈ കമ്പനികള്‍ നിര്‍മ്മിച്ച 2,695 ടോയ്ലറ്റുകളുടെ സാമ്പിളില്‍ ഫിസിക്കല്‍ സര്‍വേ നടത്തി. അതില്‍ 83 എണ്ണം നിര്‍മ്മിച്ചിട്ടില്ല. 200 ടോയ്ലറ്റുകള്‍ കൂടി നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടുചെയ്തിവെങ്കിലും അവ നിലവിലില്ല, 86 ടോയ്ലറ്റുകള്‍ ഭാഗികമായി മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ. 691 ടോയ്ലറ്റുകള്‍ ജലത്തിന്റെ അഭാവം, വൃത്തിയായി സൂക്ഷിക്കാത്ത പ്രശ്‌നങ്ങള്‍ ടോയ്ലറ്റുകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍, മറ്റ് ആവശ്യങ്ങള്‍ക്കായി ടോയ്ലറ്റുകള്‍ ഉപയോഗിക്കുന്നത്, ടോയ്ലറ്റുകള്‍ പൂട്ടിയിടല്‍ തുടങ്ങിയ കാരണങ്ങളാല്‍ ഉപയോഗത്തിലില്ല, എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏകദേശം 40% ടോയ്ലറ്റുകള്‍ നിലവിലില്ലാത്തതും ഭാഗികമായിമാത്രം പൂര്‍ത്തിയായതോ അല്ലെങ്കില്‍ ഉപയോഗിക്കാത്തവയോ ആയിരുന്നു. സര്‍വേയില്‍ ഉള്‍പ്പെടുത്തിയ 1,967 കോ എജ്യൂക്കേഷണല്‍ സ്‌കൂളുകളില്‍ 99 സ്‌കൂളുകളില്‍ പ്രവര്‍ത്തനരഹിതമായ ടോയ്ലറ്റുകള്‍ ആണ്. 436 സ്‌കൂളുകളില്‍ പ്രവര്‍ത്തനസജ്ജമായ ഒരു ടോയ്‌ലറ്റ് മാത്രമാണുള്ളത്, അതായത് 27% സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്ലറ്റ് നല്‍കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചിട്ടില്ലെന്നാണ് സി.എ.ജി വ്യക്തമാക്കിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Contet Highlights: sitaram yechury against modi after CAG Report