| Monday, 13th May 2019, 5:18 pm

പറഞ്ഞത് പ്രധാനമന്ത്രിയല്ലായിരുന്നെങ്കില്‍ അതെല്ലാം തമാശയാവുമായിരുന്നു; സീതാറം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ന്യൂസ് നാഷന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞ ഓരോ നുണകളും അബദ്ധങ്ങളും വാര്‍ത്തയാവുന്നതിനിടെ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് പുറത്തു വന്നതെന്നും അബദ്ധങ്ങളും പൊങ്ങച്ചങ്ങളും നുണകളുമൊക്കെ തമാശയാക്കാമായിരുന്നു പറഞ്ഞത് പ്രധാനമന്ത്രി അല്ലായിരുന്നുവെങ്കിലെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു.

1987-88 കാലഘട്ടത്തില്‍ ഡിജിറ്റല്‍ ക്യാമറയും ഇ-മെയിലും ഉപയോഗിച്ചെന്ന് അഭിമുഖത്തില്‍ മോദി അവകാശപ്പെട്ടതാണ് ഏറ്റവും പുതിയതായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ 1995 മുതലാണ് ഇന്ത്യയില്‍ ഇ മെയില്‍ ഉപയോഗത്തില്‍ വന്നതെന്ന് അറിയാതെയാണ് മോദിയുടെ പ്രസ്താവന. മാത്രമല്ല ആദ്യ ഡിജിറ്റല്‍ ക്യാമറ വില്പനയ്ക്ക് എത്തിയത് 1990-ലാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ന്യൂസ് നാഷന്‍ ചാനലിന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ അഭിമുഖം നേരത്തെ എഴുതി തയ്യാറാക്കിയതാണെന്ന ആരോപണം ശക്തമാണ്. ഇന്റര്‍വ്യൂവിലെ ചില ഭാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്.

അഭിമുഖത്തിനു ഏറെ മുമ്പുതന്നെ ചോദ്യങ്ങള്‍ മോദിയ്ക്ക് കൈമാറിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരിലൊരാളായ പ്രതിക് സിന്‍ഹയാണ് അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം തുറന്നുകാട്ടിയത്.

കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാകാന്‍ അഭിമുഖത്തിലെ ആ ഭാഗം കുറച്ചുകൂടി സ്പീഡ് കുറച്ചുള്ളതാണ് പ്രതീക് സിന്‍ഹ പുറത്തുവിട്ട വീഡിയോ.

അഭിമുഖത്തില്‍ അവതാരകനായ ദീപക് ചൗരസ്യ മോദിയോട് ഏതെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്തെങ്കിലും എഴുതിയിരുന്നോയെന്ന് മോദിയോട് ചോദിക്കുന്നുണ്ട്. ഈ സമയത്ത് മോദി കൈനീട്ടുകയും ആരോ അദ്ദേഹത്തിന് ഒരു ഫയല്‍ നല്‍കുകയും ചെയ്യുന്നു. കവിത കാണിക്കാമോയെന്ന് ചോദിച്ചപ്പോള്‍ തന്റെ കയ്യെഴുത്ത് മോശമാണെന്നു പറഞ്ഞ് മോദി പേപ്പറുകള്‍ മറിച്ചിടുന്നത് കാണാം. ഇതിനിടെ ഈ പേപ്പര്‍ ന്യൂസ് നാഷന്‍സ് സൂം ചെയ്തു കാട്ടുന്നുണ്ട്. ഇതില്‍ മോദിയോട് അവതാരകന്‍ ചോദിച്ച അതേ ചോദ്യം പ്രിന്റു ചെയ്തതായി കാണാം.

We use cookies to give you the best possible experience. Learn more