മോദി അന്ന് ആവശ്യപ്പെട്ടത് 50 ദിവസം, 46 മാസങ്ങള്‍ കഴിഞ്ഞു; നോട്ട് നിരോധനം മുതലുള്ള മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് യെച്ചൂരി
national news
മോദി അന്ന് ആവശ്യപ്പെട്ടത് 50 ദിവസം, 46 മാസങ്ങള്‍ കഴിഞ്ഞു; നോട്ട് നിരോധനം മുതലുള്ള മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th August 2020, 4:50 pm

ന്യൂദല്‍ഹി: നോട്ട് നിരോധനം മുതലുള്ള മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
2016 നവംബര്‍ എട്ടിന് നോട്ട് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് മോദി പറഞ്ഞ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് യെച്ചൂരി മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

നോട്ട് നിരോധനം പരാജയപ്പെട്ടാല്‍ തന്നെ തെരുവില്‍ തൂക്കാന്‍ 50 ദിവസമാണ് മോദി ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ 46 മാസങ്ങള്‍ കഴിഞ്ഞെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷങ്ങളെ വേട്ടയാടാനും പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുമാണ് സര്‍ക്കാര്‍ സമയം കണ്ടെത്തുന്നതെന്ന് പറഞ്ഞ യെച്ചൂരി പ്രതിസന്ധികളെ നേരിടുന്നതിന് പകരം പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പറഞ്ഞു.
കൊവിഡ് 19 ന് മുന്‍പ് തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിലച്ചുപോയെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 8 ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാണെന്നാണ് നോട്ട് നിരോധനത്തിന് പിന്നാലെ മോദി പറഞ്ഞത്. തനിക്ക് 50 ദിവസങ്ങള്‍ തരണമെന്നും തീരുമാനം തെറ്റാണെങ്കില്‍ ജീവനോടെ കത്തിച്ചോളുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി അന്ന് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

CONTENT HIGHLIGHTS: sitaram yechury against modi