|

കോണ്‍ഗ്രസ് അധ്യക്ഷന്‍ എവിടെ മത്സരക്കണമെന്ന് നിര്‍ദേശിക്കുന്നത് ഞങ്ങളുടെ പണിയല്ല; മാധ്യമ വാര്‍ത്തയ്‌ക്കെതിരെ വിമര്‍ശനവുമായി യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത് താനാണെന്ന മാധ്യമ അടിസ്ഥാന രഹിതമാണെന്ന് സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പ്രസിഡന്റ് ഏത് മണ്ഡലത്തില്‍ മത്സരിക്കണമെന്ന് നിര്‍ദേശിക്കുന്നത് ഞങ്ങളുടെ ചുമതലയല്ലെന്നും യെച്ചൂരി പറഞ്ഞു.

മുമ്പും കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും മത്സരിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി ചിക്കമഗളൂരുവില്‍നിന്നും സോണിയാഗാന്ധി ബല്ലാരിയില്‍നിന്നും മത്സരിച്ചിട്ടുണ്ട്. ഇതെല്ലാം ആരെങ്കിലും ഉപദേശിച്ചിട്ടാണോയെന്നും യെച്ചൂരി ചോദിച്ചു. പത്തനംതിട്ടയില്‍ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : യു.പിയില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ നിഷാദ് പാര്‍ട്ടിക്ക് 50 കോടി കൈക്കൂലി നല്‍കിയെന്ന് ആരോപണം

മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കാന്‍ അവകാശമുണ്ട്. അത് അംഗീകരിക്കുന്നു. പക്ഷേ, അവകാശം ദുരുപയോഗംചെയ്യാന്‍ പാടില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

മാധ്യമങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നവരാണ് ഇടതുപക്ഷം. മാധ്യമങ്ങള്‍ അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും യെച്ചൂരി വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്നായിരുന്നു മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത.

ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിന് തെക്കെ ഇന്ത്യയിലും ഇത് ശക്തിപകരും എന്നതിനാലാണ് ഈ ആശയം മുന്നോട്ട് വച്ചതെന്നും ഈ ആശയത്തെ യു.പി.എയിലെ സഖ്യകക്ഷികളും പിന്തുണച്ചിരുന്നെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.