| Sunday, 7th April 2019, 12:41 pm

രാഹുല്‍ ഗാന്ധി വഞ്ചിച്ചു എന്ന തോന്നലില്ല, എന്നാല്‍ കോണ്‍ഗ്രസ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല; സീതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്ന് മത്സരിക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്താണെന്നാണ് താങ്കള്‍ കരുതുന്നത്?

അവര്‍ക്ക് മാത്രം മറുപടി നല്‍കാന്‍ കഴിയുന്ന ഒരു ചോദ്യമാണത്. ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ തന്നെ, ഉത്തരേന്ത്യയിലേയും ദക്ഷിണേന്ത്യയിലേയും ഒരോ സീറ്റുകളില്‍ നിന്ന് മത്സരിക്കുന്നത് അവരുടെ(ഗാന്ധി) പാരമ്പര്യമാണ്. ഇന്ദിരാ ഗാന്ധി ചിക്കമംഗലൂരുവില്‍ നിന്നും, സോണിയാ ഗാന്ധി ബല്ലാരിയില്‍ നിന്നും മത്സരിച്ചിട്ടുണ്ട്. അതിനാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കുന്നതില്‍ അസ്വാഭാവികത ഒന്നും ഇല്ല.

ഒട്ടും സ്വാഭാവികമല്ലാത്തത് എന്തെന്നാല്‍, രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തെരഞ്ഞെടുത്തത് ഇടതുപക്ഷം മുഖ്യ എതിരാളികളായിരിക്കുന്ന സ്ഥലത്താണ്. ബി.ജെ.പിക്കെതിരെ പോരാടുന്നത് ഒരു കാര്യം, ഇടതിനെതിരെ മത്സരിക്കുന്നത് തീര്‍ത്തും മറ്റൊരു സന്ദേശമാണ് നല്‍കുന്നത്.

വയനാട്ടില്‍ നിന്നും മത്സരിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി നല്‍കുന്ന സന്ദേശം എന്താണെന്ന് നിങ്ങള്‍ക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ടോ

കേരളത്തില്‍ നടന്ന പൊതു സമ്മേളനത്തില്‍ ഇന്ന് രാവിലെയും (ഏപ്രില്‍ മൂന്നിന്) ഞാന്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഒരു വശത്ത് കോണ്‍ഗ്രസ് പ്രസിഡന്റും യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയും 21 പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മേളനം കൃത്യമായ ഇടവേളകളില്‍ വിളിച്ചു ചേര്‍ക്കാറുണ്ട്. മോദി സര്‍ക്കാറിനെ താഴെയിറക്കലാണ് തങ്ങളുടെ പ്രധാനതാല്‍പര്യം എന്ന് അവര്‍ മീറ്റിങ്ങില്‍ വ്യക്തമാക്കിയതുമാണ്. ഈ മീറ്റിങ്ങുകളിലേക്ക് ഇടതുപക്ഷത്തേയും കോണ്‍ഗ്രസ് ക്ഷണിക്കാറുണ്ട്. എന്നിട്ടും, ഇടതുപക്ഷം പ്രധാന എതിരാളികളായിട്ടുള്ള മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് ഗാന്ധി തീരുമാനിച്ചത്.

അത് ഒരു വൈരുദ്ധ്യമാണോ

അതെ. എന്തു കൊണ്ടാണെന്ന് അവര്‍ക്കു മാത്രമേ വിശദീകരിക്കാന്‍ കഴിയു.

എങ്ങനെയങ്കിലും എം.പിമാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്നതിന്റെ സൂചനയാണോ ഇത്

അതെന്തു തന്നെയായാലും, സി.പി.ഐ.എം ആണ് തങ്ങളുടെ മുഖ്യശത്രു, ബി.ജെ.പിയോ പ്രധാനമന്ത്രിയോ അല്ല എന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്.

വയനാട്ടില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം പ്രതിപക്ഷ കക്ഷികള്‍ പരസ്പരം പോരടിക്കുമെന്ന പ്രധാനമന്ത്രിയുടെ ആഖ്യാനത്തെ ശരിവെക്കുന്നതാണോ

അല്ല. ഒരിക്കലുമല്ല. അതിന് ഇന്ത്യന്‍ രാഷ്ട്രീയം എന്തിനെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയുടേത് വളരെ വൈവിധ്യമേറിയ പ്രകൃതമാണ്. ഒരോ സംസ്ഥാനത്തും പ്രസ്തുത സംസ്ഥാനങ്ങളുടെ പുറമെ യാതൊരു സാന്നിധ്യവുമില്ലാത്ത പാര്‍ട്ടികളുണ്ടാവും. അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ദിരാ ഗാന്ധി പരാജയപ്പെട്ടപ്പോള്‍, 1977ലെ തെരഞ്ഞെടുപ്പിന് ശേഷം മാത്രം രൂപീകൃതമായ ജനതാ പാര്‍ട്ടിയാണ് പാര്‍ട്ടിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

1989ല്‍ വി.പി സിങ്ങിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നാഷണല്‍ ഫ്രണ്ട് സര്‍ക്കാര്‍ ബി.ജെ.പിയുടേയും ഇടതുപക്ഷത്തിന്റേയും പിന്തുണ ആവശ്യപ്പെട്ടു. എന്നാല്‍ ബി.ജെ.പി സര്‍ക്കാറിന്റെ ഭാഗമാവുകയാണെങ്കില്‍ ഇടതു പക്ഷം സര്‍ക്കാറിനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി. ആ ഒരു കാരണം കൊണ്ട് ബി.ജെ.പിക്ക് പുറത്തു പോവേണ്ടി വന്നു. അതിന്റെ ദേഷ്യം ബി.ജെ.പിക്ക് ഇന്നും ഇടതു പക്ഷത്തോടുണ്ട്. ഈ സഖ്യവും രൂപപ്പെട്ടത് തെരഞ്ഞടെുപ്പിന് ശേഷമായിരുന്നു.

1996ല്‍ യുണൈറ്റഡ് ഫ്രണ്ട് സര്‍ക്കാര്‍ രൂപീകരിച്ചു. 1998സല്‍ എന്‍.ഡി.എ രൂപീകരിച്ചതും തെരഞ്ഞെടുപ്പിന് ശേഷമാണ്. അന്ന് ജയലളിതയുടെ പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്തിനുവേണ്ടി അവര്‍ കാത്തിരുന്നത് നിങ്ങള്‍ക്ക് ഓര്‍മ കാണും. 2004ല്‍ യു.പി.എ സഖ്യം രൂപപ്പെട്ടതും തെരഞ്ഞടെുപ്പിന് ശേഷമാണ്. 2019ല്‍ സമാനമായ ഒന്ന് തെരഞ്ഞടെുപ്പിന് ശേഷം രൂപപ്പെടും.

മോദിയുടെ ആഖ്യാനത്തിന് പ്രത്യേകിച്ച് ആഘാതം ഒന്നും ഉണ്ടാക്കാന്‍ കഴിയില്ലെന്നാണോ

സത്യം പറഞ്ഞാല്‍ മോദിയുടെ ആഖ്യാനം നമ്മള്‍ 2004ല്‍ അടല്‍ ബിഹാരി വാജ്‌പേയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തോടെ തന്നെ പരിചയിച്ചു കഴിഞ്ഞതാണ്. അപ്പോഴും അവര്‍ ചോദിക്കുമായിരുന്നു, വാജ്‌പേയ്‌ക്കെതിരെ ആരെയാണ് നിങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. വാജ്‌പേയ്ക്ക് പകരം വെയ്ക്കാന്‍ പ്രതിപക്ഷത്തിന് നേതാക്കളില്ലെന്ന് ബി.ജെ.പി അവകാശപ്പെട്ടിരുന്നു.

പശ്ചിമ ബംഗാളിലും, ത്രിപുരയിലും, കേരളത്തിലും പരസ്പരം മത്സരിക്കുന്ന ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനേയും ചൂണ്ടിക്കാട്ടി, തെരഞ്ഞെടുപ്പിന് ശേഷം ഇവര്‍ എങ്ങനെ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ബി.ജെ.പി ചോദിക്കുമായിരുന്നു. അന്നവര്‍ എന്തു പറഞ്ഞോ, അതു തന്നെയാണ് മോദി ഇന്ന് പറയുന്നത്.

എന്നിട്ടും 2004 യു.പി.എ സര്‍ക്കാര്‍ രൂപീകൃതമായി

2004ലെ യാഥാര്‍ത്ഥ്യമെന്തായിരുന്നു. ജയിച്ച 61 സീറ്റുകളില്‍ 57 സീറ്റുകളും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് ഇടതുപക്ഷം ജയിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ യു.പി.എയെ പിന്തുണച്ചു. ഇതാണ് ഇന്ത്യന്‍ യാഥാര്‍ത്ഥ്യം.

വയനാട്ടില്‍ നിന്ന് മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം പ്രാദേശിക പാര്‍ട്ടികളെ അസ്വസ്ഥരാക്കുകയും, തങ്ങള്‍ ഒതുക്കപ്പെടുമെന്ന ഭയത്തില്‍ അവര്‍ കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാറിന് പിന്തുണ നല്‍കാതിരിക്കുകയും ചെയ്യുമോ

കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും തമ്മിലുള്ളത് 1996 ഫോര്‍മുലയും 2004 ഫോര്‍മുലയും തമ്മിലുള്ള തെരഞ്ഞെടുക്കലുമായി ബന്ധപ്പെട്ടു കിടക്കുന്നു. 1996 ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലല്ലാത്തൊരു സര്‍ക്കാറിനെ അവര്‍ പുറത്തു നിന്നും പിന്തുണക്കുകയായിരുന്നു. 2004ലാകട്ടെ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാറിനെ ഇടതുപക്ഷം പിന്തുണച്ചിരുന്നു. ആരാണ് സര്‍ക്കാറിനെ നയിക്കുക എന്നതാണ് ചോദ്യം. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെക്കാള്‍ സീറ്റു ലഭിച്ചാല്‍ അത്തരത്തിലുള്ള ഒരു സമസ്യ ഉയരും. എന്നാല്‍ കോണ്‍ഗ്രസിനാണ് അധികം സീറ്റ് ലഭിക്കുന്നതെങ്കില്‍ 2004ലെ സാഹചര്യം ആവര്‍ത്തിക്കും.

ആത്യന്തികമായി ഈ രണ്ടു മാര്‍ഗങ്ങളുടേയും ലക്ഷ്യം മോദിയും എന്‍.ഡി.എയും തിരിച്ചു വരില്ലെന്ന് ഉറപ്പു വരുത്തലാണ്.

ദക്ഷിണേന്ത്യന്‍ മൂല്യങ്ങളെ കോണ്‍ഗ്രസ് പ്രധാനമായി കാണുന്നു എന്ന സന്ദേശം നല്‍കാനാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത്. ബി.ജെ.പി തങ്ങളുടെ ജീവിത രീതികളെ അംഗീകരിക്കുന്നില്ലെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് തോന്നുന്നതായി നിങ്ങള്‍ കരുതുന്നുണ്ടോ?

അതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നില്ല. എന്നാല്‍ ബി.ജെ.പി ഏറെക്കുറെ ഒരു ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്നത് ഒരു വസ്തുതയാണ്. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ദീര്‍ഘകാലമായുള്ള മുദ്രാവാക്യം, ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്നതാണ്. അവര്‍ ആ മുദ്രാവാക്യം ഒരിക്കലും വേണ്ടെന്നു വച്ചിട്ടില്ല. ഇത് ദക്ഷിണേന്ത്യയുടെ മാത്രം കാര്യമല്ല. ഇത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടേയും, കിഴക്കന്‍ സംസ്ഥാനങ്ങളുടേയും അവസ്ഥ കൂടിയാണ്. പടിഞ്ഞാറെ ഇന്ത്യന്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള പ്രതിപത്തി ബി.ജെ.പിക്ക് മറ്റു സംസ്ഥാനങ്ങളോടില്ല.

പക്ഷെ കിഴക്കന്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു

അങ്ങനെ നോക്കുകയാണെങ്കില്‍ ദക്ഷിണേന്ത്യയില്‍ കര്‍ണാടകയിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. അതു പോലെ കിഴക്കിലും. എന്നാല്‍ പൗരത്വ ഭേദഗതി ബില്ലിലേയും, പൗരത്വ പട്ടികയേയും സംബന്ധിച്ച പ്രശ്‌നങ്ങള്‍ ബി.ജെ.പിയെ എങ്ങനെ ബാധിക്കുമെന്ന് കാണണം.

വയനാട്ടില്‍ നിന്ന് മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ ഇടതുപക്ഷം ശക്തമായി എതിര്‍ക്കാനുണ്ടായ കാരണമെന്താണ്. കേരളത്തില്‍ ഇടതിന്റെ പ്രസക്തി അത് കാരണം നഷ്ടപ്പെടുമെന്ന് കരുതിയാണോ

അല്ല. തീരുമാനത്തിലൂടെ കോണ്‍ഗ്രസ് ഞങ്ങള്‍ക്ക് നല്‍കിയ സന്ദേശമായിരുന്നു പ്രശ്‌നം. 2004ല്‍ ബി.ജെ.പി ഇതര മതേതര സര്‍ക്കാറിനെ പിന്തുണക്കുമെന്ന് സി.പി.ഐ.എം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് ഒരു ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരണം സാധ്യമല്ലായിരുന്നു. കോണ്‍ഗ്രസ് നയിച്ചാലും ഇല്ലെങ്കിലും രാജ്യത്തിന്റേയും ഭരണഘടനയുടേയും താല്‍പര്യം മുന്‍നിര്‍ത്തി, അത്തരമൊരു സര്‍ക്കാറിനെ പിന്തുണക്കുമെന്ന് സി.പി.ഐ.എം അന്ന് വ്യക്തമാക്കിയിരുന്നു. അത് പൂര്‍ണമായും മനസ്സിലാക്കിയ കേരളത്തിലെ ജനങ്ങള്‍ 20ല്‍ 18 സീറ്റുകളും സി.പി.ഐ.എം നയിച്ച എല്‍.ഡി.എഫിന് നല്‍കി. കോണ്‍ഗ്രസിന് അന്ന് ഒരു സീറ്റും ലഭിച്ചിരുന്നില്ല.

അത് എന്തു കൊണ്ടാണ് സംഭവിച്ചത്? അത് സംഭവിച്ചത് കേരളത്തിലെ ജനങ്ങള്‍ പക്വതയുള്ളവരായതിനാലാണ്. സമാന്തര സര്‍ക്കാര്‍ രൂപപ്പെടണം എന്നായിരുന്നു അവരുടെ കാഴ്ചപ്പാട്. അതെ, സി.പി.ഐ.എം അതിനെ പിന്തുണക്കും. എന്നാല്‍ അത്തരം ഒരു സര്‍ക്കാറില്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ള നയങ്ങള്‍ രൂപീകരിക്കുന്നതിന് സമര്‍ദം ചെലുത്താന്‍ ഇടതുപക്ഷം വേണമെന്ന് അവര്‍ കരുതിയിരുന്നു. അതിന്റെ ആകെത്തുക എന്തായിരുന്നു? വിവരാവകാശ നിയം, ഭക്ഷണത്തിനായുള്ള അവകാശ നിയമം, വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള അവകാശ നിയമം, വനാവകാശ നിയമം, തുടങ്ങിയ നിയമങ്ങളെല്ലാം ഇടതുപക്ഷത്തിന്റെ ഇടപെടലില്‍ യു.പി.എ പാസാക്കിയ നിയമങ്ങളാണ്.

കേരളത്തിന് പുറത്ത് ഇടതുപക്ഷത്തിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ലെന്നും, രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ കേരളത്തിലും ഇടതുപക്ഷത്തിന്റെ സീറ്റുകള്‍ കുറക്കാമെന്നാണോ കോണ്‍ഗ്രസിന്റെ കണക്കു കൂട്ടല്‍? അങ്ങനെ വരുമ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് ഇടതുപക്ഷത്തിന്റെ ആവശ്യമുണ്ടാവില്ലല്ലോ?

അവരുടെ കണക്കുകൂട്ടല്‍ എന്താണെന്ന് എനിക്കറിയില്ല. എന്നാല്‍ ഇടതിനെ ഒതുക്കാനാണ് അവരുടെ ശ്രമമെങ്കില്‍ ബി.ജെ.പി ഇതര സര്‍ക്കാറിന്റെ ശക്തിയും വിശ്വാസതയും അത്രകണ്ട് കുറയും.

കോണ്‍ഗ്രസുമായി ധാരണ വേണം എന്ന് വാദിക്കുന്ന ഒരാളായാണ് പലരും താങ്കളെ കാണുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് താങ്കള്‍ക്ക് തിരിച്ചടിയായെന്നും അവര്‍ക്ക് പറയുന്നു.

കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം ഉയരുന്നേയില്ല. കോണ്‍ഗ്രസുമായി എന്തെങ്കിലും തരത്തിലുള്ള ധാരണയ്ക്ക് മാത്രമേ പ്രസക്തി ഉണ്ടായിരുന്നുള്ളു. കോണ്‍ഗ്രസുമായി ധാരണ ആകാമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമായതാണ്. അങ്ങനെയാണ് തമിഴ്‌നാട്ടിലെ സഖ്യം രൂപപ്പെടുന്നത്. ഞങ്ങള്‍ ഡി.എം.കെയുമായി സഖ്യം ചേര്‍ന്നു, ഡി.എം.കെ കോണ്‍ഗ്രസുമായും. സീറ്റു വിഭജനവും സംയുക്തമായാണ് തീരുമാനമായത്. കോണ്‍ഗ്രസുമായി ധാരണ പാടില്ലെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ഇത് സാധ്യമാവുമായിരുന്നില്ല.

അത് പോലെ ഒഡീഷയിലെ ഞങ്ങളുടെ സിറ്റിങ്ങ് എം.എല്‍.എ ആയ എം.പി സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എവിടേയാണ് എനിക്ക് തിരിച്ചടി നേരിട്ടത്. എന്റെ ഉദ്ദേശ്യം ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ വര്‍ധിപ്പിക്കുക എന്ന് മാത്രമായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ വയനാട് തീരുമാനത്തിലൂടെ നിങ്ങളോ പാര്‍ട്ടിയോ വഞ്ചിക്കപ്പെട്ടു എന്ന് തോന്നുന്നുണ്ടോ

തീര്‍ച്ചയായും ഇല്ല. വഞ്ചിക്കപ്പെട്ടതായി എനിക്ക് തോന്നുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമല്ല.

ശക്തമായ കാര്‍ഷിക പ്രക്ഷോഭങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ഇടതുപക്ഷം നേതൃത്വം നല്‍കിയിട്ടുണ്ട്. രാജസ്ഥാനിലെ കര്‍ഷക മുന്നേറ്റം കഴിഞ്ഞ വര്‍ഷത്തെ കോണ്‍ഗ്രസിന്റെ വിജയത്തില്‍ വലിയ പങ്കു വഹിച്ചിരുന്നു. മഹാരാഷ്ട്രയിലും ഇടതു പക്ഷം ശക്തമായ മുന്നേറ്റം നടത്തി. ഈ ഊര്‍ജം എന്തുകൊണ്ടാണ് വോട്ടുകളും സീറ്റുകളും ആക്കി മാറ്റുന്നതില്‍ ഇടതുപക്ഷം പരാജയപ്പെടുന്നത്

ഉജിതമായ ജനാധിപത്യത്തില്‍ അത് സംഭവിക്കേണ്ടതുണ്ട്. ഇവിടെ പണത്തിന്റെ ഉപയോഗം വ്യാപകമാണ്. മതത്തിന്റേയും ജാതിയുടേയും പേരിലെ വിഘടനം ശക്തമാണ്. അതിനാല്‍ എല്ലാ കഷ്ടപ്പാടുകളും സഹിച്ച് ലോംങ്ങ് മാര്‍ച്ചുകളില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ പണം കൊണ്ടോ സത്വരാഷ്ട്രീയം കൊണ്ടോ അതിജീവനത്തിന്‍റെ രാഷ്ട്രീയത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുകയാണ്.

ഇടതിന്റെ ശക്തി തെരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനമാക്കിയല്ല വിലയിരുത്തേണ്ടത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ പ്രാധാന്യത്തെ ഞാന്‍ കുറച്ചു കാണുകയല്ല. എന്നാല്‍ അതിനോടൊപ്പം തന്നെ, ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലും രാഷ്ട്രീയ നേതൃത്വത്തെ സ്വാധീനിക്കുന്നതിലും ഇടതിനുള്ള കഴിവ് ഒരു മാനദണ്ഡമാക്കിയെടുക്കണം. അത് കൊണ്ടാണ് ഈ വര്‍ഷം കര്‍ഷകരുടെ പ്രശ്‌നങ്ങളും, തൊഴിലില്ലായ്മയും ഒരു പാര്‍ട്ടിക്കും ഒഴിച്ചു കൂടാനാവാത്ത തെരഞ്ഞെടുപ്പ് വിഷയമായത്. ഈ വിഷയങ്ങള്‍ കേന്ദ്ര ബിന്ദുവിലെത്തിച്ചത് ഇടതിന്റെ പരിശ്രമങ്ങളായിരുന്നു.

ബിഹാറിലെ ബെഗുസരായിലെ കനയ്യു കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച്

രാഷ്ട്രീയ ജനതാദളുമായി സഖ്യം ചേരുമെന്ന് ഇടത് പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ സി.പി.ഐക്കും സി.പി.ഐ.എമ്മിനും സീറ്റ് നിഷേധിക്കുന്നതിലേക്ക് അവരെ നയിച്ചത് എന്താണെന്ന് എനിക്കറിയില്ല. രാഷ്ട്രീയമായി അയുക്തമായ ഒരു തീരുമാനമാണത്. ചുവന്ന കൊടി പതിറ്റാണ്ടുകളായി ആര്‍.ജെ.ഡിയോടൊപ്പമാണെന്ന് ലാലു പ്രസാദ് യാദവിന് അറിയാവുന്നതാണ്. അടിച്ചമര്‍ത്തപ്പെട്ടവരെ സ്വാധീനിക്കുന്നതില്‍ ഇടതിന് വ്യക്തമായ പങ്കുണ്ട്. എന്നാല്‍ സ്വന്തം ന്യായവാദത്തില്‍ നിന്നും ആര്‍.ജെ.ഡി വ്യതിചലിച്ചിരിക്കുകയാണ്. ബെഗുസരായില്‍ കനയ്യ തീര്‍ച്ചയായും വിജയിക്കും. അദ്ദേഹത്തിനു വേണ്ടി ഞങ്ങളെല്ലാം പ്രചരണത്തിനിറങ്ങും.

സീതാറാം യെച്ചൂരി അജാസ് അഷ്റഫിന് നല്‍കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ (സ്ക്രോളില്‍ പ്രസിദ്ധീകരിച്ചത്)

We use cookies to give you the best possible experience. Learn more