| Wednesday, 23rd May 2018, 6:48 pm

സത്യപ്രതിജ്ഞാ ചടങ്ങില്‍ പരസ്പരം കൈകൊടുത്ത് യെച്ചൂരിയും മമതയും; സൗഹൃദം ഉറപ്പിച്ച് മായാവതിയും അഖിലേഷും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: വിശാലഐക്യത്തിന് വേദിയായി കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും പരസ്പരം ഹസ്തദാനം ചെയ്തു.

ബംഗാളിലെ മൂന്നരപ്പതിറ്റാണ്ട് തുടര്‍ന്ന് വന്ന സി.പി.ഐ.എം ഭരണം മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലാണ് സി.പി.ഐ.എം പിടിച്ചെടുത്തത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാപകമായ ആക്രമണങ്ങളാണ് സി.പി.ഐ.എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനും മമതാ ബാനര്‍ജിക്കുമെതിരെ ബംഗാളിര്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുവരുന്ന സാഹചര്യത്തിലാണ് ഇരുവരും ഒരേവേദിയില്‍ പരസ്പരം ഹസ്തദാനം ചെയ്തത്. സി.പി.ഐ നേതാവ് ഡി.രാജയും മമതയ്ക്ക് ഹസ്തദാനം നല്‍കി.

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബി.എസ്.പി നേതാവ് മായാവതിയും വേദിയില്‍ ഹസ്തദാനം ചെയ്തു. ഇരുവരും ജനങ്ങള്‍ക്ക് നേരെ ഒരുമിച്ച് കൈവീശുകയും ചെയ്തു. ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിന് തരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഇരുവരും ഭിന്നതകളില്ലാതെ ഒരേ വേദിയിലെത്തുന്നത്.

പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷ സോണിയ ഗാന്ധി, അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആംആദ്മി പാര്‍ട്ടി കണ്‍വീന്‍ അരവിന്ദ് കേജ്രിവാള്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ശരത് യാദവ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നാളെ തന്നെ വിശ്വാസ വോട്ട് തേടുമെന്ന് കുമാരസ്വാമി അറിയിച്ചിരുന്നു. 117 എം.എല്‍.എമാരാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനുള്ളത്. കോണ്‍ഗ്രസിന് 22 മന്ത്രിസ്ഥാനവും ജെ.ഡി.എസിന് മുഖ്യമന്ത്രിസ്ഥാനം ഉള്‍പ്പടെ 12 മന്ത്രിമാരുമാണ് ധാരണയെങ്കിലും ഇവരുടെ സത്യപ്രതിജ്ഞ പിന്നീടാണ് നടക്കുക. കോണ്‍ഗ്രസ് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ എന്ന നിര്‍ദ്ദേശം വച്ചെങ്കിലും നിലവില്‍ പരമേശ്വര മാത്രമാണുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ കെ.ആര്‍ രമേശ് കുമാറാണ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.

We use cookies to give you the best possible experience. Learn more