ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരായ വോട്ടുകള്‍ ഭിന്നിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാന തലത്തില്‍ ചര്‍ച്ച തുടങ്ങണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അഖിലേന്ത്യ അടിസ്ഥാനത്തില്‍ പ്രചാരണവും, ജനജീവിതം ദുരിതപൂര്‍ണമാകുന്ന നയങ്ങള്‍ക്കെതിരെ യോജിച്ച പ്രതിഷേധങ്ങളും സംഘടിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു.
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ വേണ്ട സംവിധാനം ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. എല്‍.ഡി.എഫും യു.ഡി.എഫും നേരിട്ട് മത്സരിക്കുന്ന കേരളത്തില്‍ ബി.ജെ.പിക്ക് തീരെ വിജയസാധ്യതയില്ല. തമിഴ്നാട്ടില്‍ ഡി.എം.കെ നേതൃത്വത്തില്‍ ശക്തമായ ബി.ജെ.പി വിരുദ്ധ മുന്നണിയുണ്ട്.
മഹാരാഷ്ട്രയില്‍ മഹാവികാസ് സഖ്യമാണ് ബി.ജെ.പിയെ നേരിടുന്നത്. മറ്റു ചില സംസ്ഥാനങ്ങളിലും ബി.ജെ.പിക്കെതിരായ സഖ്യമുണ്ട്. ഇതുപോലെ എല്ലായിടത്തും സംസ്ഥാനതല സഖ്യങ്ങളോ ധാരണയോ ഉണ്ടാകണം.
ബദല്‍ സര്‍ക്കാര്‍ രൂപീകരണം തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകേണ്ടതാണ്. അങ്ങനെ സംഭവിച്ചിട്ടുള്ളതാണ് രാജ്യത്തിന്റെ അനുഭവം. 2004ല്‍ ലോക്സഭയിലേക്ക് ജയിച്ചുവന്ന 64 ഇടതുപക്ഷ എം.പിമാരില്‍ 57 പേരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയാണ് തോല്‍പ്പിച്ചത്.
എന്നാല്‍, മന്‍മോഹന്‍ സിങ് സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കി. അല്ലെങ്കില്‍ ആ സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ല. രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിക്കേണ്ടത് അനിവാര്യമാണെന്ന് പട്നയിലെ യോഗത്തില്‍ സി.പി.ഐ.എം ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഇന്നത്തെ സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് അത്യാവശ്യമോ അഭിലഷണീയമോ അല്ലെന്ന’ നിഗമനത്തില്‍ നിയമ കമീഷന്‍ 2018ല്‍ എത്തിയിരുന്നു. ഇതിനെ സി.പി.ഐ.എം പൂര്‍ണമായും അംഗീകരിക്കുന്നു.
ഏകീകരണം സമത്വത്തിന് തുല്യമാകില്ല. എല്ലാ സമുദായങ്ങളിലെയും സ്ത്രീകള്‍ക്ക് തുല്യ അവകാശം നല്‍കണമെന്ന് വാദിച്ചുവരുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. വിവിധ സമുദായങ്ങളിലെ സ്ത്രീ- പുരുഷന്മാരുടെ ജനാധിപത്യപരമായ സജീവ പങ്കാളിത്തത്തോടെ വ്യക്തിനിയമങ്ങളും നടപ്പുനിയമങ്ങളും പരിഷ്‌കരിച്ചാണ് ഇക്കാര്യത്തില്‍ മുന്നോട്ടുപോകേണ്ടത്,’ യെച്ചൂരി പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി എ.കെ.ജി ഭവനില്‍ ചേര്‍ന്ന സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
Content Highlights: Sitaram yechuri says anti-bjp unity should develope in sate politics