ഡീഗോ മറഡോണക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മറഡോണയുടെ ഏറ്റവും ചര്‍ച്ചയായ ‘ദൈവത്തിന്റെ കൈ’ ഗോളിനെ ഓര്‍ത്തുകൊണ്ടായിരുന്നു യെച്ചൂരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘ഫുട്‌ബോള്‍ ഇതിഹാസം നമ്മളെ ഇത്രവേഗം വിട്ടുപോയത് ഏറെ വേദനാജനകമാണ്. ‘ദൈവത്തിന്റെ കൈ’ ഇനി നാടോടിക്കഥകളില്‍ മാത്രം. ആദരാജ്ഞലികള്‍,’ എന്നായിരുന്നു യെച്ചൂരി ഫേസ്ബുക്കിലെഴുതിയത്. മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയോടൊപ്പം മറഡോണ നില്‍ക്കുന്ന ചിത്രവും കൈയ്യില്‍ പച്ച കുത്തിയ ചെഗുവേരയുടെ ചിത്രം കാണിച്ചു തരുന്ന മറഡോണയുടെ ചിത്രവും പോസ്റ്റിനൊപ്പം യെച്ചൂരി പങ്കുവെച്ചിട്ടുണ്ട്.
1983 ജൂണ്‍ 22ന് മെക്‌സിക്കോയിലെ അസ്‌ടെക്ക് സ്റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു ”ദൈവത്തിന്റെ കൈ” സഹായത്തോടെ മറഡോണയുടെ ഗോള്‍ പിറന്നത്. രണ്ടാം പകുതി തുടങ്ങി ആറു മിനിറ്റു പിന്നിട്ടപ്പോഴായിരുന്നു വിവാദ ഗോള്‍. പെനല്‍റ്റി ബോക്‌സിനു പുറത്ത് വച്ച് ഉയര്‍ന്നെത്തിയ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഹോഡ്ജിന് പിഴച്ചു.
അടിച്ചകറ്റാന്‍ ശ്രമിച്ച പന്ത് ഇംഗ്ലണ്ടിന്റെ ഗോള്‍മുഖത്തേയ്ക്കാണ് ഉയര്‍ന്നെത്തിയത്. പന്തു തട്ടിയകറ്റാന്‍ ചാടിയുയര്‍ന്ന ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടനൊപ്പമെത്തിയ മറഡോണയുടെ ഇടംകൈയ്യില്‍ തട്ടി പന്ത് വലയിലേക്ക്. ഇംഗ്ലണ്ടിന്റെ കളിക്കാര്‍ ഹാന്‍ബോള്‍ എന്നു പറഞ്ഞ് വളഞ്ഞെങ്കിലും റഫറി അംഗീകരിച്ചില്ല. എന്നാല്‍ രണ്ടാം ഗോള്‍ മറഡോണയെ അടയാളപ്പെടുത്തിയ ഗോളായിരുന്നു.
ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റര്‍ ഓടിക്കയറി നേടിയ രണ്ടാം ഗോള്‍ ‘നൂറ്റാണ്ടിന്റെ ഗോള്‍’ എന്നു പിന്നീടു വിശേഷിപ്പിക്കപ്പെട്ടു. ആ ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും നേടി.