ഹൈദരാബാദ്: സി.പി.ഐ.എം 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് യെച്ചൂരി സി.പി.ഐ.എമ്മിന്റെ അമരത്തെത്തുന്നത്. 2015 ല്‍ വിശാഖപട്ടണത്ത് നടന്ന 21 ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
കാരാട്ട് പക്ഷവുമായി കടുത്ത ഭിന്നത നിലനിന്നിരുന്നെങ്കിലും വോട്ടെടുപ്പില്ലാതെ തന്നെയാണ് യെച്ചൂരി തുടരുമെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തിയത്. നേരത്തെ വോട്ടെടുപ്പിനും യെച്ചൂരി തയ്യാറാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പാര്‍ട്ടി പൊളിറ്റ്ബ്യൂറോയിലേക്ക് 17 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ രണ്ടുപേര്‍ പുതുമുഖങ്ങളാണ്. കേരളത്തില്‍ നിന്നുള്ള എസ് രാമചന്ദ്രന്‍പിള്ള പി.ബി അംഗമായി തുടരാനും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രായപരിധിയില്‍ വിട്ടുവീഴ്ചയോടെയാണ് എസ്.ആര്‍.പി പി.ബിയില്‍ തുടരുന്നത്. ബംഗാളില്‍ നിന്നുള്ള തപന്‍സെനും നീലോല്‍പല്‍ ബസുവുവുമാണ് പി.ബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങള്‍.
അതേസമയം തമിഴ്‌നാട്ടില്‍ നിന്നുള്ള എ.കെ പത്മനാഭനാണ് പി.ബിയില്‍ നിന്ന് ഒഴിഞ്ഞത്. 95 അംഗ കേന്ദ്ര കമ്മിറ്റിയെയും പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തിട്ടുണ്ട്. പത്തൊമ്പത്് പുതുമഖങ്ങളാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 91 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് 95 ആയി ഉയര്‍ത്തിയത്. കേരളത്തില്‍ നിന്ന് എം.വി ഗോവിന്ദന്‍മാസ്റ്ററും കെ രാധാകൃഷണനും കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും. പലോളി മുഹമ്മദ് കുട്ടിയും പ്രത്യേകം ക്ഷണിതാവാണ്. കേരളത്തില്‍ നിന്നുള്ള പി.കെ ഗുരുദാസന്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവായിട്ടുണ്ട്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിലവില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ്. തൃശൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും കേരള നിയമസഭയുടെ മുന്‍ സ്പീക്കറുമാണ് കെ രാധാകൃഷ്ണന്‍. അതേസമയം കേന്ദ്ര കമ്മിറ്റിയില്‍ സ്ത്രീകള്‍ക്കായി ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുമുണ്ട്.
ജെ.എന്‍.യുവിലെ വിദ്യാഭ്യാസ കാലഘട്ടത്തിലാണ് യെച്ചൂരി രാഷ്ട്രീയത്തിലേക്കെത്തുന്നത്. 1975ല്‍ സി.പി.ഐ.എം അംഗമായ യെച്ചൂരി അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ടു. 1978 ല്‍ എസ്.എഫ്.ഐയുടെ അഖിലേന്ത്യ സെക്രട്ടറിയായ യെച്ചൂരി 1985 ല്‍ 12ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റി അംഗമായി. 1992 ല്‍ പൊളിറ്റ്ബ്യൂറോയിലും.
2005 ല്‍ രാജ്യസഭാംഗമായ യെച്ചൂരി യു.പി.എ സര്‍ക്കാറുകളുടെയും എന്‍.ഡി.എ സര്‍ക്കാറിന്റെയും ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിച്ചു കൊണ്ട് പാര്‍ലമെന്റിനകത്ത് ശ്രദ്ധേയനായിരുന്നു. 2015 ലാണ് കാരാട്ടിന്റെ പിന്‍മുറക്കാരനായി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിപദത്തില്‍ യെച്ചൂരി എത്തുന്നത്.
പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍