| Sunday, 28th May 2023, 4:52 pm

'പുതിയ ഇന്ത്യ' രാജാവും പ്രജകളും ചേര്‍ന്നത്; രാഷ്ട്രപതിക്കും പ്രതിപക്ഷത്തിനും സ്ഥാനമില്ല: സീതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ‘പുതിയ പാര്‍ലമെന്റ് പുതിയ ഇന്ത്യ,’ എന്ന പ്രൊപ്പഗണ്ടയിലാണ് നരേന്ദ്ര മോദി പാര്‍ലമെന്റ് ഉദ്ഘാടനം നിര്‍വഹിച്ചതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രതിപക്ഷവും ഇല്ലാത്ത പുതിയ ഇന്ത്യയാണ് മോദി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘പുതിയ പാര്‍ലമെന്റ്, പുതിയ ഇന്ത്യ’ എന്ന പ്രൊപ്പഗണ്ടയില്‍ മോദി പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തിരിക്കുന്നു. ഇതിലൂടെ രാഷ്ട്രപതിയില്ലാത്ത, ഉപരാഷ്ട്രപതിയില്ലാത്ത, പ്രതിപക്ഷ പാര്‍ട്ടികളില്ലാത്ത’പുതിയ ഇന്ത്യ’യെ മോദി പ്രഖ്യാപിക്കുന്നു.

ഇന്ത്യ രാജ്യവും പൗരന്മാരും ചേര്‍ന്നതാണ്. പുതിയ ഇന്ത്യ പ്രജകളും രാജാവും ചേര്‍ന്നതാണ്,’ അദ്ദേഹം പറഞ്ഞു.

രാജവാഴ്ചയുടെ കാലത്താണ് ചെങ്കോലുണ്ടായതെന്നും ജനാധിപത്യ രാജ്യത്ത് ചെങ്കോലിന് സ്ഥാനമില്ലെന്നും യെച്ചൂരി പറഞ്ഞു.

‘ഫ്യൂഡല്‍ രാജവാഴ്ചയുടെയും ചക്രവര്‍ത്തിമാരുടെയും രാജാക്കന്മാരുടെയും കാലത്തുള്ളതാണ് ചെങ്കോല്‍. ഇന്ത്യന്‍ ജനത ഇത്തരം അടിമത്തങ്ങള്‍ വലിച്ചെറിഞ്ഞ് എല്ലാ ജനതയും തുല്യരാകുന്ന ജനാധിപത്യ റിപ്പബ്ലിക്കിന് തുടക്കമിട്ടു. ജനങ്ങള്‍ സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്ന ജനാധിപത്യത്തില്‍ ചെങ്കോലിന് ഒരു സ്ഥാനവുമില്ല,’ അദ്ദഹം പറഞ്ഞു.

പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണത്തിനിടെ പുതിയ പാര്‍ലമെന്റ് മന്ദിരം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു.

രാവിലെ ഏഴ് മണിക്ക് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ഹോമം നടത്തുകയും പാര്‍ലമെന്റ് ലോബിയില്‍ സര്‍വമത പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച സ്വര്‍ണചെങ്കോല്‍ മോദി സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ തമിഴ്നാട്ടിലെ തഞ്ചാവൂരിലെ ശൈവമഠമായ തിരുവാടുതുറൈ അധീനത്തില്‍ നിന്നുള്ള ഹിന്ദു സന്യാസി സംഘമാണ് ചെങ്കോല്‍ കൈമാറിയത്.

ധനമന്ത്രി നിര്‍മല സീതാരാമനും ചടങ്ങിന്റെ ഭാഗമായിരുന്നു. സന്ന്യാസിമാരുടെ മന്ത്രോച്ഛാരണങ്ങളോടെയായിരുന്നു ചടങ്ങ് നടന്നത്.

content highlight: sitaram yechuri about parliament inauguaration

We use cookies to give you the best possible experience. Learn more