|

'ഈ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ തെറ്റില്ല'; ബിഹാറില്‍ മന്ത്രിസഭാ ചര്‍ച്ചക്കിടെ തേജസ്വിയെ കണ്ട് യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്ന: ബിഹാറില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കവേ നിയുക്ത ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പുതിയ സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും ബിഹാറിലെ ജനങ്ങള്‍ക്ക് അനുകൂലമായി എടുക്കുമെന്ന് സി.പി.ഐ.എമ്മിന് ഉറപ്പുണ്ടെന്ന് യെച്ചൂരി പ്രതികരിച്ചു.

‘ബിഹാറില്‍ മതേതര സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തേജസ്വി യാദവിനെ കാണാനും അഭിനന്ദിക്കാനും സാധിച്ചതില്‍ സന്തോഷമുണ്ട്. ഈ ഗവണ്‍മെന്റ് അതിന്റെ എല്ലാ തീരുമാനങ്ങളും ബിഹാറിലെ ജനങ്ങള്‍ക്ക് അനുകൂലമായി എടുക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. പ്രത്യേകിച്ച് ദരിദ്രരും ചൂഷണം ചെയ്യപ്പെടുന്നവരും നിരാലംബരും,’ എന്നാണ് സീതാറാം യെച്ചൂരി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ എഴുതിയത്. തേജസ്വി യാദവിനൊപ്പമുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും യെച്ചൂരി പങ്കുവെച്ചിട്ടുണ്ട്.

മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ ഇടത് പാര്‍ട്ടികളെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ക്ഷണിച്ചിരുന്നു. ഈ മാസം 16 നാണ് മഹാസഖ്യ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം നടക്കുക. എന്നാല്‍, 12 എം.എല്‍.എമാരുള്ള ഇടത് പാര്‍ട്ടിയായ സി.പി.ഐ.എം.എല്‍ ലിബറേഷന്‍ മന്ത്രിസഭയുടെ ഭാഗമാവില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ വ്യക്തമാക്കിയിരുന്നു.

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ നിതീഷ് കുമാറിനെ പുറത്തുനിന്ന് പിന്തുണക്കും. ഞങ്ങള്‍ മന്ത്രിസഭയുടെ ഭാഗമാവില്ല. പുറത്ത് നിന്ന് ഞങ്ങള്‍ ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നുമാണ് ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞത്.

മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണക്കാനാണ് സി.പി.ഐ.എമ്മിന്റേയും സി.പി.ഐയുടേയും തീരുമാനം. രണ്ട് പാര്‍ട്ടികള്‍ക്കും രണ്ട് വീതം എം.എല്‍.എമാരാണ് ബിഹാറിലുള്ളത്.

CONTENT HIGHLIGHTS:  Sitaram Yechura met Deputy Chief Minister-designate Thejaswi Yadav as cabinet formation talks progressed in Bihar

Latest Stories