ജനറല്‍ സെക്രട്ടറിയായി യെച്ചൂരി തുടരും; കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നു രണ്ടു പുതുമുഖങ്ങള്‍
National Politics
ജനറല്‍ സെക്രട്ടറിയായി യെച്ചൂരി തുടരും; കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നു രണ്ടു പുതുമുഖങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd April 2018, 1:28 pm

 

ഹൈദരാബാദ്: സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് രണ്ടാം തവണയാണ് യെച്ചൂരി സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. 95 അംഗ പാനല്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു.

പത്തു പുതുമഖങ്ങളാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 91 അംഗ കേന്ദ്ര കമ്മിറ്റി 95 ആയി പാര്‍ട്ടി കോണ്‍ഗ്രസ് ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് എം.വി ഗോവിന്ദന്‍മാസ്റ്ററും കെ രാധാകൃഷണനും കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 85 കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, 5 സ്ഥിരം ക്ഷണിതാക്കള്‍, 5 പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് കേന്ദ്ര കമ്മിറ്റി.

വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും. പലോളി മുഹമ്മദ് കുട്ടിയും പ്രത്യേകം ക്ഷണിതാവാണ്. കേരളത്തില്‍ നിന്നുള്ള പി.കെ ഗുരുദാസന്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവായിട്ടുണ്ട്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിലവില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ്. തൃശൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും കേരള നിയമസഭയുടെ മുന്‍ സ്പീക്കറുമാണ് കെ രാധാകൃഷ്ണന്‍.