മോദി വസ്തുതകള്‍ വളച്ചൊടിക്കുന്നു, സീതാറാം കേസരി ദളിത് ആയിരുന്നില്ല; മോദിയുടേത് കള്ള പ്രചരണമെന്ന് കോണ്‍ഗ്രസ്
national news
മോദി വസ്തുതകള്‍ വളച്ചൊടിക്കുന്നു, സീതാറാം കേസരി ദളിത് ആയിരുന്നില്ല; മോദിയുടേത് കള്ള പ്രചരണമെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th November 2018, 8:04 am

ന്യൂദല്‍ഹി: സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കുവാന്‍ വേണ്ടി കാലാവധി കഴിയുന്നതിനു മുമ്പ് “ദളിത്” നേതാവ് സീതാറാം കേസരിയെ പുറത്താക്കിയെന്ന മോദിയുടെ ആരോപണം കള്ളമെന്ന് കോണ്‍ഗ്രസ്. കേസരി ബനിയ വിഭാഗക്കാരനാണെന്നും ദളിത് അല്ലായിരുന്നെന്നും അദ്ദേഹത്തോട് കോണ്‍ഗ്രസ് ഒരിക്കലും അനീതി കാണിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി വ്യക്തമാക്കി.

“കേസരി ബീഹാറിലെ ബനിയ ഒ.ബി.സി വിഭാഗത്തില്‍ പെട്ട ആളായിരുന്നു. അദ്ദേഹം ദളിത് അല്ലായിരുന്നു. അല്ലങ്കില്‍ തന്നെ പ്രധാനമന്ത്രി എപ്പോഴാണ് സത്യത്തിന് വില കല്‍പിച്ചത്”- മനീഷ് ട്വിറ്ററില്‍ കുറിച്ചു.

“കോണ്‍ഗ്രസ് പ്രസിഡന്റ് സീതാറാം കേസരിയെ വളരെ ബഹുമാനത്തോടെയാണ് കോണ്‍ഗ്രസ് കണ്ടത്. 1996-98 കാലയളവില്‍ അദ്ദേഹത്തിന്റെ നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്ത ആള്‍ എന്ന നിലയില്‍ എനിക്കതറിയാം. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനു ശേഷവും അദ്ദേഹവുമായി ദീര്‍ഘമായ ബന്ധമുണ്ടായിരുന്നു. നിങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ് നരേന്ദ്ര മോദി”- കോണ്‍ഗ്രസ് സീതാറാമിനോട് ഒരിക്കലും അനീതി കാണിച്ചില്ലെന്ന് വ്യക്തമാക്കി മനീഷ് ട്വീറ്റ് ചെയ്തു.


ദലിത് നേതാവിനെ വലിച്ചു പുറത്തിറക്കിയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധി എത്തിയത്; രൂക്ഷ വിമര്‍ശനവുമായി നരേന്ദ്ര മോദി


“പ്രധാനമന്ത്രി എന്ന സ്ഥാനത്തിന് ഒരു ഔന്നിത്യമുണ്ട്. നരേന്ദ്ര മോദി ആ സ്ഥാനത്തിരുന്ന് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ പാടില്ലായിരുന്നു. മുമ്പും നരേന്ദ്ര മോദി വസ്തുതകളെ വളച്ചൊടിച്ചിട്ടുണ്ട്. ചത്തീസ്ഗഢിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണയാള്‍”- കോണ്‍ഗ്രസ് നേതാവ് ചന്ദന് യാദവ് പറഞ്ഞു.

മോദിയുടെ പ്രസ്താവന

“ദലിത് നേതാവ് സീതാറാം കേസരിയെ കോണ്‍ഗ്രസ് അധ്യക്ഷനായി കാലാവധി പൂര്‍ത്തിയാക്കാന്‍ പോലും സമ്മതിക്കാതെ കോണ്‍ഗ്രസ് ഓഫിസില്‍ നിന്നു വലിച്ചു പുറത്തിടുകയായിരുന്നു. പാര്‍ട്ടിയുടെ പുതിയ അധ്യക്ഷയായി സോണിയ ഗാന്ധിയെ കൊണ്ടുവരാന്‍ വേണ്ടിയായിരുന്നു ഇത്”


താജ്മഹലില്‍ പൂജ നടത്തിയെന്ന് ബജ്‌റംഗദള്‍ വനിതാ വിഭാഗം


ചത്തീസ്ഗഢിലെ തെരഞ്ഞെടുപ്പു റാലിയിലായിരുന്നു മോദി പ്രസ്താവന. 1996ല്‍ പാര്‍ട്ടി അധ്യക്ഷനായ കേസരിയെ 1998ലാണ് ആ സ്ഥാനത്തു നിന്നും മാറ്റിയത്.