കോഴിക്കോട്: സോഷ്യല്‍ മീഡിയയിലെ ബോഡി ഷെയിമിങ്ങിനെതിരെ പ്രതികരണവുമായി ഗായിക സിത്താര കൃഷ്ണ കുമാര്‍.
സിത്താര സോഷ്യയില്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ വന്ന കമന്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സിത്താര ബോഡിഷെയിമിങ്ങിനെകുറിച്ച് സംസാരിച്ചത്.
തന്റെ മേക്ക് അപ്പും വെപ്പുമുടിയും അഴിച്ചുമാറ്റിക്കൊണ്ടാണ് സിത്താര തന്റെ വീഡിയോ തുടങ്ങുന്നത്.
ചില പരിപാടിക്ക് ഒരുങ്ങി ഇറങ്ങുമ്പോഴോ, യാത്ര ചെയ്യുമ്പോഴോ ഒക്കെ കാഷ്വലായിട്ട് ഫോട്ടോകള്‍ എടുക്കാറുണ്ട്. അതൊക്കെ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളാണ്. ഒരുപാട് പേര്‍ ഇടപെടുന്ന സ്ഥലമാണെങ്കിലും അത് ഫെയ്‌സ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുക, നമ്മുടെ സുഹൃത്തുക്കളും മറ്റും കാണുക എന്നത് നമുക്ക് സന്തോഷം നല്‍കുന്ന കാര്യമാണ് എന്ന് വീഡിയോയില്‍ സിത്താര പറയുന്നു.
എന്നാല്‍ ചില വേഷങ്ങളില്‍ ഒരുങ്ങിയുള്ള ഫോട്ടോ കാണുമ്പോള്‍ എന്തൊരു ഐശ്വര്യമാണ്, എന്തൊരു മലയാളിത്തമാണ് എന്നൊക്കെ പറയാറുണ്ട്. മറ്റു ചിലപ്പോള്‍ ഇതെന്താണ് ഇങ്ങനെ ഒട്ടും വൃത്തിയില്ല എന്നും പറഞ്ഞു കേള്‍ക്കാറുണ്ട്. ഞാനിപ്പോ ഒരു ഷൂട്ട് കഴിഞ്ഞ് വന്നിരിക്കുകയാണ്. അപ്പോള്‍ ഒരു കാര്യം എല്ലാവരേയും കാണിച്ചു തരണം എന്നു തോന്നി എന്നു പറഞ്ഞുകൊണ്ടാണ് മുഖത്തെ മേക്ക് അപ്പ് സിത്താര തുടച്ചു കളയുന്നത്.
അതിന് ശേഷം ഇതാണ് താന്‍ ഇഷ്ടപ്പെടുന്ന തന്റെ രൂപവും നിറവുമെന്ന് സിത്താര പറയുന്നു.
ഒരുങ്ങിയിരിക്കുന്ന ഫോട്ടോ ഇട്ടാല്‍ പെട്ടെന്ന് നമ്മള്‍ നല്ല ഐശ്വര്യമുള്ള, മര്യാദയുള്ള ,മലയാളിത്തമുള്ള, നല്ലയാളുമൊക്കെ ആവുകയും എന്നാല്‍ നമ്മള്‍ എങ്ങനെയാണോ ജനിച്ചത്, ഏത് നിറത്തിലാണോ ജനിച്ചത്, ഏറ്റവും അടിസ്ഥാനപരമായി, സമാധാനമായിട്ട് ഇരിക്കാന്‍ നമ്മള്‍ എങ്ങനെയാണോ ആഗ്രഹിക്കുന്നത്,ഫാമിലിയുടെ കൂടെ കുഞ്ഞിന്റെ കൂടെ സാധനങ്ങളൊക്കെ വാരിക്കൂട്ടി യാത്രയൊക്കെ ചെയ്യുന്ന സമയത്ത് എങ്ങനെയാണോ ഇരിക്കുന്നത്, അങ്ങനൊരു ഫോട്ടോ ഇട്ടാല്‍ അത് വളരെ മോശവാകയും ചെയ്യുകയാണ്, അടുത്തിടെ തന്റെ ഫോട്ടോയ്ക്ക് വന്ന കമന്റുകള്‍ ചൂണ്ടിക്കാട്ടി സിത്താര പറഞ്ഞു.
”ഒരു ഫോട്ടോ, എന്റെ കുഞ്ഞൊക്കെയായി യാത്ര ചെയ്യുമ്പോഴുള്ളത്. എനിക്കേറ്റവും ഇഷ്ടമുള്ളൊരു നീല കളര്‍ കണ്ണൊക്കെ എഴുതി,
എനിക്ക് സന്തോഷം തോന്നുന്ന സമയത്ത് ക്ലിക്ക് ചെയ്‌തൊരു ഫോട്ടോ അപ്‌ലോഡ് ചെയ്തപ്പോള്‍ കണ്ട കമന്റുകള്‍ ഇങ്ങനെയായിരുന്നു.
ഇതെന്താണൊരു വൃത്തികെട്ട കോലം, ട്രാന്‍സ്‌ജെന്‍ഡറിനെ പോലെയുണ്ടല്ലോ, ട്രാന്‍സ് ജെന്‍ഡര്‍ എപ്പോഴാണ് ഒരു മോശം വാക്കായത്?. ഇതെന്താണിത് മോഷണക്കേസില്‍ പൊലീസ് പിടിച്ച ബംഗാളി സ്ത്രീയെ പോലെ ഇരിക്കുന്നത്, ബംഗാളി സ്ത്രീ എന്നത് എപ്പോഴാണ് ഒരു മോശം വാക്കായത്? റോഡ് സൈഡില്‍ ചപ്പാത്തിക്കല്ല് വില്‍ക്കുന്ന നോര്‍ത്ത് ഇന്ത്യക്കാരിയെ പോലെയുണ്ടല്ലോ, അതെപ്പോഴാണ് ഒരു മോശം സംഗതിയായത്?. കണ്ട് കഴിഞ്ഞാലൊരു 50 പൈസ ഇട്ടുതരാന്‍ തോന്നുമല്ലോ ആക്രിപെറുക്കാന്‍ നടക്കുവാണോ? ഭിക്ഷയെടുക്കുന്നത്, ആക്രി പെറുക്കുന്നത് എപ്പോഴാണ് മോശം കാര്യമായത് ?ഇതൊക്കെ ഒരോ അവസ്ഥകളാണ്.
ഏറ്റവും ആര്‍ട്ടിഫിഷ്യലായി ഇരിക്കുന്ന അവസ്ഥയെ ഗ്ലോറിഫൈ ചെയ്യുന്ന അവസ്ഥയാണുളളതെന്നും ഐശ്വര്യം എന്ന വാക്കുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും സിത്താര ചോദിക്കുന്നു.
മേക്കപ്പ് ചെയ്യുന്നത് തെറ്റാണെന്ന് അഭിപ്രായമില്ലെന്നും പരിപാടിയുടെ ആവശ്യത്തിന് അനുസരിച്ച് താനും അങ്ങനെ ചെയ്യാറുണ്ടെന്നും പറഞ്ഞ സിത്താര പരിപാടികള്‍ക്ക് വേണ്ടി സ്‌പോണ്‍സര്‍മാര്‍ നല്‍കുന്ന വിലകൂടിയ വസ്ത്രങ്ങള്‍ ധരിക്കേണ്ടി വരാറുണ്ടെന്നും പക്ഷേ, വ്യക്തിപരമായി തനിക്ക് അത്തരം വിലകൂടിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഇഷ്ടമല്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
സത്യസന്ധമായി നമ്മളെ അവതരിപ്പിക്കുമ്പോള്‍ അത് മോശമാവുകയും, നമ്മള്‍ പോലും ഇഷ്ടപ്പെടാത്ത രീതിയില്‍ , അടിസ്ഥാനമായ ഐഡിന്റിറ്റിയെ മാറ്റിവച്ച് ആളുകള്‍ മനസ്സിലാക്കിവെച്ച രൂപത്തിലേക്ക് ഒതുങ്ങി നില്‍ക്കുമ്പോള്‍ അത് ഭയങ്കര നല്ലതാവുകയും ചെയ്യുന്നത് വിരോധാഭാസമായാണ് തോന്നുന്നതെന്നും സിത്താര പറയുന്നു.
ബംഗാളി സ്ത്രീയെന്നതും ട്രാന്‍സ്‌ജെന്‍ഡറെന്നതും ഭിക്ഷയ്ക്ക് പോകുന്ന ആളെന്നും ആക്രി പെറുക്കുന്ന ആളെന്നുമൊക്കെ കളിയാക്കുന്നത് മനുഷ്യരെ കുറിച്ചാണ്. ഒരു നിമിഷം കൊണ്ട് മാറി പോകാവുന്നതാണ് നമ്മുടെ രൂപമെന്നും സിത്താര പറയുന്നു.
” ഇതെന്താ ബംഗാളിയെ പോലെയിരിക്കുന്നത്, പിച്ചക്കാരിയെ പോലെയിരിക്കുന്നത്, ആക്രിക്കാരിയെ പോലെയിരിക്കുന്നത് ഇതൊന്നും അശ്ലീങ്ങളോ മോശം വാക്കുകളോ അല്ല. ഇതൊക്കെ മനുഷ്യരാണ്,” സിത്താര പറയുന്നു.
ലോകത്ത് പല തരം മനുഷ്യരുണ്ടെന്നും ഉള്ള സമയം നമുക്ക് സന്തോഷമായി സമാധാനമായി ഇരിക്കാമെന്നും സിത്താര പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങള്‍ സ്‌നേഹത്തോടെ പരസ്പരം പറഞ്ഞാല്‍ അതല്ലേ നല്ലതെന്നും സിത്താര ചോദിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Sitara krishna kumar about Body shaming