തോറ്റാലെന്താ... ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്; നേപ്പാൾ ക്രിക്കറ്റിൽ നേട്ടത്തിലെത്തുന്ന ആദ്യ വനിത താരം
Cricket
തോറ്റാലെന്താ... ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്; നേപ്പാൾ ക്രിക്കറ്റിൽ നേട്ടത്തിലെത്തുന്ന ആദ്യ വനിത താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th February 2024, 3:47 pm

2024 എ.സി.സി വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ മലേഷ്യയ്ക്ക് തകര്‍പ്പന്‍ വിജയം. നേപ്പാളിനെ നാല് വിക്കറ്റുകള്‍ക്കാണ് മലേഷ്യ പരാജയപ്പെടുത്തിയത്.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നേപ്പാള്‍ താരം സീത റാണ മഗാര്‍. മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് സീത നടത്തിയത്. നാല് ഓവറില്‍ 27 റണ്‍സ് വിട്ടു നല്‍കിയായിരുന്നു താരം രണ്ട് വിക്കറ്റ് നേടിയത്. ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് സീത സ്വന്തമാക്കിയത്.

ടി-20 ഫോര്‍മാറ്റില്‍ നേപ്പാളിനായി 50 വിക്കറ്റുകള്‍ നേടുന്ന ആദ്യ വനിത താരമെന്ന നേട്ടമാണ് സീത സ്വന്തം പേരില്‍കുറിച്ചത്. നേപ്പാള്‍ താരം റുബീന ഛേത്രി 42 വിക്കറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തുമുണ്ട്.

നേരത്തെ മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിയത്.

മലേഷ്യയുടെ ബൗളിങ്ങില്‍ മഹിറാഹ് ഇസാലി ഇസ്‌മെയില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മലേഷ്യ 19.5 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. മലേഷ്യന്‍ ബാറ്റിങ്ങില്‍ എല്‍സ ഹന്‍ഡര്‍ 53 പന്തില്‍ പുറത്താവാതെ 69 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകള്‍ പായിച്ചുകൊണ്ടായിരുന്നു താരത്തിന്റെ മികച്ച പ്രകടനം.

നേപ്പാള്‍ ബൗളിങ് നിരയില്‍ സീത, കോബിറ്റ ജോഷി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

Content Highlight: Sita Rana Magar becomes the first woman to take 50 T20 wickets for Nepal