| Friday, 5th August 2022, 8:59 pm

Sita Ramam Review | ക്ലാസിക് പ്രണയത്തില്‍ ഒരല്‍പം ഇന്ത്യ-പാക് സ്റ്റീരിയോടൈപ്പ് | ANNA'S VIEW

അന്ന കീർത്തി ജോർജ്

ബാലസാഹിത്യകൃതികളിലെ പ്രണയകഥകളുടേതു പോലുള്ള ചിത്രമാണ് സീതാരാമം. അതിസുന്ദരരും നല്ലവരും ധീരരുമായ നായികാനായകന്മാരുള്ള ചിത്രം. ക്യാമറയും മ്യൂസികും ഡയലോഗുകളും തുടങ്ങി വസ്ത്രങ്ങളും പ്രൊഡക്ഷന്‍ ഡിസൈനും വരെ ഈ രീതിയില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. അതിനൊപ്പം ഇന്ത്യ-പാകിസ്ഥാന്‍-കശ്മീര്‍-തീവ്രവാദികള്‍ എന്ന കേട്ടുപഴകിയ പ്ലോട്ടിലൂടെ രാമന്‍-സീത കഥ കൂടി സിനിമ പറയുന്നുണ്ട്.

ക്ലാസിക് ലവ് സ്‌റ്റോറി എന്ന പ്ലോട്ടിന് പറ്റിയ അതിമനോഹരമായ വിഷ്വല്‍സും പ്രൊഡക്ഷന്‍ ഡിസൈനും ആര്‍ട്ട് വര്‍ക്കുകളും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന മ്യൂസികുമാണ് സീതാരാമത്തിന്റെ ഏറ്റവും പോസിറ്റീവായ ഘടകം. കശ്മീരിലെ മഞ്ഞും മലകളും ഹൈദരാബാദിലെ കൊട്ടാരങ്ങളുമെല്ലാം ഏറെ ഭംഗിയോടെ ഈ സിനിമയില്‍ കടന്നുവരുന്നുണ്ട്.

പി.എസ് വിനോദിന്റെയും ശ്രേയസ് കൃഷ്ണയുടെയും ക്യാമറ കാവ്യത്മകമായ വിഷ്വല്‍ ട്രീറ്റ് നല്‍കുന്നുണ്ട്. വിശാല്‍ ചന്ദ്രശേഖറിന്റെ പശ്ചാത്തലസംഗീതവും പാട്ടുകളും കൂടി ചേരുന്നതോടെ ഈ വിഷ്വല്‍സിന് കൂടുതല്‍ ഭംഗി വന്നു ചേരും. ആര്‍ട്ട് ഡയറക്ഷനും കോസ്റ്റിയൂംസ് ഡിസൈനുമെല്ലാം കൂടി ചേര്‍ന്നാണ് സിനിമയുടെ റൊമാന്റിക് ഫീല്‍ പൂര്‍ണമാക്കുന്നത്. കഥയേക്കാള്‍ സീതാരാമത്തെ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഇവയാണ്.

കൊട്ടാരങ്ങളും യോദ്ധാക്കളും കണ്ണുംപൂട്ടിയുള്ള പ്രേമവും മരംചുറ്റി പാട്ടുമെല്ലാം ചേര്‍ന്ന ഫെയറിടെയ്ല്‍ ലവ് സ്റ്റോറിയാണ് സിനിമ കാണിക്കുന്നത്. റാമിന്റെയും സീതാലക്ഷ്മിയുടെയും പ്രണയമാണ് സിനിമയുടെ ആദ്യാവസാനമുള്ള പ്രധാന പ്ലോട്ട്. കത്തുകളിലൂടെ പ്രണയം കൈമാറുന്നതും പ്രണയിതാവിനെ കാണാന്‍ ദൂരങ്ങള്‍ താണ്ടി വരുന്നതുമെല്ലാം സീതാരാമത്തില്‍ കാണാം.

ഈ അനശ്വര പ്രണയഗാഥ കഴിഞ്ഞാല്‍ പിന്നെ സിനിമയിലുള്ളത് ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്‌നങ്ങളും കശ്മീരും തീവ്രവാദികളും കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളും കശ്മീരിലെ ഇന്ത്യന്‍ പട്ടാളത്തിന്റെ ത്യാഗവുമാണ്. കണ്ടുമടുത്ത അതേ പാറ്റേണലാണ് ഇന്ത്യക്കാരെയും പാകിസ്ഥാനികളെയും ഈ സിനിമയിലും ചിത്രീകരിച്ചിരിക്കുന്നത്.

ഇന്ത്യക്കാര്‍ നല്ലവരും എത്തിക്‌സുള്ളവരും പാകിസ്ഥാനികള്‍ നേര്‍വിപരീതവുമാണെന്ന രീതിയിലാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കഥാപാത്രത്തെ ഒഴിച്ച് സിനിമയിലെ മറ്റെല്ലാ പാകിസ്ഥാനികളും ഇന്ത്യയോടും ഇവിടുത്തെ ജനങ്ങളോടും വലിയ വിദ്വേഷം വെച്ചുപുലര്‍ത്തുന്നവരാണ്. ഇന്ത്യക്കാരാകട്ടെ സ്‌നേഹത്തിലൂടെ ലോകത്തെ മാറ്റാന്‍ കഴിയുമെന്ന് പറയുന്നവരും.

അതേസമയം സിനിമയില്‍ ഏറ്റവും നല്ലവനെന്നും മനുഷ്യത്വമുള്ളവനെന്നും വിളിക്കാന്‍ കഴിയുന്ന പട്ടാളക്കാരന്‍ ഒരു പാകിസ്ഥാനിയാണ്. പക്ഷെ സിനിമയുടെ ആകെ തുകയില്‍ പാകിസ്ഥാനികള്‍ മോശക്കാരും ഇന്ത്യക്കാര്‍ നല്ലവരും എന്ന നരേറ്റീവ് തന്നെയാണ് പറഞ്ഞുവെക്കുന്നത്. പാകിസ്ഥാനികളിലും അപൂര്‍വം ചിലര്‍ നല്ലവരുണ്ടായേക്കാം എന്നാണ് ഒരു കഥാപാത്രത്തിലൂടെ പറഞ്ഞുവെച്ചതായി തോന്നിയത്. ഇനിയും ഇത്തരം ഇന്ത്യ-പാകിസ്ഥാന്‍ നരേറ്റീവുകളും, പക്കാ സ്റ്റീരിയോടൈപ്പുകളും സിനിമകളില്‍ ആവശ്യമുണ്ടോ എന്ന ചോദ്യമാണ് ഈ പ്ലോട്ട് കണ്ടപ്പോള്‍ തോന്നിയത്.

സിനിമയില്‍ കശ്മീരും ഒരു പ്രധാന വിഷയമാണ്. എങ്ങനെയാണ് തീവ്രവാദികള്‍ കശ്മീര്‍ താഴ് വരയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്, പ്രദേശവാസികള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാനും ഹിന്ദു-മുസ്‌ലിം വിദ്വേഷം വളര്‍ത്താനും ശ്രമിക്കുന്നത് എന്നെല്ലാം സിനിമയിലുണ്ട്. കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളെ കുറിച്ചും സിനിമ പറയുന്നുണ്ട്. അറുപതുകളില്‍ നടന്നതായി കാണിക്കുന്ന അത്തരം സംഭവങ്ങളെയും അതിനെ എങ്ങനെ അവതരിപ്പിച്ചിരിക്കുന്നുവെന്നതിനെയും വസ്തുതകളെയും കുറിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നേക്കാം.

അതുപോലെ തന്നെ ഇന്ത്യന്‍ പട്ടാളം കശ്മീരില്‍ ഏറ്റവും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും നാട്ടുകാര്‍ക്കുവേണ്ടി എത്രമാത്രം ത്യാഗം സഹിക്കുന്നുവെന്നും അവര്‍ക്കെതിരെ അനാവശ്യമായ കുറ്റപ്പെടുത്തലുകളാണ് ഉണ്ടാവുന്നത് എന്ന രീതിയിലുള്ള ചില സീനുകളുമുണ്ട്. ഇതും ഒരുപക്ഷെ ചര്‍ച്ചയായേക്കാം.

മൂന്നാമതായി സിനിമയില്‍ വരുന്നത് സര്‍വഗുണസമ്പന്നനായ റാമും സീതയുടെ കാത്തിരിപ്പും ചേര്‍ന്ന് അത്തരമൊരു മിത്തോളജിക്കല്‍ കണക്ഷനുമായെത്തുന്ന പ്ലോട്ടാണ്. ഇതിലെ സീതാലക്ഷ്മിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട് ട്വിസ്റ്റുകളുള്ളതുകൊണ്ട് അതേ കുറിച്ച് അധികം പറയുന്നില്ല.

ചിത്രത്തിലെ കഥാപാത്രങ്ങളിലേക്ക് വന്നാല്‍, ദുല്‍ഖറിന്റെ സ്ഥിരം പാറ്റേണിലുള്ള കഥാപാത്രമാണ് റാം. ‘ചിയര്‍ഫുള്‍ ആന്റ് ചാമിങ്ങായ’ ലഫ്റ്റനന്റ് കേണല്‍ റാം ആരാധകര്‍ക്കിടയില്‍ പോപ്പുലറാകാന്‍ സാധ്യതയുണ്ട്. റാമിന്റെ സന്തോഷവും സങ്കടവും പ്രണയവും കളിതമാശകളുമെല്ലാം ദുല്‍ഖര്‍ ഭംഗിയായി ചെയ്തിട്ടുണ്ട്.

സീതാലക്ഷ്മിയായി തന്റെ വേഷം മൃണാള്‍ താക്കുര്‍ സിനിമ ആവശ്യപ്പെടുന്ന രീതിയില്‍ നന്നായി തന്നെ ചെയ്തിട്ടുണ്ട്. അടുത്തിറങ്ങിയ സിനിമകള്‍ വെച്ചുനോക്കുമ്പോള്‍ രശ്മിക മന്ദാനക്ക് അല്‍പം കൂടി പെര്‍ഫോം ചെയ്യാനുള്ള റോളായിരുന്നു ഇതിലെ അഫ്രീന്‍. വളരെ സ്റ്റൈലിഷായ ഇന്‍ട്രോയും സിനിമയില്‍ രശ്മികയ്ക്കുണ്ട്.

ഹാനു രാഘവുപുടിയുടെ സംവിധാനവും ഹാനുവിന്റെയും രാജ് കുമാറിന്റെയും തിരക്കഥയും തുടക്കത്തില്‍ സൂചിപ്പിച്ച ഫെയറി ടെയ്ല്‍ നരേറ്റീവില്‍ തന്നെ കഥയെ നിലനിര്‍ത്തുന്നുണ്ട്. വളരെ എക്‌സൈറ്റിങ്ങും എന്‍ഗേജിങ്ങുമായിരുന്നില്ലെങ്കിലും റൊമാന്റിക് ഫീല്‍ ആദ്യാവസാനം നിലനിര്‍ത്തുന്നുണ്ട്. എവിടെയും റിയലിസ്റ്റിക് മോഡിലേക്ക് മാറാതെ തന്നെയാണ് സിനിമ നീങ്ങുന്നത്. അതുകൊണ്ട് തന്നെ ഇതൊക്കെ എങ്ങനെ നടക്കുമെന്ന ചോദ്യത്തിന് ഈ സിനിമയില്‍ പ്രസക്തിയില്ല. അതൊന്നും ആലോചിക്കാതെ സിനിമ കാണൂവെന്ന മൂഡ് ആദ്യമേ സംവിധായകന്‍ പറഞ്ഞുവെക്കുന്നുണ്ട്.

തികച്ചും വ്യക്തിപരം: കശ്മീരിലെ മഞ്ഞുനിരകള്‍ക്കടുത്തേക്കും നായികമാര്‍ ഒരു സ്വെറ്ററോ ജാക്കറ്റോ ധരിക്കാതെ സാരി മാത്രം ചുറ്റി
ഐ കാന്‍ഡി പരുവത്തില്‍ തന്നെ പോകണമെന്ന രീതിയൊക്കെ വേണമെങ്കില്‍ ഒന്ന് മാറ്റിപ്പിടിക്കാവുന്നതാണ്.

Content Highlight: Sita Ramam Review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more