സീതാ രാമത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. റാം പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായതിന് ശേഷമുള്ള ഭാഗമാണ് ഈ ഡിലീറ്റഡ് സീനില്‍ കാണാനാകുന്നത്.
1.49 മിനിട്ട് മാത്രമുള്ള വീഡിയോ സിനിമയില്‍ വളരെ ഇമോഷണലായ ഒരു രംഗമാണ് കാണിച്ചുതരുന്നത്. തെലുങ്ക് ഭാഷയിലുള്ള സീന്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യന്‍ പട്ടാളക്കാരായ റാമിനും വിഷ്ണുവിനും പാകിസ്ഥാന്‍ മേജര്‍ അബു താരിഖ് പുറത്തേക്കിറങ്ങാന്‍ അനുവാദം നല്‍കുന്നതും അവര്‍ പുറത്തിറങ്ങി ആകാശവും വെളിച്ചവുമെല്ലാം കണ്ട് ആശ്വാസവും സന്തോഷവും അനുഭവിക്കുന്നതാണ് വീഡിയോയുടെ ആദ്യ ഭാഗത്തുള്ളത്.
പിന്നീട് ഇവര്‍ പന്ത് തട്ടി കളിക്കുന്നതും കാണാം. എന്നാല്‍ ഒടുവില്‍ റാമിനെ രൂക്ഷമായി കുറ്റപ്പെടുത്തി സംസാരിച്ച്, തന്റെ കഷ്ടപ്പാടും വേദനയും പറഞ്ഞ് ദേഷ്യപ്പെടുന്ന വിഷ്ണുവിനെ കാണാം.
ഇതെല്ലാം കേട്ട് ഏറെ സങ്കടത്തോടെ നില്‍ക്കുന്ന റാമിനും അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന അബു താരിഖിലുമാണ് ഈ ഭാഗം അവസാനിക്കുന്നത്.
സീതാരാമം തിയേറ്റുറകളില്‍ 50 ദിവസം പൂര്‍ത്തിയാക്കുന്നതിന്റെ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ഈ വീഡിയോ പങ്കുവെച്ചത്. എന്തിനാണ് ഇത്രയും മനോഹരമായ രംഗം ഡിലീറ്റ് ചെയ്തതെന്നാണ് വീഡിയോക്ക് താഴെ പ്രേക്ഷകര്‍ കമന്റുകളില്‍ ചോദിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സീതാ രാമം തെലുങ്കില്‍ സൂപ്പര്‍ഹിറ്റാണ്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടികൊണ്ടാണ് ചിത്രം മുന്നോട്ടു പോകുന്നത്.
തെലുങ്കിന് പുറമെ തമിഴ്, കന്നട, മലയാളം സീതാ രാമം വിജയം കൊയ്തു. ചിത്രത്തിന്റെ ഹിന്ദി-ഡബ്ബ് പതിപ്പ് സെപ്തംബര്‍ രണ്ടിന് പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഹിന്ദിയിലും ചിത്രത്തിന് ലഭിച്ചത്. നെറ്റ്ഫ്‌ളിക്‌സ് റിലീസിലും സീതാ രാമം ഇതാവര്‍ത്തിച്ചു.
ചിത്രത്തിന് ഒരു തുടര്‍ച്ചയോ റീമേക്കോ വേണമെന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു, എന്നാല്‍ സീതാ രാമം വീണ്ടും നിര്‍മിക്കാന്‍ കഴിയില്ലെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. അപൂര്‍വമായാണ് സീതാ രാമം പോലെയൊരു ചിത്രം സംഭവിക്കുകയെന്നും അതിന് പ്രീക്വലോ സീക്വലോ നിര്‍മിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ഹനു രാഘവപുടി സംവിധാനം ചെയ്ത സീതാ രാമത്തില്‍ രശ്മിക മന്ദാന, ഗൗതം വാസുദേവ് മേനോന്‍, സുമന്ത്, പ്രകാശ് രാജ്, ഭൂമിക ചൗള തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Sita Ramam deleted Scene