Advertisement
Entertainment news
മതവികാരം വൃണപ്പെടുത്തുന്നില്ല, സീതാ രാമത്തിന് യു.എ.ഇയുടെ ക്ലീന്‍ ചിറ്റ്; റിലീസ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 09, 02:42 pm
Tuesday, 9th August 2022, 8:12 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രം സീതാ രാമം ആഗസ്റ്റ് അഞ്ചിനായിരുന്നു റിലീസ് ചെയ്തത്. ലോകമെമ്പാടും ചിത്രം റിലീസ് ചെയ്തുവെങ്കിലും മത വികാരം വൃണപ്പെടുത്തുന്നു എന്ന കാരണത്താല്‍ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി ഗള്‍ഫ് രാജ്യങ്ങളില്‍ നിഷേധിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ യു.എ.ഇയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുകയാണ്. ബുധനാഴ്ച മുതല്‍ ചിത്രം യു.എ.ഇയിലെ തിയേറ്ററുകളില്‍ കാണാന്‍ കഴിയും.

ചിത്രത്തിന്റെ ഗള്‍ഫ് റിലീസുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും എന്നാല്‍ അതെല്ലാം ക്ലിയര്‍ ചെയ്ത് ചിത്രത്തിന് അനുമതി നേടിയെടുത്തു എന്നും ദുല്‍ഖര്‍ പറഞ്ഞു. ചിത്രം സ്വീകരിച്ചതിന് ദുല്‍ഖര്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിരുന്നു. ‘എന്നെ നിങ്ങളുടെതാണെന്ന് തോന്നിപ്പിച്ചതിന് നന്ദി’ എന്നായിരുന്നു ദുല്‍ഖര്‍ പ്രേക്ഷകര്‍ക്ക് എഴുതിയ തുറന്ന കത്തില്‍ പറഞ്ഞത്.

വേള്‍ഡ് വൈഡ് റിലീസായെത്തിയ സീതാ രാമത്തിന് ബോക്സ് ഓഫീസില്‍ നിന്നും മികച്ച കളക്ഷനാണ് ലഭിക്കുന്നത്. യു.എസ് പ്രീമിയറുകളില്‍ നിന്നടക്കം 21,00,82 ഡോളര്‍ (1.67 കോടിയിലേറെ) ആണ് ആദ്യദിനം സീതാരാമം കരസ്ഥമാക്കിയത്. യു.എസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള താരം എന്ന റെക്കോര്‍ഡ് കൂടി ഇതോടെ ദുല്‍ഖര്‍ കരസ്ഥമാക്കി.

മൂന്ന് ദിവസം കൊണ്ട് സീതാ രാമം ആഗോള ബോക്സ് ഓഫീസില്‍ നിന്നും നേടിയത് 30 കോടിയാണ്. തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ഒരു മലയാളി താരത്തിന്റെ ചിത്രം ഇത്രയധികം കളക്ഷന്‍ നേടുന്നത് ഇത് ആദ്യമാണ്. ലഫ്. റാമിന്റെ പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രം കണ്ട് നിറകണ്ണുകളോടെയാണ് പല പ്രേക്ഷകരും തിയേറ്റര്‍ വിട്ടത്.

വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിങും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍: സുനില്‍ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസല്‍ അലി ഖാന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ശീതള്‍ ശര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഗീതാ ഗൗതം, പി.ആര്‍.ഒ: ആതിര ദില്‍ജിത്.

Content Highlight:  Sita Ramam clears UAE censor and all set to release