ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹനു രാഘവപ്പുടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമാ ഫിലിമാണ് സീതാരാമം.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവുമധികം പ്രേക്ഷകപ്രീതി നേടാനും സീതാരാമത്തിന് സാധിച്ചിരുന്നു. നിരവധി പുരസ്‌കാരങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ സീതാരാമത്തെ തേടി പുതിയ ഒരു നേട്ടവും എത്തിയിരിക്കുകയാണ്.
13ാമത് ദാദാ സാഹെബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള ജൂറി പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ വൈജയന്തി മൂവീസ് സമൂഹമാധ്യമങ്ങള്‍ വഴി പുരസ്‌കാരനേട്ടത്തിന്റെ വിശേഷം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.
1965ലെ ഇന്‍ഡോ-പാക് യുദ്ധത്തിന്റെ പശ്ചാത്തരത്തിലാണ് സീതാരാമം ഒരുക്കിയിരിക്കുന്നത്. ചിത്രം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി റീലീസിന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. ഈ ചിത്രം ദുല്‍ഖറിന് വേണ്ടി ഒരുക്കിയതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സ്വപ്‌ന സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിച്ചത് വൈജയന്തി മൂവീസാണ്. ദുല്‍ഖറിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമായ മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.
നേരത്തെ ദുല്‍ഖര്‍ സല്‍മാനും ദാദസാഹെബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റ് പുരസ്‌കാരം ലഭിച്ചിരുന്നു. ആര്‍. ബാല്‍കി സംവിധാനം ചെയ്ത ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖറിനെ തേടി പുരസ്‌കാരനേട്ടമെത്തിയത്.
ദുല്‍ഖറിന്റെ മൂന്നാം ബോളിവുഡ് ചിത്രമാണ് ചുപ്. സൈക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്.