| Thursday, 19th March 2020, 2:49 pm

കൊവിഡിനെ നേരിടാന്‍ നട്ടുച്ചയ്ക്ക് സൂര്യന്റെ അടിയില്‍ പോയി ഇരുന്നാല്‍ മതി; കേന്ദ്ര ആരോഗ്യസഹമന്ത്രിയുടെ 'ഉപദേശം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് 19 ജാഗ്രത തുടരുന്നതിനിടെ അശാസ്ത്രീയ ഉപദേശവുമായി കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി ചൗബേ. പൊള്ളുന്ന വെയിലത്ത് പോയി നിന്നാല്‍ കൊവിഡ് 19 പോലുള്ള വൈറസ് ബാധയില്‍ നിന്ന് രക്ഷനേടാമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

’11 മണിയ്ക്കും 12 മണിയ്ക്കും ഇടയില്‍ സൂര്യന്‍ നല്ല ചൂടിലായിരിക്കും. അപ്പോള്‍ നമ്മള്‍ പുറത്തിറങ്ങി ഇരുന്നാല്‍ നമ്മുടെ ശരീരത്തിലെ വിറ്റാമിന്‍ ഡി കൂടും. ഇത് വഴി രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് നമുക്ക് കൊറോണ വൈറസിനെ കൊല്ലാം’, അശ്വിനി ചൗബേ എ.എന്‍.ഐയോട് പറഞ്ഞു.

രാജ്യത്ത് ഇതിനോടകം കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 160 ലേറെയായിരിക്കെയാണ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യസഹമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. സൂര്യവെളിച്ചത്തില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ടെങ്കിലും ഇത് കൊവിഡ് 19 നെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആള്‍ക്കൂട്ടം ഒഴിവാക്കിയും വ്യക്തിശുചിത്വം പാലിച്ചും ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ തുടര്‍ച്ചയായി നിര്‍ദ്ദേശങ്ങള്‍ പുറത്തുവിടുന്നുണ്ട്. മാത്രമല്ല തിങ്കളാഴ്ച അശ്വിനി ചൗബേ കൂടി അംഗമായ ആരോഗ്യമന്ത്രാലയം കൊവിഡ് 19 മുന്‍കരുതലുകള്‍ക്കായി മൂന്ന് പേജുള്ള ലഘുലേഖ പുറത്തിറക്കിയിരുന്നു.

ഇതിലൊന്നും അശ്വിനി ചൗബേ പറഞ്ഞതുപോലുള്ള വിറ്റാമിന്‍ ഡി, സൂര്യവെൡച്ചം ‘മാര്‍ഗങ്ങള്‍’ കൊവിഡ് 19 നെ പ്രതിരോധിക്കുമെന്ന് പറഞ്ഞിട്ടില്ല. ക്യാന്‍സറിന് ഗോമൂത്രം നല്‍കിയാല്‍ സുഖപ്പെടുമെന്ന് നേരത്തെ അശ്വിനി ചൗബേ പറഞ്ഞിരുന്നു.

ഗോമൂത്രം കൊവിഡിനെ തടയുമെന്ന് പറഞ്ഞ് ചില സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more