| Friday, 22nd October 2021, 8:20 pm

ലഖിംപൂര്‍ ഖേരി കൂട്ടക്കൊല; അന്വേഷണ സംഘത്തലവനെ സ്ഥലം മാറ്റി യു.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. പ്രത്യേക അന്വേഷണ സംഘ തലവന്‍ ഡി.ഐ.ജി ഉപേന്ദ്ര കുമാര്‍ അഗര്‍വാളിനെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലംമാറ്റിയത്.

അതേസമയം കേസന്വേഷണത്തിന്റെ ചുമതല ഉപേന്ദ്ര കുമാറിന് തന്നെയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.

2005 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഉപേന്ദ്ര കുമാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിയായ കേസാണ് ലഖിംപൂര്‍ ഖേരിയിലേത്.

ആശിഷ് മിശ്രയുടെ പൊലീസ് കസ്റ്റഡി രണ്ട് ദിവസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആശിഷ് മിശ്രയുടെ കസ്റ്റഡി നീട്ടുന്നത്.

ആശിഷ് മിശ്രക്ക് പുറമേ കേസില്‍ അറസ്റ്റിലായ അങ്കിത് ദാസ്, ശേഖര്‍ ബദ്രി, ലതിഫ് എന്നിവരേയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

സംഭവം നടക്കുമ്പോള്‍ വണ്ടിയിലുണ്ടായിരുന്ന ബി.ജെ.പി നേതാവ് ഉള്‍പ്പെടെ നാല് പേരെ കൂടി യു.പി പൊലീസ് അറസ്റ്റ് കഴിഞ്ഞ ദിവസം ചെയ്തിരുന്നു. പ്രതികളായ സുമിത് ജയ്സ്വാള്‍, ശിശുപാല്‍, നന്ദന്‍ സിംഗ് ബിഷ്ത്, സത്യ പ്രകാശ് ത്രിപാഠി എന്നിവരെ ലഖിംപുര്‍ ഖേരി പൊലീസും ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘവും സംയുക്തമായാണ് അറസ്റ്റ് ചെയ്തത്.

സത്യപ്രകാശ് ത്രിപാഠിയില്‍ നിന്ന് ലൈസന്‍സുള്ള റിവോള്‍വറും മൂന്ന് വെടിയുണ്ടകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞിരുന്നു.

ഒക്ടോബര്‍ 3-നാണ് നാല് കര്‍ഷകരുടെയും ഒരു പത്രപ്രവര്‍ത്തകന്റെയും ദേഹത്തേക്ക് വാഹനവ്യുഹം പാഞ്ഞുകയറുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് ഒക്ടോബര്‍ 9നാണ് അറസ്റ്റിലാകുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: SIT chief probing Lakhimpur Kheri violence transferred, will continue to head probe

We use cookies to give you the best possible experience. Learn more