| Friday, 12th February 2021, 4:46 pm

അവള്‍ക്ക് ആവശ്യം യഥാര്‍ത്ഥ നീതി; സല്‍മാന്‍ രാജകുമാരനെതിരെ നിലപാട് കടുപ്പിച്ച് ലൗജെയിന്റെ സഹോദരിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: കഴിഞ്ഞ ദിവസം ജയില്‍മോചിതയായ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീപക്ഷവാദിയുമായ ലൗജെയിന്‍ അല്‍ ഹധ്ലൂലിന് യഥാര്‍ത്ഥ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സഹോദരികള്‍. അഞ്ച് വര്‍ഷത്തേക്ക് സൗദി വിട്ടുപോകുന്നതിന് ലൗജെയിന് വിലക്കുണ്ട്. ഇതിനെതിരെയാണ് ഇപ്പോള്‍ സഹോദരികള്‍ രംഗത്തെത്തിയിരിക്കുന്നത്.

‘ഞങ്ങള്‍ക്ക് യഥാര്‍ത്ഥ നീതി ലഭിച്ചേ തീരു. ലൗജെയ്ന്‍ പരിപൂര്‍ണ്ണമായും യാതൊരു ഉപാധികളുമില്ലാതെ സ്വതന്ത്രയാകണം. സഞ്ചാര വിലക്ക് നീക്കാനായി ഞങ്ങള്‍ പോരാടും. മാതാപിതാക്കള്‍ക്കും രാജ്യം വിട്ടുപോകുന്നതിന് വിലക്കുണ്ട്,’ ലൗജെയ്‌ന്റെ സഹോദരി ലിന അല്‍ ഹത്‌ലൂല്‍ പറഞ്ഞു. വ്യാഴാഴ്ച നടന്ന ഒരു ഓണ്‍ലൈന്‍ മാധ്യമ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ലിന.

സൗദിയിലെ പുരുഷാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനും വനിതകള്‍ക്ക് വാഹനമോടിക്കാനുളള അനുവാദം നേടിയെടുക്കുന്നതിനുമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ദേശീയ സുരക്ഷയുടെ കാരണങ്ങള്‍ പറഞ്ഞ് ലൗജെയിനെ തടവിലാക്കുന്നത്. മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ലൗജെയിന്‍ പുറത്തിറങ്ങുന്നത്.


വര്‍ഷങ്ങള്‍ക്ക് ശേഷം ലൗജെയ്ന്‍ വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കളെന്ന് സഹോദരിയായ ആലിയ പറഞ്ഞു. വീട്ടിലെത്തി എല്ലാവരോടും സംസാരിച്ച ശേഷം ലൗജെയിന്‍ ഏറ്റവും ആദ്യം ചെയ്ത കാര്യം, സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി ഐസ്‌ക്രീം വാങ്ങി കഴിക്കുകയായിരുന്നെന്നും ആലിയ കൂട്ടിച്ചേര്‍ത്തു.

ലൗജെയ്ന്‍ വളരെ ശക്തയാണെന്നും ഇപ്പോഴും പോസിറ്റീവായി നീങ്ങാന്‍ സാധിക്കുന്നതില്‍ അവളെ കുറിച്ചോര്‍ത്ത് ഏറെ അഭിമാനമുണ്ടെന്നും ആലിയ പറഞ്ഞു. വളരെ ദുസ്സഹമായ കാര്യങ്ങളാണ് നടന്നും എന്നത് ശരിയാണ് എന്നാലും ജീവിതം തുടരുന്നു എന്നതാണ് സഹോദരിയുടെ മനോഭാവമെന്നും ആലിയ പറഞ്ഞു. കഴിഞ്ഞ ദിവസം ലൗജെയ്‌നൊപ്പമുള്ള ചിത്രം ലിന ട്വീറ്റ് ചെയ്തിരുന്നു.

ലൗജെയിന്‍ തന്റെ മാതാപിതാക്കളോടൊപ്പം വീട്ടിലാണ് ഉള്ളത്. കടുത്ത നിയന്ത്രണങ്ങളോടെയാണ് ലൗജെയിനെ വിട്ടയച്ചിരിക്കുന്നത്. അവര്‍ ഇപ്പോഴും സ്വതന്ത്രയല്ലെന്നും ലിന നേരത്തെ പ്രതികരിച്ചിരുന്നു. പോരാട്ടം അവസാനിച്ചിട്ടില്ല. എല്ലാ രാഷ്ട്രീയതടവുകാരെയും വിട്ടയക്കുന്നത് വരെ താന്‍ സംതൃപ്തയല്ലെന്നും ലിന കൂട്ടിച്ചേര്‍ത്തു.

മാറ്റത്തിന് വേണ്ടി പ്രക്ഷോഭം നടത്തി, വിദേശ അജണ്ടകള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിച്ചു, ഇന്റര്‍നെറ്റ് ഉപയോഗിച്ച് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ലൗജെയിനിന് അഞ്ചു വര്‍ഷവും എട്ട് മാസവും തടവുശിക്ഷ സൗദി തീവ്രവാദ കോടതി വിധിച്ചിരുന്നു. വിധി വന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ലൗജെയിനെ വിട്ടയക്കാന്‍ തീരുമാനമുണ്ടാകുന്നത്.

റിയാദുമായുള്ള ബന്ധം വീണ്ടും വിലയിരുത്തുമെന്നും രാജ്യവുമായുള്ള ഇടപാടുകളില്‍ മനുഷ്യാവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ബൈഡന്‍ പറഞ്ഞതിന് പിന്നാലെയാണ് ലൗജെയിന്‍ പുറത്തിറങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നത്.

ബൈഡന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ അന്തരാഷ്ട്ര തലത്തില്‍ വന്ന മാറ്റങ്ങളാണ് ലൗജെയിനിനെ പെട്ടെന്ന് വിട്ടയക്കാന്‍ സൗദി തീരുമാനിച്ചതിന് പിന്നിലെന്ന നിരീക്ഷണങ്ങളും പുറത്തു വരുന്നുണ്ട്. ഇതിനോടകം തന്നെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ലൗജെയിന്‍ രണ്ടര വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചു കഴിഞ്ഞുവെന്നും അഞ്ച് വര്‍ഷവും എട്ട് മാസവും കൂടി അവര്‍ക്ക് ശിക്ഷ വിധിക്കുന്ന നടപടി ശരിയല്ലെന്നും ഐക്യരാഷ്ട്ര സഭ സൗദി തീവ്രവാദ കോടതിയുടെ വിധി വന്നതിന് പിന്നാലെ പ്രതികരിച്ചിരുന്നു.

ദേശീയ സുരക്ഷയുടെ കാരണങ്ങള്‍ പറഞ്ഞ് 2018 മെയിലാണ് ലൗജെയിനെ തടവിലാക്കുന്നത്. തുടര്‍ന്ന് ലൗജെയിന്‍ അല്‍ ഹധ്ലൂലിന്റെ വിചാരണ തീവ്രവാദ കോടതിയിലേക്ക് മാറ്റുകയായിരുന്നു. വിദേശസംഘടനകളുമായി ചേര്‍ന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ലൗജെയിന്‍ ഉള്‍പ്പെടെ 12 ആക്ടിവിസ്റ്റുകള്‍ക്കെതിരെ കേസെടുത്തിരുന്നു.

സൗദിയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കിയ സല്‍മാന്‍ രാജകുമാരന്റെ ഉത്തരവ് പുറത്തുവരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് ലൗജെയിനിനെയും മറ്റ് ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തത്.

സര്‍ക്കാര്‍ വിമര്‍ശകരെയും സ്ത്രീകളെയും തടവിലാക്കിയ സൗദിയുടെ നടപടിയ്ക്കെതിരെ ആഗോളതലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ജി 20 ഉച്ചകോടിയിലും വിഷയം ചര്‍ച്ചയായിരുന്നു.

അറസ്റ്റിനുശേഷം ലൗജെയിനിന് കടുത്ത പീഡനങ്ങളാണ് നേരിടേണ്ടിവന്നതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ചാട്ടവാറടി, ഇലക്ട്രിക് ഷോക്ക്, ലൈംഗിക പീഡനം എന്നിവ അവര്‍ക്ക് നേരിടേണ്ടി വന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

പീഡനവിവരങ്ങള്‍ പുറത്ത് പറയാതിരുന്നാല്‍ മോചിപ്പിക്കാമെന്നും ജയില്‍ അധികൃതര്‍ ലൗജെയിനിനോട് പറഞ്ഞതായി കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ സൗദി അധികൃതര്‍ നിഷേധിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight:  Sisters of freed Saudi activist Loujain demand ‘real justice’ demand lifting travel ban

We use cookies to give you the best possible experience. Learn more