| Tuesday, 22nd December 2020, 11:37 am

കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് സെഫി, ഭാവവ്യത്യാസമില്ലാതെ ഫാ. തോമസ് കോട്ടൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അഭയ കേസ് വിധി പറഞ്ഞതിന് പിന്നാലെ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് കേസിലെ പ്രതിയായ സിസ്റ്റര്‍ സെഫി. അതേസമയം കോടതി വിധി കേട്ട ശേഷവും ഫാ.തോമസ് കോട്ടൂരിന് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല.

ഇരുവരും കുറ്റക്കാരാണെന്ന് കോടതി പറഞ്ഞതിന് പിന്നാലെയായിരുന്നു കോടതി മുറിയില്‍ സി. സെഫി പൊട്ടിക്കരഞ്ഞത്.

നീതി പൂര്‍വമായ അന്വേഷണം നടന്നെന്നായിരുന്നു കേസ് ആദ്യം അന്വേഷിച്ച ഫ. വര്‍ഗീസ് പി. തോമസ് പറഞ്ഞത്. സത്യത്തിന്റെ വിജയമാണ് ഇതെന്നും വിധി കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിധിയില്‍ സന്തോഷമുണ്ടായിരുന്നു സി.ബി.ഐ സ്‌പെഷ്യല്‍ മുന്‍ ഡയരക്ടര്‍ എം.എല്‍ ശര്‍മ്മ പ്രതികരിച്ചത്.

സെഫിക്കെതിരെ കൊലക്കുറ്റം തെളിവുനശിപ്പിക്കല്‍ എന്നിവ തെളിഞ്ഞതായി കോടതി പറഞ്ഞു. കോട്ടൂരിനെതിരെ അതിക്രമിച്ചുകടക്കല്‍, ഗൂഢാലോചന കൊലക്കുറ്റം എന്നീ വകുപ്പുകളും തെളിഞ്ഞിരുന്നു.

അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നുമായിരുന്നു കോടതിയുടെ വിധി തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി സുപ്രധാന വിധി പറഞ്ഞത്.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെറ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും തുടക്കത്തില്‍ ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് സി.ബി.ഐ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെൡയുന്നത്.

പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.
അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പ്രതികളെ കോണ്‍വെന്റിന്റെ കോമ്പൗണ്ടില്‍ കണ്ടുവെന്നുള്ള മൂന്നാം സാക്ഷി രാജുവിന്റെ മൊഴിയും നിര്‍ണായകമായിരുന്നു.

പ്രോസിക്യൂഷന്‍ വിസ്തരിച്ച 49 സാക്ഷികളില്‍ 8 പേര്‍ കൂറുമാറിയിരുന്നു. ഈ മാസം 10നാണ് വിചാരണ നടപടികള്‍ അവസാനിച്ചത്. കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sister Sefi burst into tears in the courtroom

We use cookies to give you the best possible experience. Learn more