തിരുവനന്തപുരം: തിരുവനന്തപുരം പൂങ്കുളത്തെ ഹോളി സ്പിരിച്ച്വല്‍ കോണ്‍വെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സിയുടെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്ന് ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യങ്ങളുണ്ടെന്നും സിസ്റ്റര്‍ മേരി ആന്‍സിയുടെ സഹോദരീഭര്‍ത്താവ് ജോസ് പറഞ്ഞു.
സിസ്റ്റര്‍ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതുന്നില്ല. പോലീസിന്റെ അന്വേഷണം തൃപ്തികരമല്ല. മൊഴികള്‍ പരസ്പരവിരുദ്ധമാണ്. ഇത്രയായിട്ടും സിസ്റ്ററുടെ മുറി തുറന്നുകാണാന്‍ അനുവദിക്കുകയോ ഫോണിലെ വിവരങ്ങള്‍ തങ്ങള്‍ക്ക് നല്‍കുകയോ ചെയ്തിട്ടില്ല. പൂങ്കുളം ഫാത്തിമ മാതാ ചര്‍ച്ചിലെ ഒരു വൈദികനുമായി സിസ്റ്റര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
ഇതേപ്പറ്റിയൊന്നും പോലീസ് അന്വേഷിച്ചില്ല. ഈ സാഹചര്യത്തില്‍ പോലീസ് അന്വേഷണം എങ്ങുമെത്തുന്നില്ലെന്ന് തോന്നിയതിനാലാണ് സി.ബി.ഐ. അന്വേഷണം വേണമെന്ന് ആവശ്യമുന്നയിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരീ ഭര്‍ത്താവിനെ കൂടാതെ സിസ്റ്റര്‍ മേരി ആന്‍സിയുടെ അച്ഛന്‍ മാത്യു ഫിലിപ്പ്, സഹോദരന്‍ ജോസ്‌മോന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സിസ്റ്റര്‍ ആന്‍സിയുടെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് നേരത്തെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി കെ.കെ.ഷൈലജ ടീച്ചര്‍ പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് ഇടപെടല്‍ ഉള്ളതായി സംശയിക്കുന്നുവെന്നും ഷൈലജ ടീച്ചര്‍ ആരോപിച്ചിരുന്നു. സിസ്റ്റര്‍ ആന്‍സിയുടെ മരണം പ്രഥമദൃഷ്ട്യാ സംശയം തോന്നിക്കുന്നതാണെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ ഇ.കെ. ഗംഗാധരനും പറഞ്ഞിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 17നാണ് തിരുവന്തപുരം പൂങ്കുളത്തെ ഹോളി സ്പിരിച്വല്‍ കോണ്‍വെന്റെില്‍ താമസിക്കുന്ന സിസി്റ്റര്‍ മേരി ആന്‍സിയുടെ മൃതദേഹം കോണ്‍വെന്റിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത്. വാട്ടര്‍ ടാങ്കിന്റെ സ്ലാബ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പോലീസിന്റെ പ്രാദമിക നിഗമനം. എന്നാല്‍ പിന്നീട് സിസ്റ്റര്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പോലീസ് നിലപാട്.