| Friday, 14th January 2022, 12:17 pm

ഏതെങ്കിലും തരത്തില്‍ സ്വാധീനം ഉപയോഗിച്ചിട്ടാണോ ഈ വിധി നേടിയെടുത്തത് എന്ന് സംശയമുണ്ട്: സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ പ്രതികരിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍.

കോടതി വിധിയില്‍ ഖേദം രേഖപ്പെടുത്തുന്നെന്നും കേരളത്തില്‍ ആളുകള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമാണ് ഈവിധിയിലൂടെ ഭീഷണിയിലായിരിക്കുന്നതെന്നും ലൂസി കളപ്പുരക്കല്‍ പറഞ്ഞു.

മറ്റ് രാജ്യങ്ങളില്‍ ഇത്തരം കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം ഇവര്‍ രക്ഷപ്പെടുന്നതെന്നും ഏതെങ്കിലും തരത്തില്‍ സ്വാധീനം ഉപയോഗിച്ചിട്ടാണോ ഇത്തരത്തിലുള്ള ഒരു വിധിയിലേക്കെത്തിയത് എന്നത് സംശയാസ്പദമാണെന്നും ലൂസി കളപ്പുരക്കല്‍ കൂട്ടിച്ചേര്‍ത്തു.

”കുറ്റക്കാരന്‍ എന്ന് നമ്മള്‍ സാഹചര്യങ്ങള്‍ കൊണ്ടും തെളിവുകള്‍ കൊണ്ടും വിശ്വസിച്ചിരുന്ന വ്യക്തിയെ ഒറ്റവരി കൊണ്ട് കോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ചിരിക്കുകയാണ്.

നീതിക്ക് വേണ്ടി പൊരുതിയ സിസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്നുനിന്ന്, അവരെ സ്‌നേഹിക്കുകയും സത്യത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന നീതിബോധമുള്ള നമ്മുടെ രാജ്യത്തെ മുഴുവന്‍ ആളുകളോടും ചേര്‍ന്ന് നിന്നുകൊണ്ട് ഞാന്‍ ഈ വിധിയില്‍ ഖേദം പ്രകടിപ്പിക്കുകയാണ്.

നമുക്കൊക്കെ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഈയൊരു വിധിയിലൂടെ കൂടുതല്‍ ഭീഷണിയിലാവുകയാണ്. പള്ളിയില്‍ പോകുന്ന സ്ത്രീകളും കന്യാസ്ത്രീകളും കുട്ടികളുമടക്കം ലൈംഗിക ചൂഷണത്തിന് ഇരയാവുന്ന ധാരാളം കഥകള്‍ മാര്‍പ്പാപ്പ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റ് രാജ്യങ്ങളില്‍ അവരെല്ലാം കുറ്റക്കാരായി ശിക്ഷിക്കപ്പെടുന്നുണ്ട്. പിന്നെ എന്തുകൊണ്ട് നമ്മുടെ കേരളത്തില്‍ മാത്രം ഇവര്‍ രക്ഷപ്പെടുന്നത്.

ഏത് സ്വാധീനം ഉപയോഗിച്ചിട്ടാണ്, അലൗകികമായി ഏതെങ്കിലും സ്വാധിനം ഉപയോഗിച്ചിട്ടാണോ, അതോ ലൗകികമായ ഏതെങ്കിലും സ്വാധീനം ഉപയോഗിച്ചിട്ടാണോ ഇത്തരത്തിലുള്ള ഒരു വിധിയിലേക്കെത്തുന്നത് എന്നുള്ളത് വളരെ സംശയാസ്പദവും ഖേദകരവുമാണ്,” സിസറ്റര്‍ ലൂസി കളപ്പുരക്കല്‍ പ്രതികരിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sister Lucy Kalappurakkal reaction on Court declaring Bishop Franco Mulakkal as innocent

We use cookies to give you the best possible experience. Learn more