സന്ന്യാസ സഭയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണിക്കുമുന്നിലും നിലപാടിലുറച്ച് നില്‍ക്കുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ന്യായത്തിനൊപ്പമാണ് നില്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വെളിച്ചമില്ലാത്ത മനസ്സുകളില്‍ നിന്ന് വരുന്നവയാണെന്നും സിസ്റ്റര്‍ പറയുന്നു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് സഭയില്‍ നിന്നോ സന്ന്യാ സസമൂഹത്തില്‍ നിന്നോ ആരുടേയും പിന്തുണയില്ലെങ്കിലും മുന്നോട്ടുപോകാനാണ് തീരുമാനമെന്നും സിസ്റ്റര്‍ അറിയിക്കുന്നു.
ലൈംഗികപീഡനക്കേസില്‍ നീതിയാവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കുകയും വേറിട്ട നിലപാടുകള്‍ കൊണ്ട് കത്തോലിക്കാസഭയെ ചൊടിപ്പിക്കുകയും ചെയ്ത സിസ്റ്റര്‍ ലൂസിയ്ക്ക് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസസഭ (എഫ്.സി.സി.) കഴിഞ്ഞദിവസമാണ് താക്കീത് നല്‍കിയത്. കാനോനിക്കല്‍ നിയമപ്രകാരം സന്ന്യാസസമൂഹത്തില്‍ നിന്ന് പുറത്താക്കുന്നതിന് മുന്നോടിയായുള്ള ആദ്യതാക്കീതാണ് എന്നാണ് സുപ്പീരിയര്‍ ജനറലിന്റെ കത്തില്‍ പറയുന്നത്. ഇന്ന് (9 ജനുവരി 2018) സുപ്പീരിയര്‍ ജനറലിനെ നേരിട്ട് കണ്ട് വിശദീകരണം നല്‍കണം എന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ സന്ന്യാസസമൂഹം ഉന്നയിച്ച ആരോപണങ്ങള്‍ ഇവയാണ്: അനുവാദം നല്‍കാതിരുന്നിട്ടും കവിതാസമാഹാരം പുസ്തകരൂപത്തില്‍ ഇറക്കി. ഡ്രൈവിംഗ് പഠിക്കാനോ ലൈസന്‍സ് എടുക്കാനോ വണ്ടി മേടിക്കാനോ അതിനായി ലോണ്‍ എടുക്കാനോ അനുവാദമില്ലാതിരുന്നിട്ടും സിസ്റ്റര്‍ അവയൊക്കെ ചെയ്തു. ദാരിദ്ര്യവാഗ്ദാനം ലംഘിച്ച്, കഴിഞ്ഞ ഒരു വര്‍ഷത്തെ ശമ്പളം സഭയ്ക്ക് കൈമാറിയില്ല. കന്യാസ്ത്രീകളുടെ സമരത്തിന് പോയി, സഭയ്‌ക്കെതിരെ കുത്സിതപ്രവര്‍ത്തനം നടത്തുന്നവര്‍ക്കൊപ്പം കൂടി. ക്രൈസ്തവേതര മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി. എഫ്.സി.സി.യെ അപമാനിക്കുന്നതരത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ സംസാരിച്ചു. ഫേസ്ബുക്കിലെ പ്രകടനങ്ങളിലൂടെ അതിഗൌരവകരമായ തരത്തില്‍ സഭയെ അപകീര്‍ത്തിപ്പെടുത്തി. ഈ ആരോപണങ്ങളുടേയും അതിനേത്തുടര്‍ന്നുള്ള താക്കീതിന്റെയും പശ്ചാത്തലത്തിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സംസാരിക്കുന്നത്.
സഭയ്ക്ക് നാണക്കേടുണ്ടാക്കിയ സിസ്റ്റര്‍ തെറ്റുകള്‍ തിരിച്ചറിഞ്ഞ് സന്ന്യസ്തസമൂഹത്തോട് ചേര്‍ന്ന് മാതൃകാപരമായ ജീവിതം നയിക്കണം എന്നാവശ്യപ്പെട്ടാണ് താക്കീത് നല്‍കിയിരിക്കുന്നത്. സിസ്റ്ററുടെ നിലപാട് എന്താണ്?
ഇന്ന് വിശദീകരണം കൊടുക്കാനായി അവിടെ പോകുന്നില്ല. ഇതറിയിച്ച് അധികൃതര്‍ക്ക് മെയില്‍ അയച്ചിട്ടുണ്ട്. എന്റെ ഭാഗത്ത് നിന്ന് തെറ്റുകളുണ്ടായെന്നും അതിനൊന്നും വേണ്ടവിധം വിശദീകരണം നല്‍കിയില്ലെന്നുമാണ് ഈ താക്കീതില്‍ പറയുന്നത്. അത് ശരിയല്ല. പ്രൊവിന്‍ഷ്യല്‍ ഓഫീസില്‍ നിന്ന് വന്ന കത്തുകള്‍ക്ക് കൃത്യമായി മറുപടി നല്‍കിയിരുന്നു. കാണാന്‍ ചെല്ലാന്‍ ആവശ്യപ്പെട്ട ഫോണ്‍കോളുകള്‍ക്കും മറുപടി നല്‍കി. നിരന്തരം എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതിനെക്കുറിച്ചറിയാന്‍ ഞാന്‍ അയച്ച കത്തുകള്‍ക്കൊന്നും അവര്‍ വിശദീകരണം നല്‍കിയിട്ടുമില്ല.
അധികൃതരുടെ അനുമതിയില്ലാതെ ചെയ്ത കാര്യങ്ങളുടെ ഒരു നീണ്ട പട്ടികയാണ്സിസ്റ്റര്‍ക്കെതിരെ അവര്‍ മുന്നോട്ടുവയ്ക്കുന്നത്.
വണ്ടി വാങ്ങുന്ന കാര്യത്തിലും കവിതാസമാഹാരം പുറത്തിറക്കുന്ന കാര്യത്തിലുമെല്ലാം ഞാനെന്റെ നിലപാടും കാഴ്ചപ്പാടും അവരുടെ മുന്നില്‍ കൃത്യമായി അവതരിപ്പിച്ചിരുന്നു. അല്ലാതെ എടുത്തു ചാടിയൊന്നുമല്ല അതൊന്നും ചെയ്തത്. പുസ്തകമിറക്കാനും വാഹനം മേടിക്കാനും അനുമതിക്കായി വര്‍ഷങ്ങള്‍ കാത്തിരുന്നു. അപ്പോഴൊക്കെ അതൊന്നും ചെയ്യണ്ട എന്ന് തന്നെയായിരുന്നു അവരുടെ നിലപാട്. ഞാനൊരു സുപ്രഭാതത്തില്‍ ചാടിക്കയറി തോന്ന്യാസം ചെയ്തതൊന്നുമല്ല. പ്രകൃതിയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമൊക്കെ പറയുന്ന കവിതകളാണ് “സ്‌നേഹവഴിയില്‍” എന്ന പുസ്തകത്തില്‍. അതിനോടൊക്കെ അവര്‍ ദേഷ്യം കാട്ടിയിട്ടെന്താണ്?
സഭാനിയമങ്ങള്‍ക്കും അധികാരശ്രേണിക്കും വിരുദ്ധമായ കാര്യങ്ങളാണെന്ന് പറഞ്ഞാണ് അവര്‍ നടപടിക്ക് മുതിരുന്നത്.
വെറുതെ വെളിച്ചമില്ലാത്ത വര്‍ത്തമാനങ്ങള്‍ പറഞ്ഞാണ് ഞാന്‍ ചെയ്തതിനെല്ലാം അവര്‍ തടസ്സം പറഞ്ഞത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ എന്റെ ശമ്പളം സഭയ്ക്ക് കൈമാറിയിട്ടില്ല. കാരണം ഞാന്‍ ചെയ്തുകൊണ്ടിരുന്ന പലകാര്യങ്ങള്‍ക്കും പണം വേണമായിരുന്നു. ലോണെടുത്തും മറ്റുമാണ് അവയൊക്കെ ചെയ്തുപൂര്‍ത്തിയാക്കിയത്. ഇനിയും കടം വീട്ടിതീര്‍ന്നിട്ടില്ല. അതുകാരണമാണ് സഭയ്ക്ക് ശമ്പളം കൈമാറുന്നതില്‍ വീഴ്ച വരുത്തിയത്. പക്ഷെ അതിന് മുന്‍പ് എത്രയോ വര്‍ഷത്തെ ശമ്പളം കൊടുത്തിട്ടുണ്ട്. അതൊക്കെ മറന്നിട്ട് നിലവിലെ സാഹചര്യം മനസ്സിലാക്കാതെയാണ് അവര്‍ ആരോപണം ഉന്നയിക്കുന്നത്.
ഞാന്‍ വണ്ടി എടുത്തിട്ടുണ്ട്, അത് സഭയുടെ വണ്ടിയാണ്. വണ്ടിയെടുത്തത് എനിക്ക് ചുറ്റിക്കറങ്ങാനായിരുന്നില്ല. എന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും സാമൂഹ്യപ്രതിബദ്ധതോടെയായിരുന്നു. വാഹനം കൊണ്ടും കുറേ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. മറ്റുള്ളവര്‍ക്ക് ഉപകാരമാകുന്ന പലകാര്യങ്ങളും നമ്മള്‍ ചെയ്യുമ്പോള്‍ ഒരു വണ്ടിയുണ്ടെങ്കില്‍ കൂടുതല്‍ സഹായകരമാകുമെന്ന് തോന്നി. മഠത്തിന്റെ പോര്‍ട്ടിക്കോയില്‍ കിടക്കുന്ന വണ്ടി എന്റേതല്ല, സഭയുടേതാണ്. മഠത്തിന്റെ മുതലാണത്. അവര്‍ക്കത് മനസ്സിലാക്കാന്‍ പറ്റാത്തത് എന്റെ കുഴപ്പമല്ല. ആരുടെയെങ്കിലും പേരിലല്ലാതെ വണ്ടിയെടുക്കാനാവില്ലല്ലോ. അതുകൊണ്ട് കുറ്റപ്പെടുത്താന്‍ വേണ്ടിയുള്ള കുറ്റപ്പെടുത്തലായാണ് എനിക്ക് തോന്നുന്നത്. വേറെ വലിയ ആരോപണങ്ങള്‍ ഒന്നും ഉന്നയിക്കാനില്ലാത്തതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ പിടിച്ചങ്ങ് പറഞ്ഞുകൊണ്ടിരിക്കുകയാണ്.
നിലപാടിലുറച്ച് നില്‍ക്കുമ്പോള്‍ സിസ്റ്റര്‍ ഒറ്റയ്ക്കാണോ ? സഭയ്ക്കകത്ത് നിന്നും പുറത്തുനിന്നും ഏതെങ്കിലും തരത്തില്‍ പിന്തുണ കിട്ടുന്നുണ്ടോ?
ആരും സപ്പോര്‍ട്ട് ചെയ്യുന്നില്ല. എന്റെ സന്ന്യാസസഭയില്‍ നിന്നും മറ്റ് വൈദീകരുടെ അടുത്തുനിന്നും ഒരു പിന്തുണയും ആരും വാഗ്ദാനം ചെയ്തിട്ടില്ല. അല്ലാത്തവരില്‍ നിന്ന് പിന്തുണ അറിയിക്കുന്നവര്‍ നിരവധിയുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കി സംസാരിക്കുന്ന വിശ്വാസികള്‍ നിരവധിയുണ്ട്. അവര്‍ ഒപ്പമുണ്ടെന്ന് അറിയിക്കാറുണ്ട്.
നിലവിലെ സാഹചര്യങ്ങളും പലയിടത്തുനിന്നും ഉയരുന്ന നീതിക്ക് വേണ്ടിയുള്ള നിലവിളികളും പ്രതീക്ഷ നല്‍കുന്നുണ്ടോ?
കത്തോലിക്കാസഭയിലും സന്ന്യാസസമൂഹങ്ങളിലും ഒരു മാറ്റത്തിനും ആരും തയ്യാറല്ല എന്നാണ് ഇതില്‍ നിന്നൊക്കെ മനസ്സിലാകുന്നത്. ലൈംഗിക പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍മാരും അവരെ പോലെ നിരവധിപ്പേരും തിരുവസ്ത്രത്തിനുള്ളില്‍ പീഡിപ്പിക്കപ്പെട്ടവരാണ്. അവരും അവരെ പിന്തുണയ്ക്കുന്നവരും നീതിക്കു വേണ്ടി ശബ്ഗം ഉയര്‍ത്തുമ്പോള്‍ അതൊന്നും പാടില്ല എന്നാണല്ലോ സഭയുടെ നിലപാട്. അങ്ങനെയെന്തെങ്കിലുമുണ്ടായാല്‍ നിന്നുകൊടുത്തോളുക, ചെയ്യുന്നവര്‍ ചെയ്യട്ടെ, ആരെന്തുചെയ്താലും തിരുവസ്ത്രത്തിനുള്ളില്‍ മിണ്ടാതിരിക്കുക – ഇതാണ് ഇന്ന് സഭ മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാട്.
ക്രൈസ്തവമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഫാ. അഗസ്റ്റിന്‍ വട്ടോളിയെപ്പോലെയുള്ളവര്‍ക്ക് സഭ എന്ത് പിന്തുണയാണ് കൊടുക്കുന്നത്. അതുപോലെതന്നെയാണ് എന്റെ കാര്യവും. പൊതുസമൂഹം പിന്നെയും പിന്തുണയ്ക്കുന്നുണ്ട്.