Kerala News
ഭക്ഷണം നല്‍കുന്നില്ല, നാല് വര്‍ഷമായി കന്യാസ്ത്രീകളടക്കം സംസാരിക്കുന്നില്ല; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സത്യാഗ്രഹ സമരത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 27, 02:37 am
Tuesday, 27th September 2022, 8:07 am

കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുര ചൊവ്വാഴ്ച മുതല്‍ വീണ്ടും സത്യാഗ്രഹ സമരത്തിനായി ഒരുങ്ങുന്നു. മഠം അധികൃതര്‍ മനിഷ്വത്വരഹിതമായി പെരുമാറുന്നെന്നും നിരന്തരം ഉപദ്രവിച്ചെന്നും ആരോപിച്ചാണ് സമരം.

കഴിഞ്ഞ ഓഗസ്റ്റില്‍ തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും മഠം അധികൃതര്‍ ഉപദ്രവം തുടരുന്നതായി ലൂസി കളപ്പുര ആരോപിക്കുന്നു. ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ വയനാട്ടിലെ കാരയ്ക്കാമല മഠത്തിന് മുന്നില്‍ സത്യാഗ്രഹമാരംഭിക്കാനാണ് തീരുമാനം.

മഠം അധികൃതര്‍ മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ശ്രമിക്കുന്നതെന്നും കന്യാസ്ത്രീകളോ മറ്റുള്ളവരോ നാല് വര്‍ഷമായി തന്നോട് സംസാരിക്കുന്നില്ലെന്നും ഇവര്‍ പരാതി പറയുന്നു.

ഭക്ഷണം നല്‍കാതെയും പ്രാര്‍ഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള പൊതുസൗകര്യങ്ങള്‍ തടഞ്ഞും അധികൃതര്‍ ഉപദ്രവിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

നിലവിലെ കേസ് കഴിയുന്നത് വരെ മഠത്തിലെ എല്ലാ സൗകര്യങ്ങളും സിസ്റ്റര്‍ ലൂസി കളപ്പുരക്കും അവകാശപ്പെട്ടതാണെന്നുള്ള കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ കോടതി വിധി പരിഗണിക്കാതെയാണ് മഠം അധികൃതര്‍ ഉപദ്രവം തുടരുന്നതെന്നും ലൂസി കളപ്പുര പറഞ്ഞു.

സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മഠത്തില്‍ തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

അതിനിടെ, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി മഠത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നല്‍കാനുള്ള കീഴ്‌ക്കോടതി വിധി നടപ്പാക്കുന്നില്ലെന്ന് കാണിച്ച് നേരത്തേ ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഹരജിയില്‍ നേരത്തെ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതോടെ സ്വന്തം കേസില്‍ സിസ്റ്റര്‍ ലൂസി കളപ്പുര തന്നെയാണ് വാദിച്ചത്. പലരേയും ബന്ധപ്പെട്ടെങ്കിലും ആരും കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്ന് അന്ന് സിസ്റ്റര്‍ പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിച്ചിരുന്നത്.