'മഠത്തിലെ ഒരു കന്യാസ്ത്രീ പ്രസവിച്ചു, ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചു'; തനിക്ക് നേരെ മൂന്ന് തവണ ലൈംഗികാക്രമണമുണ്ടായെന്നും ലൂസി കളപ്പുര
Kerala News
'മഠത്തിലെ ഒരു കന്യാസ്ത്രീ പ്രസവിച്ചു, ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചു'; തനിക്ക് നേരെ മൂന്ന് തവണ ലൈംഗികാക്രമണമുണ്ടായെന്നും ലൂസി കളപ്പുര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st December 2019, 12:13 pm

കോഴിക്കോട്: വൈദികര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേനെയെത്തി വൈദികര്‍ കന്യാസ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്ന് ലൂസി പറയുന്നു.

സിസ്റ്റര്‍ ലൂസി എഴുതിയ ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പുസ്തകത്തിലാണ് വൈദികര്‍ക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. കന്യാസ്ത്രീയായതിനു ശേഷം തനിക്ക് നേരെ മൂന്ന് തവണ ലൈംഗികാക്രമണമുണ്ടായെന്നും സിസ്റ്റര്‍ ലൂസി പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു. കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും ലൂസി ആരോപിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചില മഠങ്ങളില്‍ നിന്ന് ചെറുപ്പക്കാരായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞ് വിടുന്നതായും അസാധാരണ രതി വൈകൃതങ്ങളാണ് അവര്‍ അനുഭവിച്ചിരുന്നതെന്നും ലിസി പറയുന്നു.

മുതിര്‍ന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവര്‍ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു.

സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് സഭയുടെ നടപടിക്കെതിരെ നേരിട്ട് റോമിലെത്തി വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പക്ക് സിസ്റ്റര്‍ ലൂസി കത്തയച്ചിരുന്നു.

തന്നെ പുറത്താക്കിയ സഭാ നടപടിക്കെതിരെ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയ സാഹചര്യത്തിലായിരുന്നു മാര്‍പാപ്പക്ക് കത്തയച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാക്രമണ പരാതിയിലും തുടര്‍ന്ന് നടന്ന കന്യാസ്ത്രീ സമരത്തിലും പങ്കെടുത്തതും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാനിയമങ്ങളില്‍നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു എന്നീ കുറ്റങ്ങളാണ് പുറത്താക്കുന്നതിന്റെ ഭാഗമായി ലൂസി കളപ്പുരയ്ക്കലിനെതിരെ സന്യാസ സഭ ചുമത്തിയിരുന്നത്.