വിശദീകരണം നേരിട്ട് നല്‍കാന്‍ അനുവദിക്കണം; മാര്‍പാപ്പയ്ക്ക് സിസ്റ്റര്‍ ലൂസിയുടെ കത്ത്
Kerala
വിശദീകരണം നേരിട്ട് നല്‍കാന്‍ അനുവദിക്കണം; മാര്‍പാപ്പയ്ക്ക് സിസ്റ്റര്‍ ലൂസിയുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2019, 1:59 pm

സഭയുടെ നടപടിക്കെതിരെ നേരിട്ട് റോമിലെത്തി വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പക്ക് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കത്ത്. ഫ്രാങ്കോക്കെതിരെ പ്രതികരിച്ചതോടെയാണ് താന്‍ സന്യാസ സഭയ്ക്ക് തെറ്റുകാരിയായത്. സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ലൂസി കളപ്പുര കത്തില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തന്നെ പുറത്താക്കിയ സഭാ നടപടിക്കെതിരെ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയ സാഹചര്യത്തിലാണ് സിസ്റ്റര്‍ ലൂസി മാര്‍പാപ്പയ്ക്ക് കത്തെഴുതിയത്.

സിസ്റ്റര്‍ ലൂസി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് വത്തിക്കാന്‍ അപ്പീല്‍ തള്ളിയത്.

മഠത്തില്‍നിന്ന് ഇറങ്ങില്ലെന്നായിരുന്നു വത്തിക്കാനില്‍നിന്നും മറുപടി വന്നതിന് പിന്നാലെ സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചത്. മഠത്തില്‍നിന്നും ഒരു കാരണവശാലും ഇറങ്ങില്ല. ഒരു ഫോണ്‍കോളിലൂടെപോലും പറയാനുള്ളതു സഭ കേട്ടില്ല. പൗരസ്ത്യ തിരുസഭയ്ക്ക് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ പോകുമെന്നും ലൂസി കളപ്പുര പറഞ്ഞിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാക്രമണ പരാതിയിലും തുടര്‍ന്ന് നടന്ന കന്യാസ്ത്രീ സമരത്തിലും പങ്കെടുത്തതും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാനിയമങ്ങളില്‍നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു എന്നീ കുറ്റങ്ങളാണ് പുറത്താക്കുന്നതിന്റെ ഭാഗമായി ലൂസി കളപ്പുരയ്ക്കലിനെതിരെ സന്യാസ സഭ ചുമത്തിയിരുന്നത്. ഇക്കാര്യങ്ങള്‍ ചെയ്തതില്‍ നിന്നും സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം.

നിരവധിതവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം നിരസിച്ചു തുടങ്ങിയവയാണ് പുറത്താക്കലിന് കാരണമായി സഭ ചൂണ്ടിക്കാണിക്കുന്നത്. മെയ് 11 ന് ദല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എല്ലാവരും ഏകകണ്ഠമായി ലൂസി കളപ്പുരയ്ക്കലിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. പുറത്താക്കിയ നടപടിക്കെതിരെയായിരുന്നു ലൂസി കളപ്പുര അപ്പീല്‍ നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ