| Tuesday, 20th August 2019, 10:39 am

മാധ്യമപ്രവര്‍ത്തകര്‍ മഠത്തിലെത്തിയ വീഡിയോ ഉപയോഗിച്ച് അപവാദപ്രചരണം; മാനന്തവാടി രൂപത പി.ആര്‍ അംഗത്തിനെതിരെ പരാതി നല്‍കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെള്ളമുണ്ട: തനിക്കെതിരെ അപവാദ പ്രചരണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. മഠത്തില്‍ തന്നെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രചരണമെന്നാണ് സിസ്റ്ററുടെ പരാതി.

‘അടുക്കള വാതിലിലൂടെ സിസ്റ്റര്‍ പുരുഷന്മാരെ അകത്തു വിളിച്ചു കയറ്റി’യെന്നു പറഞ്ഞാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. വീഡിയോ പ്രചരിപ്പിച്ചത് മാനന്തവാടി രൂപത പി.ആര്‍ ആംഗമായ  നോബിള്‍ തോമസ് പാറയ്ക്കലാണ്. ഇതിനെതിരെയാണ് സിസ്റ്റര്‍ പരാതി നല്‍കാനൊരുങ്ങുന്നത്.

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്നും കൂട്ടിക്കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് സിസ്റ്ററിന്റെ ബന്ധുക്കള്‍ക്ക് സഭാ അധികൃതര്‍ കത്തു നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട സിസ്റ്ററില്‍ നിന്നും പ്രതികരണം തേടിയാണ് രണ്ടു മാധ്യമപ്രവര്‍ത്തകര്‍ കാരക്കാമലയിലുള്ള ഈ മഠത്തിലേക്ക് എത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഠത്തിന്റെ മുന്‍ഭാഗത്തെ വാതില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താഴിട്ടു പൂട്ടിയ നിലയിലാണെന്ന് സിസ്റ്റര്‍ നേരത്തെ തന്നെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പിന്‍ഭാഗത്തുള്ള വാതിലിലൂടെയാണ് ഈ മഠത്തില്‍ കഴിയുന്ന സിസ്റ്റര്‍മാര്‍ അടക്കമുള്ളവര്‍ മഠത്തിനുള്ളിലേക്ക് വരികയും പോകുകയും ചെയ്യുന്നത്.

മഠത്തില്‍ നിന്നും കഴിഞ്ഞദിവസം പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് സിസ്റ്റര്‍ പോകാനിരിക്കെ പുറത്തുനിന്നും പൂട്ടിപ്പോയി എന്ന പരാതിയും സിസ്റ്റര്‍ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ സിസ്റ്റര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ തേടുന്നതിനായാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകരായ രണ്ടുപേര്‍ മഠത്തില്‍ എത്തിയത്.

ഇവര്‍ മഠത്തിലേക്ക് കയറിവരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് സിസ്റ്റര്‍ക്കെതിരെ അപവാദപ്രചരണം നടത്തുന്നത്.

കന്യാസ്ത്രീ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുര പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെ സിസ്റ്റര്‍ക്കെതിരെ സഭ നടപടിയെടുത്തിരുന്നു. കഴിഞ്ഞദിവസം സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു.

ദാരിദ്ര്യവ്രതം ലംഘിച്ച് കാര്‍ വാങ്ങി, ശമ്പളം മഠത്തിന് കൈമാറിയില്ല, സിനഡ് തീരുമാനം ലംഘിച്ച് മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സിസ്റ്ററെ പുറത്താക്കിയത്.

We use cookies to give you the best possible experience. Learn more