ഫ്രാങ്കോ മുളയ്ക്കലിനെതിരായ മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം; മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം; വെളിപ്പെടുത്തലുമായി സിസ്റ്റര്‍ ലിസി
Kerala News
ഫ്രാങ്കോ മുളയ്ക്കലിനെതിരായ മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം; മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം; വെളിപ്പെടുത്തലുമായി സിസ്റ്റര്‍ ലിസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd December 2019, 11:51 am

തിരുവനന്തപുരം: ഫോണിലൂടെയും നേരിട്ടും മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ മുഖ്യ സാക്ഷി സിസ്റ്റര്‍ ലിസി. താന്‍ ജീവിക്കുന്നത് സമ്മര്‍ദ്ദത്തിന്റെയും ഒറ്റപ്പെടലിന്റെയും നടുവിലാണെന്നും സിസ്റ്റര്‍ ലിസി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ലിസിയുടെ വെളിപ്പെടുത്തല്‍.

തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നതായും ലിസി വ്യക്തമാക്കി.

സിസ്റ്റര്‍ ലിസിയുടെ വാക്കുകളിലൂടെ

 

‘ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി കൊടുത്തത് പൂര്‍ണമായ സത്യമാണ്. ഒരു കാരണവശാലും ഞാന്‍ മൊഴി മാറ്റി പറയില്ല. മൊഴി മാറ്റി പറയാനായിട്ട് സൗഹൃദത്തോടെയും സാഹോദര്യ ഭാവത്തിലും ശത്രുതാ മനോഭാവത്തിലും പലരും എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

സുവിശേഷ ധ്യാനത്തിന്റെ ടീമിലുണ്ടായിരുന്ന സഹോദരിമാരില്‍ ചിലരൊക്കെ ചില സഹോദരങ്ങള്‍ വഴി എനിക്ക് നിര്‍ദേശം തരാന്‍ വേണ്ടി പറഞ്ഞയച്ചിരുന്നു.

ബിഷപ്പിനെതിരായി ചെയ്താല്‍ അത് സഭയ്ക്ക് നാണക്കേടാണ്. സഭ തകരും. സഭാ സംവിധാനത്തിന് പ്രശ്‌നമാകും. അത് കൊണ്ട് അത് മാറ്റി പ റയണമെന്നും ബിഷപ്പിനെതിരായി ഒന്നും പറയരുതെന്നെന്ന് പറയാനും പറഞ്ഞു വിട്ടിരുന്നു.

ഒരു ദിവസം ഒരു ചേടത്തിയെ കണ്ടു മുട്ടിയപ്പോള്‍ അവര് പറയുകയാണ്, സിസ്റ്റര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പല സിസ്റ്റര്‍മാരും പറഞ്ഞെന്ന്. അത് കൊണ്ട് സിസ്റ്റര്‍ ഒരു കാര്യം ചെയ്യ്. കോടതിയില്‍ പോയി സിസ്റ്റര്‍ പെട്ടെന്നൊരാവേശത്തിന് അങ്ങനെ പറഞ്ഞ് പോയതാണെന്നും പറയാന്‍ ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കാരണവശാലും എനിക്കറിയാവുന്ന സത്യത്തില്‍ നിന്ന് ഞാന്‍ പിന്‍മാറില്ല. ഞാന്‍ പറഞ്ഞത് പൂര്‍ണ സത്യമാണ്. ആ സത്യത്തില്‍ ഞാന്‍ നിലകൊള്ളും. ബിഷപ്പ് തെറ്റ് ചെയ്തത് തന്നെയാണ്. ബിഷപ്പിന് ശിക്ഷ കിട്ടണം. ശിക്ഷ കിട്ടി സിസ്റ്റര്‍ക്ക് നീതിയുണ്ടാവണം.

ബിഷപ്പ് ഫ്രാങ്കോ എന്നു പറയുന്നത് കേരളത്തിന് പുറത്തുള്ള മിഷന്‍ പ്രദേശത്തെ ഒരു ബിഷപ്പാണ്. അദ്ദേഹത്തിന് ഒത്തിരി പണവും സ്വാധീനവും ഒക്കെയുള്ളതുകൊണ്ട് തെറ്റു മറയാക്കാം എന്നുള്ള മിഥ്യാ ധാരണ കൊണ്ടാണ് ഈ സിസ്റ്ററിനെ ഇതു പോലെ ദ്രോഹിച്ചത്.

നേരായി വിസ്താരം നടന്നാല്‍ ബിഷപ്പിന് ശിക്ഷ ലഭിക്കുക തന്നെ ചെയ്യും. എന്തെങ്കിലും തരത്തിലുള്ള തിരി മറികള്‍ ഇതില്‍ നടക്കുമോ എന്നറിയില്ല. പക്ഷെ ശിക്ഷ കിട്ടണം. പത്തു മാസത്തോളമായി ഞാന്‍ ഈ വേദനയും ഒറ്റപ്പെടലും സഹിക്കാന്‍ തുടങ്ങിയിട്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാവരുടെയും മുന്നില്‍ ഒരു സഭാ വിരോധിയെ പോലെ, സാത്താന്‍ സേവക്കാരിയെ പോലെ ആണെന്ന തരത്തില്‍ അവഗണിച്ചെന്നെ മാറ്റി നിര്‍ത്തുന്ന എല്ലാ വേദനയും ഞാന്‍ സഹിക്കുന്നത് ഈ ഒരു കാര്യം സാധിക്കാന്‍ വേണ്ടി മാത്രമാണ്’- ലിസി പറഞ്ഞു.