കണ്ണൂര്‍: സാമൂഹികപരമായ പലവിധ ഭയത്താല്‍ പുരുഷന്‍ സ്ത്രീയെ അടക്കിനിര്‍ത്തുകയാണെന്ന് സിസ്റ്റര്‍ ജെസ്മി. കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ അഞ്ചാംദിനം ഉടല്‍, അധികാരം, എഴുത്ത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്ക് വികാരം പ്രകടിപ്പിക്കാന്‍ പുതിയ വാക്കുകള്‍ അനിവാര്യമാണ്. ഭാഷ പോലും അവര്‍ക്ക് പ്രകടിപ്പിക്കാന്‍ പറ്റുന്നില്ല. ഇന്നതു മാത്രമേ സ്ത്രീക്ക് പാടുള്ളൂ, ഇന്നതു മാത്രമേ പുരുഷന് പാടുള്ളൂ എന്ന അവസ്ഥ ഭൂഷണമല്ലെന്നും ജെസ്മി പറഞ്ഞു.
സ്ത്രീയ്ക്കും പുരുഷനും അവസരസമത്വം വേണം. എന്നാല്‍, ധനസമ്പാദന വിഷയത്തില്‍ സ്ത്രീകളോട് അനുകമ്പ പുലര്‍ത്തുന്ന പുരുഷന്മാര്‍ ബാക്കി എല്ലാ കാര്യത്തിലും സ്ത്രീയെ ഭരിക്കുകയാണ്. പല മണ്ഡലങ്ങളിലും പുരുഷന്റെ അത്ര സ്ത്രീ വളര്‍ന്നിട്ടില്ല. രണ്ടുപേരും തോളോട് തോള്‍ ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കണം. ഓരോ പുരുഷന്റെ ഉള്ളിലും സ്ത്രീസാന്നിധ്യമുണ്ട്. ഓരോ സ്ത്രീയുടെ ഉള്ളിലും പുരുഷസാന്നിധ്യവും. ഇവ ആവശ്യത്തിന് സ്വീകരിച്ചാല്‍ മനുഷ്യന്‍ പൂര്‍ണത കൈവരിക്കുമെന്നും സിസ്റ്റര്‍ ജെസ്മി പറഞ്ഞു. പരിപാടിയില്‍ കെ.ജെ പള്ളത്ത് മോഡറേറ്ററായിരുന്നു.