| Wednesday, 11th December 2019, 1:46 pm

'ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളെ വേണം; ജീവന്‍ വെടിഞ്ഞും ഞങ്ങളവളെ രക്ഷിച്ചെടുക്കും'; സിസ്റ്റര്‍ ദീപയ്ക്ക്‌ നീതി തേടി കുടുംബം

അളക എസ്. യമുന

വര്‍ഷങ്ങളായി ഇംഗ്ലണ്ടില്‍ കഴിയുന്ന സിസ്റ്റര്‍ ദീപ ജോസിനെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ദീപയുടെ കുടുംബം. 2003 ലാണ് ഇംഗ്ലണ്ടിലെ ബെനഡിക്ടന്‍ കോണ്‍ഗ്രഗേഷന്റെ ഗ്ലോക്സ്റ്റര്‍ഷെയര്‍ മഠത്തിലേക്ക്  ദീപ പോകുന്നത്.  ബൈപോളാര്‍ ഡിസോര്‍ഡര്‍ നേരിടുന്ന ദീപയെ തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ കല്ലറ ജോസും തങ്കമ്മയും മാനന്തവാടി ബിഷപ്പ് ഹൗസിന് മുന്‍പില്‍ സമരം തുടങ്ങിയതോടെയാണ് ഈ വിഷയം പൊതുജനശ്രദ്ധയില്‍ എത്തുന്നത്. ദീപയെ നാട്ടിലെത്തിക്കാന്‍ സഭ സഹായിക്കണം എന്ന ആവശ്യമാണ് കുടുംബം മുന്നോട്ട് വെക്കുന്നത്.

എന്നാല്‍ ദീപയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊന്നും ചെയ്യാനില്ല എന്ന നിലപാടാണ് മാനന്തവാടി രൂപതയ്ക്ക്. ലത്തീന്‍ സഭയുടെ  ബെനഡിക്ടൈന്‍ സന്ന്യാസ സഭാംഗമായി ചേരുകയും പിന്നീട് സ്വന്തം തീരുമാനപ്രകാരം സന്ന്യാസ വ്രതങ്ങളില്‍ നിന്ന് വിടുതല്‍ നേടുകയും ചെയ്ത് ഇംഗ്ലണ്ടില്‍ പൗരത്വം എടുത്ത് കഴിയുന്ന ദീപയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും തങ്ങളുടെ പരിധിക്ക് പുറത്താണ് കാര്യങ്ങള്‍ എന്നുമാണ് രൂപത പറയുന്നത്. ഇപ്പോള്‍ നടക്കുന്ന സമരം രൂപതയെ പൊതു ജനമധ്യത്തില്‍ അധിക്ഷേപിക്കാനുള്ള ശ്രമം മാത്രമാണെന്നും രൂപത പറയുന്നു.

എന്നാല്‍ തങ്ങളുടെ സമരം രൂപതയ്‌ക്കെതിരല്ലെന്നും ഡിപ്രഷനിലൂടെ കടന്നുപോകുന്ന ദീപയെ തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്നും ദീപയുടെ  സഹോദരന്‍ ബിന്റോ കല്ലറ ജോസ്  ഡൂള്‍ന്യൂസിനോട് പറഞ്ഞു

25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബിന്ദു എന്ന ദീപ മക്കിയാട് ബെനഡിക്ടന്‍ കോണ്‍ഗ്രഗേഷനില്‍ കന്യസ്ത്രീ ആകാന്‍ ചേരുന്നത്. ബാംഗ്ലൂരില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ദീപ ജോസ്  എന്ന പേര് സ്വീകരിച്ചു.

അതിനു ശേഷം തിരുവണ്ണാമലയിലും ഏര്‍ക്കാടും രണ്ട് വര്‍ഷത്തെ സേവനകാലത്തിനു ശേഷമാണ്  സിസ്റ്റര്‍ ദീപ ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഇംഗ്ലണ്ടില്‍ പോയശേഷമാണ് ദീപക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉണ്ടാകുന്നത്. പിന്നീട് ദീപ സ്വന്തം ഇഷ്ടപ്രകാരമാണ് കോണ്‍ഗ്രിഗേഷനില്‍ നിന്ന് വിടുതല്‍ നേടുന്നത്. എന്നാല്‍ ഈ തീരുമാനം ദീപ രോഗാവസ്ഥയില്‍ എടുത്തതാണെന്നാണ് കുടുംബം പറയുന്നത്.

”ദീപ ആത്മീയതയില്‍  അത്രയേറെ വിശ്വസിച്ച വ്യക്തിയാണ്. വീട്ടില്‍ നിന്നൊക്കെ മണിക്കൂറുകളോളം പ്രാര്‍ത്ഥിക്കും. അവള് സ്വന്തം ഇഷ്ടപ്രകാരമാണ് കോണ്‍ഗ്രഗേഷനില്‍ ചേരാനും കന്യാസ്ത്രീ ആകാനുമുള്ള തീരുമാനമെടുക്കുന്നത്. അപ്പോഴും ഞാനും അപ്പനും അമ്മയുമൊക്കെ എതിരായിരുന്നു. പക്ഷേ, അവളുടെ ഇഷ്ടം  അതാണെങ്കില്‍ നടക്കട്ടേ എന്ന് വിട്ടുകൊടുത്തു. പക്ഷേ, അവിടെച്ചെന്നപ്പോള്‍ നേരെ വിപരീതമായിരുന്നു അനുഭവങ്ങള്‍. അത് അവളെ തളര്‍ത്തി.” ദീപയുടെ സഹോദരന്‍ ബിന്റോ പറഞ്ഞു.

അക്കാലഘട്ടത്തില്‍ പലതരത്തിലുള്ള ഉപദ്രവങ്ങളും തന്റെ സഹോദരിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും സ്വവര്‍ഗ രതിക്ക് നിര്‍ബന്ധിച്ചതായി പിന്നീട് ദീപ പറഞ്ഞിട്ടുണ്ടെന്നും ബിന്റൊ പറഞ്ഞു.

” ബാംഗ്ലൂരില്‍ വെച്ച് പല രീതിയിലുള്ള ഉപദ്രവശ്രമങ്ങള്‍ നടന്നതായി  ദീപ പറഞ്ഞിട്ടുണ്ട്. മുടിപിടിച്ച് വലിക്കുകയും ലെസ്ബിയന്‍ രീതിയിലുള്ള ബന്ധത്തിന്  നിര്‍ബന്ധിക്കുകയും അത്തരം രീതിയിലുള്ള ആക്രമണ ശ്രമങ്ങളും നടന്നിരുന്നു. സീനിയര്‍ സിസ്റ്റര്‍മാര്‍ റൂമിലേക്ക് വിളിപ്പിച്ച് മാസാജ് ചെയ്യിപ്പിക്കുമായിരുന്നു. അവള്‍ ഇതിനെയൊക്കെ എതിര്‍ത്തിരുന്നു. അതുകൊണ്ട് തന്നെ അവളെ ഒതുക്കാനുള്ള ശ്രമം അപ്പോള്‍ തന്നെ തുടങ്ങിയിരുന്നു” ബിന്റോ പറഞ്ഞു.

ഇംഗ്ലണ്ടില്‍ വെച്ചും ദീപക്ക് ഉപദ്രവങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ബിന്റോ പറയുന്നു. ഇംഗ്ലണ്ടിലെ കേണ്‍വെന്റില്‍ സന്ദര്‍ശനത്തിന് വരാറുള്ള ചാപ്ലെയിന്‍ ദീപയോട് മോശമായ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്ന് ദീപ പിന്നീട് പറഞ്ഞതായി ബിന്റോ പറഞ്ഞു.

” അയാള്‍ ഭക്ഷണം കഴിച്ച ശേഷം ഭക്ഷണം മിച്ചം വെക്കുമായിരുന്നു. അത് ഇവളെ കൊണ്ടു കഴിപ്പിക്കും. നടക്കാന്‍ പോകുമ്പോള്‍ ദീപ കൂടെ പോകണം. ഇത്തരം കാര്യങ്ങള്‍ ദീപ ശക്തമായി എതിര്‍ത്തിരുന്നു. അതുകൊണ്ട് ദീപയെ അവര്‍ ഒതുക്കാന്‍ തുടങ്ങി. ഒറ്റപ്പെടലും അവഗണനയും കൂടിയപ്പോള്‍ ദീപ സ്വയം അതില്‍ നിന്ന് മാറി ജോലിയില്‍ മാത്രം ശ്രദ്ധിച്ച് ഒതുങ്ങി നിന്നു. പക്ഷേ, ദീപക്ക് ഡിപ്രഷന്റെ ആരംഭമാണ് എന്ന് അവരൊക്കെ സ്വയം തീരുമാനിച്ചു. അവരുടെ തന്നെ ഡിസ്‌പെന്‍സറിയില്‍ കൊണ്ടുപോയി അവര് തന്നെ ദീപയ്ക്ക് ഡിപ്രഷനാണെന്ന് ഉറപ്പിച്ച് ഗുളിക കൊടുത്തു തുടങ്ങി. അവര്‍ ബോധപൂര്‍വ്വമാണ് ദീപക്ക് ഡിപ്രഷന്റെ മരുന്ന് കൊടുത്തു തുടങ്ങിയതെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്” ബിന്റോ പറഞ്ഞു.

മാനന്തവാടി രൂപത പ്രശനത്തില്‍ ഇടപെടണമെന്ന് ദീപയുടെ കുടുംബം നിരന്തരം ആവശ്യപ്പെടുമ്പോഴും രൂപത ഇടപെട്ട് എന്തെങ്കിലും ചെയ്യേണ്ട സാഹചര്യത്തിലല്ല ദീപ ഇപ്പോഴുള്ളത് എന്നാണ് മാനന്തവാടി രൂപതയുടെ നിലപാട്.

” ദീപ മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള നിരവില്‍പ്പുഴ ഇടവകയിലെ അംഗമായിരുന്നു. അവരുടെ മാതാപിതാക്കള്‍ ഇപ്പോഴും അവിടെ അംഗങ്ങളാണ്. എന്നാല്‍ ദീപ 24ാം വയസ്സില്‍ ബെനഡിക്ടന്‍  സന്യാസ ആശ്രമത്തില്‍ ചേര്‍ന്നു. കോഴിക്കോട് രൂപതയുടെ കീഴിലുള്ള കോളാസ്റ്റിക്കല്‍ സഭയില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കി അവരുടെ തന്നെ കീഴില്‍ യു.കെ യിലുള്ള കോണ്‍വെന്റിലേക്ക് ശ്രുശൂഷയ്ക്കായി പോയി അവിടെ വര്‍ഷങ്ങളോളം  പ്രവര്‍ത്തിച്ചു. അതിനു ശേഷം 2012 ല്‍ വിടുതല്‍ ആവശ്യപ്പെട്ടു. ദീപയ്ക്ക് താല്പര്യം ഇല്ലാത്തതുകൊണ്ട് പുറത്തുപോയി.  സഭയുടെ കീഴിലുള്ള സ്ഥാപനത്തില്‍ എവിടെയെങ്കിലും തൊഴില്‍ വേണമോ എന്ന് ദീപയോട് ചോദിച്ചു. അവരവിടെ അഞ്ച് വര്‍ഷം ശമ്പളത്തിന് തൊഴില്‍ ചെയ്തു. ഈ സമയത്ത് അവര്‍ക്ക് അല്പം ഡിപ്രഷന്റെ  ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.” മാനന്തവാടി രൂപതയിലെ ഫാദര്‍ ജോസ് കൊച്ചറക്കല്‍ പറഞ്ഞു.

നിര്‍ബന്ധപൂര്‍വ്വം മരുന്ന് കൊടുത്ത് മാനസിക രോഗി ആക്കിയെന്ന വാദവും രൂപത തള്ളി.

”മഠത്തിലേക്ക് ചെല്ലുന്ന എല്ലാവരേയും മാനസിക രോഗികള്‍ ആക്കുകയാണെങ്കില്‍ ഈ നാട്ടില്‍ മാനസിക രോഗികളായ കന്യാസ്ത്രീകളെ കൊണ്ട് നിറയുമല്ലോ. രോഗമുണ്ടെങ്കില്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്ന് കഴിക്കണം ഫാദര്‍ ജോസ് കൊച്ചറക്കല്‍ പറഞ്ഞു.

ദീപയുടെ കാര്യത്തില്‍ മാനന്തവാടി രൂപതയ്ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്തു കഴിഞ്ഞതാണ്. അതിനപ്പുറത്തേക്ക് മാനന്തവാടി ബിഷപ്പിന് അധികാരമോ ജൂറിസ്ഡിക്ഷനോ ഇല്ലാത്ത ഒരു വിഷയത്തില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

” ദീപക്ക് നാട്ടില്‍ വരാന്‍ താല്പര്യമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷേ ദീപയുടെ മാതാപിതാക്കള്‍ക്കും സഹോദരനും അവരെ നാട്ടില്‍ കൊണ്ടു വരണം, നാട്ടില്‍ വന്നു കഴിഞ്ഞാല്‍ ജീവിക്കാന്‍ ആവശ്യമായ ധനസഹായം നല്‍കണം. ഒന്നും രണ്ടും രൂപയല്ല അഞ്ചുകോടി കൊടുക്കണം. ഏഴ് വര്‍ഷം മുന്‍പ് സഭവിട്ടുപോയതാണ് ദീപ. അവര്‍ സ്വതന്ത്ര യു.കെ സിറ്റിസണ്‍ ആണ്. ദീപക്ക് മാനന്തവാടി രൂപതയുമായി യാതൊരുബന്ധവുമില്ല. ഏക ബന്ധം ഇവര്‍ ഒരു കാലത്ത് മാനന്തവാടി രൂപതയില്‍ അംഗമായിരുന്നു എന്നുമാത്രമാണ്.
ലത്തീന്‍ സഭയില്‍ ചേര്‍ന്നതോടെ ഇവിടെയുള്ള അംഗത്വം നഷ്ടമായി. അതിനു ശേഷം അവര്‍ എന്തുചെയ്‌തെന്ന് മാന്തവാടി രൂപതയ്ക്ക് ഒരു അറിവുമില്ല. മാനന്തവാടി രൂപതയിലേക്ക് സമരവുമായി വന്ന നടപടി ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. ബന്ധപ്പെട്ട വിഷയമാണെങ്കില്‍ ഞങ്ങള്‍ അതിനകത്ത് ഇടപെടുമായിരുന്നു ബന്ധപ്പെട്ട മേഖലകളില്‍ എത്തിക്കുമായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് സ്‌പേസ് ഇല്ലാത്ത വിഷയത്തില്‍ അവര് ഞങ്ങളുടെ അടുത്തേക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ദീപയ്ക്ക് നാട്ടിലേക്ക് വരണമെന്നോ മാതാപിതാക്കളെ കാണണമെന്നോ  ഡിമാന്റുള്ളതായോ അറിവില്ല.”  ജോസ് കൊച്ചറക്കല്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2012 ല്‍ മഠം വിട്ട ശേഷം അവര്‍ നാട്ടില്‍ വന്നിട്ടുണ്ട്. യു.കെ സര്‍ക്കാര്‍ എല്ലാ സഹായങ്ങളും  അവര്‍ക്ക് ചെയ്ത് കൊടുക്കുന്നുണ്ട്. സഭയില്‍ വീണ്ടും തൊഴില്‍ കൊടുക്കാന്‍ സഭ തയ്യാറാണ്. എന്നാല്‍ എനിക്ക് ജോലി വേണ്ടാ എന്നാണ് അവര്‍ പറയുന്നത്. സഭയുടെ ഭാഗത്തു നിന്ന് എന്തെങ്കിലും സഹായം വേണമെങ്കിലും ചെയ്ത് കൊടുക്കാന്‍ തയ്യറാണ്. പക്ഷേ അഞ്ചുകോടി രൂപ വേണമെന്ന് പറഞ്ഞാല്‍ അതിനകത്ത് എന്ത് യുക്തിയാണ് ഉള്ളത്.
ഒരിക്കല്‍ നാട്ടില്‍ വന്ന ദീപ ഡിപ്രഷനുള്ള മരുന്ന് കൊണ്ടു വന്നിരുന്നു. പക്ഷേ വീട്ടുകാര്‍ മരുന്ന് കഴിക്കാന്‍ സമ്മതിച്ചില്ലെന്നും ദീപ മദര്‍ സൂപ്പീരിയറിനു നല്‍കിയ കത്തില്‍ പറയുന്നതായും അവര്‍ പറയുന്നു. തനിക്ക് നാട്ടില്‍ നില്‍ക്കാന്‍ താല്പര്യമില്ലെന്നും തന്നെ ലണ്ടനിലേക്ക് തന്നെ അയക്കണമെന്നും പറഞ്ഞ് അപേക്ഷ കൊടുത്ത് സിസ്റ്റര്‍ ദീപ തിരിച്ചു പോയതാണെന്നും ജോസ് കൊച്ചറക്കല്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, മാനന്തവാടി രൂപതയെ അവഹേളിക്കാനോ അവര്‍ പറയുന്നത് പോലെ പണത്തിനോ വേണ്ടിയല്ല തങ്ങള്‍ സമരം തുടങ്ങിയതെന്ന് ദീപയുടെ സഹോദരന്‍ ബിന്റോ ഡൂള്‍ന്യൂസിനോട് പറഞ്ഞു. തങ്ങള്‍ നടത്തിയ പത്രസമ്മേളനം സഭയ്‌ക്കെതിരെ ആയിരുന്നില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി പല തലങ്ങളില്‍ സമീപിച്ചിട്ടുണ്ടെന്നും യാതൊരു നടപടിയും സ്വീകരിക്കുന്നത് കാണാതെ വന്നപ്പോഴാണ് താന്‍ ഫേസ് ബുക്ക് ലൈവില്‍ വന്ന് കാര്യങ്ങള്‍ പറഞ്ഞതെന്നും ബിന്റോ പറഞ്ഞു.

” പണത്തിനു വേണ്ടിയല്ല ഞങ്ങള്‍ സമരം നടത്തിയത്. ദീപയ്ക്ക ജീവിക്കാന്‍ വേണ്ടിയാണ് പണം ആവശ്യപ്പെട്ടത്. പെങ്ങളെ വെച്ച് ഞാന്‍ വിലപേശുകയാണ് എന്നാണ് അവരിപ്പോള്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍  ആ പണം വേണ്ട. പക്ഷേ എനിക്കെന്റെ പെങ്ങളെ എങ്ങനെയാണോ  അവരെ ഏല്‍പ്പിച്ചത് അതുപോലെ ഞങ്ങള്‍ക്ക് തിരിച്ചു തരണം. അങ്ങനെ ആണെങ്കില്‍ ഈ പൈസയുടെ ആവശ്യമില്ലല്ലോ. അവള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ അവള്‍ ജോലി ചെയ്ത് ജീവിക്കുമല്ലോ” ബിന്റൊ പറഞ്ഞു.

തനിക്ക് നിര്‍ബന്ധപൂര്‍വ്വം മരുന്നുകള്‍ നല്‍കുന്നതായും കഴിച്ചില്ലെങ്കില്‍ വഴക്ക് പറയുമെന്ന് ദീപ പറഞ്ഞതായി ബിന്റോ പറയുന്നു. ദീപ കഴിച്ചുകൊണ്ടിരുന്ന മരുന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് ഡിപ്രഷന് കഴിക്കുന്ന ഹൈഡോസ് മരുന്നാണെന്ന് അറിയുന്നതെന്നും ബിന്റോ പറഞ്ഞു.

” ദീപ ഇംഗ്ലണ്ടില്‍ പോയി ആദ്യം രണ്ടു മൂന്ന് തവണ നാട്ടില്‍ വരുമ്പോഴൊന്നും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ശേഷമുള്ള വരവിനാണ് ഈ പ്രശനം വരുന്നത്. ഞങ്ങള്‍ക്ക് ഡിപ്രഷനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ദീപക്ക് ബൈപോളാര്‍ ഡിസോഡര്‍ ഉള്ളതായി ഞങ്ങളെ അവര്‍ അറിയിച്ചിരുന്നില്ല. വീട്ടിലേക്ക് വരുമ്പോള്‍  അവള്‍ മരുന്ന് കഴിക്കുകയാണ് പക്ഷേ ഇതേക്കുറിച്ചൊന്നും മഠത്തില്‍ നിന്ന് ഞങ്ങളെ ധരിപ്പിച്ചില്ല” ബിന്റോ പറഞ്ഞു.

പിന്നീട് ദീപ നാട്ടിലേക്ക് വിളിച്ച് മഠം വിടുകയാണെന്ന് അറിയിച്ചെങ്കിലും മഠത്തില്‍ നിന്ന് വീട്ടിലേക്ക് ഒരു വിവരവും ഇതേക്കുറിച്ച്  അറിയിച്ചില്ലെ ന്നും ദീപയുടെ വീട്ടുകാര്‍ പറയുന്നു. രോഗത്തിന്റെ ഗുരുതരാവസ്ഥ തങ്ങളെ അവര്‍ വിളിച്ചറിയിച്ചുന്നിരുന്നെങ്കില്‍ കാര്യങ്ങള്‍ വഷളാവുമായിരുന്നില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.

ദീപക്ക് നാട്ടില്‍ വരാന്‍ താല്പര്യമുണ്ട് എന്നാല്‍ കയ്യില്‍ പൈസയില്ല. ഫ്‌ളൈറ്റില്‍ കയറിയാല്‍ കന്യാസ്ത്രീകളും അച്ചന്മാരും തന്നെ കൊല്ലുമെന്ന് ഭയം തോന്നുന്നതായി ദീപ പറയുന്നതായി ബിന്റോ പറഞ്ഞു. അച്ചന്മാരും മറ്റുള്ളവരും ഇടപെടുമെന്ന് പേടിച്ച് വാട്‌സ്ആപ്പും ദീപ ഉപയോഗിക്കുന്നില്ലെന്നും ബിന്റോ പറഞ്ഞു.

”എനിക്കെന്റെ പെങ്ങളെ തിരിച്ചു കൊണ്ടു വരണം. ലോകത്തുള്ള ആരൊക്കെ എന്തൊക്കെ പറഞ്ഞാലും , പെങ്ങളെ കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിക്കുന്നതാണെന്നു പറഞ്ഞ് അധിക്ഷേപിച്ചാലും ഞാനെന്റെ പെങ്ങളുടെ നീതിക്ക് വേണ്ടി പൊരുതും, എന്റെ പെങ്ങള്‍ക്ക് നീതി വേണം” ബിന്റോ പറഞ്ഞു.

സെപ്റ്റംബര്‍ 25 മുതല്‍  ദീപയുടെ മാതാപിതാക്കള്‍ ബെനഡിക്ടണ്‍ കോണ്‍ഗ്രിഗേഷന്റെ ബ്രാഞ്ചായ മക്കിയാട്  കോണ്‍വെന്റില്‍ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. പിന്നീട് മദര്‍ ജനറാള്‍ നവംമ്പര്‍ 10 ന് കുടുംബത്തെ  നേരില്‍ കണ്ട് സംസാരിക്കാന്‍ ഇന്ത്യയിലേക്ക് വരും എന്ന്  കത്ത് നല്‍കിയത് കൊണ്ട്  തല്‍കാലത്തേക്ക് സമരം അവസാനിപ്പിച്ച കുടുംബം 10ാം തിയതിയും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ദീപയുടെ കുടുംബം പറയുന്നത്.

കഴിഞ്ഞ 3 വര്‍ഷമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മദര്‍ ജനറാളിന് മെയില്‍  ചെയ്യുന്നുണ്ടെന്നും  പക്ഷേ, ഒരു മാനുഷിക പരിഗണനയും നല്‍കാതെ തങ്ങളെ  അവഗണിക്കുകയുമാണെന്നാണ് ദീപയുടെ മാതാപിതാക്കള്‍ പറയുന്നത്.

”ഞങ്ങളുടെ മകളുടെ ജീവന് വില കല്‍പ്പിക്കുകയും ഞങ്ങള്‍ക്ക് നീതി ലഭ്യമാകുകയും ചെയ്യും വരെ സമരം ചെയ്യും. ജീവന്‍ വെടിഞ്ഞും മകളെ ഞങ്ങള്‍ രക്ഷിച്ചെടുക്കും. കോണ്‍ഗ്രിഗേഷല്‍ മാത്രമാണ് എല്ലാത്തിനും ഉത്തരം പറയേണ്ടത്.” ദീപയുടെ മാതാപിതാക്കള്‍ പറയുന്നു.

നീതികിട്ടും വരെ സമരം തുടരാനാണ് ദീപയുടെ കുടുംബത്തിന്റെ തീരുമാനം. അടുത്ത ഘട്ടമായി ദീപയെ കൊണ്ടുപോയി വിട്ട കോണ്‍വെന്റിനു മുന്നില്‍  റിലേ സത്യാഗ്രഹം നടത്തുമെന്ന് ദീപയുടെ സഹോദരന്‍  ബിന്റോ പറഞ്ഞു.

അളക എസ്. യമുന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more