| Friday, 26th October 2018, 7:35 pm

എന്തുകൊണ്ട് എന്റെ ആളുകള്‍ എനിക്കൊപ്പം നില്‍ക്കുന്നില്ല? - പള്ളിയില്‍ നിന്ന് ഇറക്കി വിട്ടവരോട് സിസ്റ്റര്‍ അനുപമ ചോദിക്കുന്നു

സൗമ്യ ആര്‍. കൃഷ്ണ

ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കെത്തിയ സിസ്റ്റര്‍ അനുപമയെ ഒരു വിഭാഗം വിശ്വാസികള്‍ ബലം പ്രയോഗിച്ച് പുറത്തിറക്കി. ചേര്‍ത്തല പള്ളിപ്പുറം സെന്റ്മേരീസ് പള്ളി പരിസരത്ത് വൈകിട്ട് നാലരയോടെ ഫാദര്‍ കാട്ടുതറയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി സിസ്റ്റര്‍ അനുപമ മറ്റ് ചില കന്യാസ്ത്രീകള്‍ക്കൊപ്പം എത്തിയപ്പോഴായിരുന്നു സംഭവം.

ഫാദര്‍ ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ചതിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സുഹൃത്തും , അവര്‍ക്ക് വേണ്ടി ഹൈക്കോടതിക്ക് മുന്‍പില്‍ സമരം ചെയ്തവരില്‍ ഒരാളുമാണ് സിസ്റ്റര്‍ അനുപമ.

പള്ളിമുറ്റത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് ഒരുവിഭാഗം ജനങ്ങള്‍ അവരെ തടയുകയും പ്രതിഷേധിക്കുകയും ചെയ്തത്. പള്ളിയുടെ ഗേറ്റിന് ഉള്ളില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞതോടെ അനുപമ കരഞ്ഞുകൊണ്ട് ഇറങ്ങി.

ALSO READ: കോഴിവില പറന്നു കയറുന്നതിന് പിന്നില്‍ തമിഴ്‌നാട് – ഉത്തരേന്ത്യന്‍ ലോബികള്‍

ഓഫീസ് കെട്ടിടത്തില്‍ വിശ്രമിക്കുകയായിരുന്നു സിസ്റ്റര്‍ ഉള്‍പ്പടെയുള്ള നാല് കന്യാസ്ത്രീകള്‍. പള്ളിയിലുള്ള ചിലര്‍ തന്നെ ഇവര്‍ക്ക് മാധ്യമങ്ങളെ കാണാന്‍ അവസരം ഉണ്ടാക്കി കൊടുത്തു. ഇതോടെ ഇവരെ തടഞ്ഞ് കൊണ്ട് ഫ്രാങ്കോ അനുകൂലികളായ ഒരു പറ്റം ആളുകള്‍ തടയുകയും ബലമായി പിടിച്ച് പുറത്താക്കുകയും ചെയ്തു- ദൃക്സാക്ഷികള്‍ പറയുന്നു.

ഇവിടുത്തെ അച്ഛന്മാര്‍ എനിക്കൊപ്പം നില്‍ക്കുന്നു. എന്നിട്ടുമെന്റെ ആളുകള്‍ എന്തുകൊണ്ട് എനിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് അറിയില്ല. ഇനിയും സത്യത്തിനുവേണ്ടി തന്നയേ നില്‍ക്കുകയുള്ളു. ആളുകളെന്നെ തള്ളി പറഞ്ഞാലും സത്യം തുറന്നു പറയും – സിസ്റ്റര്‍ അനുപമ പറഞ്ഞു.

ഭക്ഷണത്തില്‍ സ്ലോ പോയിസണ്‍ ചേര്‍ത്ത് അവര്‍ ഞങ്ങളെ അല്പാല്പമായി ഇല്ലാതാക്കുമെന്ന് ഭയക്കുന്നതായി സിസ്റ്റര്‍ അനുപമ പറഞ്ഞിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസിന് മൊഴി നല്‍കിയ ഫാ. കുര്യാക്കോസ് കാട്ടുത്തറയുടെ മരണം ഞങ്ങള്‍ക്കുള്ള സൂചനയാണോ എന്ന് സംശയമുണ്ട്. അച്ചന്‍ എങ്ങനെ മരിച്ചതാണെങ്കിലും അതിന് പിന്നില്‍ അവര്‍ തന്നെയാണ്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം കിട്ടിയശേഷം അയാളുടെ ആളുകള്‍ പലതവണ അച്ചനെ നേരിട്ട് ചെന്നുകണ്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇരയായ കന്യാസ്ത്രിയുടെ സുഹൃത്തായ സിസ്റ്റര്‍ അനുപമ മുന്‍പ് പറഞ്ഞിരുന്നു.

ALSO READ: ഇല്ല, അവര്‍ മാറിയിട്ടില്ല; നായര്‍, യോഗക്ഷേമ സഭകളുടെ കൊടിയടയാളം പരശുരാമന്റെ വെണ്മഴു തന്നെ; വി.ടി ഭട്ടതിരിപ്പാടിന്റെ മകന്‍ സംസാരിക്കുന്നു

മാനസികമായി വളരെയധികം ബുദ്ധിമുട്ടിലാണ് ഞങ്ങള്‍ കഴിയുന്നത്. ഒന്നിനും സ്വാതന്ത്ര്യമില്ല. ഞങ്ങളെ ഒരു ജോലിയും ചെയ്യാന്‍ അനുവദിക്കുന്നില്ല. ഞങ്ങളെ കുറിച്ച് അപവാദം പറഞ്ഞ് പരത്തുന്നുണ്ട്. ഞങ്ങളെ ആരും വിളിക്കാറില്ല. ഞങ്ങള്‍ മദറിനോട് മാത്രമാണ് ആകെ മിണ്ടുന്നത്. അതും ആശുപത്രിയിലോ മറ്റോ പോകാന്‍ പണം ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ വേണ്ടി മാത്രം. ഫാ കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിന് പിന്നില്‍ ദുരൂഹത ഉണ്ടെന്നും സിസ്റ്റര്‍ നേരത്തെ പറഞ്ഞിരുന്നു.

“സിസ്റ്റര്‍മാരെ പുറത്താക്കിയ സംഭവം ദൗര്‍ഭാഗ്യകരമായി. പള്ളി എന്നത് ഒരു പൊതു ഇടമാണ്. ക്രിസ്തുവിന്റെ ദര്‍ശനങ്ങള്‍ സൂക്ഷിക്കുന്നിടമാണത്്. അവിടെ നിന്നും ആരെയും ഇറക്കിവിടുന്നത് ശരിയല്ല. അവരെന്തിന് അത് ചെയ്തു എന്ന മനസ്സിലാവുന്നില്ല. അവിടുത്തെ വിശ്വാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരും എന്നാണ് വിശ്വാസം” എന്നും ഫാദര്‍ അഗസ്തിന്‍ വട്ടോളി പറഞ്ഞു.

പള്ളിയിലെ വിശ്വാസി സമൂഹം സിസ്റ്റര്‍ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അപമാനഭാരത്തോടെയാണ് കണ്ടത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ആള്‍ക്കൂട്ടാക്രമണത്തിന് പൊതുവഴിയില്‍ സ്ത്രീകള്‍ വിധേയരാകുന്നത് പ്രാകൃത സമൂഹങ്ങളില്‍ മാത്രമാണ്. ചോദ്യം ചെയ്യുന്നവരെ വഴിയിലിട്ട് കണ്ടം തുണ്ടം വെട്ടിയതും പച്ചക്കു തീയിട്ടതുമായ കഥകള്‍ ഹൈപേഷ്യയുടെ കാലത്തു കേട്ടിട്ടുണ്ട്- എഴുത്തുകാരിയായ ശാരദക്കുട്ടി പറയുന്നു.

ALSO READ: അച്ഛനും അമ്മയും അയ്യപ്പനോട് മാപ്പിരന്ന് ഭജന നടത്തിയെന്നത് വ്യാജ വാര്‍ത്ത; പിന്നില്‍ ബി.ജെ.പിയും ആര്‍.എസ്.എസും: വെളിപ്പെടുത്തലുമായി ബിന്ദു തങ്കം

ഈ ദൃശ്യങ്ങള്‍ നമ്മുടെ നവകേരളത്തിലാണ്. കേരളം മുഴുവന്‍ കണ്ടതാണ്. പച്ചക്കുള്ള തെളിവുകളാണ്. തെരുവിലും പൊതുവിടങ്ങളിലും തലയുയര്‍ത്തി നടക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ഇല്ലാതാക്കാന്‍ അനുവദിക്കരുത്. കരഞ്ഞുകൊണ്ടിറങ്ങിപ്പോകുന്ന ആ സന്യാസിനി, നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരമാണ്.

ഫാദര്‍ കുര്യാക്കോസിന്റെ പെട്ടെന്നുണ്ടായ മരണത്തിന്റെ കാരണങ്ങള്‍ അജ്ഞാതമാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു രേഖകളും പറയുന്നതല്ലാതെ നമുക്കു ആധികാരികമായൊന്നും പറയാന്‍ കഴിയില്ല. പക്ഷേ, ജീവിച്ചിരിക്കുന്ന ഈ കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗുരുതരമായ ശ്രദ്ധ ആവശ്യമാണ്. സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ അതിലുണ്ടാകണം. അത്രക്ക് അസഹിഷ്ണുതയും ആക്രമണ വ്യഗ്രതയുമാണ് പള്ളിമുറ്റത്തെ ആണുങ്ങള്‍ കാണിക്കുന്നത്. നാളെ അഹിതമായ വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗരൂകമായിരിക്കണം എന്നും ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.

WATCH THIS VIDEO

സൗമ്യ ആര്‍. കൃഷ്ണ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more