| Sunday, 16th September 2018, 10:33 am

കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് സഹോദരന്റെ മകന്റെ കുര്‍ബാനയ്ക്ക് വന്നപ്പോള്‍: മദര്‍സുപ്പീരിയര്‍ കൂട്ടിക്കൊടുപ്പുകാരിയായി അധ:പതിച്ചു; വെളിപ്പെടുത്തലുമായി സിസ്റ്റര്‍ അനുപമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് പരാതിക്കാരിയുടെ സഹോദരന്റെ മകന്റെ ആദ്യ കുര്‍ബാനയ്ക്ക് എത്തിയപ്പോഴാണെന്ന് വെളിപ്പെടുത്തല്‍. കന്യാസ്ത്രീക്കൊപ്പം കഴിയുന്ന സിസ്റ്ററും സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന സിസ്റ്റര്‍ അനുപമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2014 മെയ് അഞ്ചിനായിരുന്നു സംഭവം. കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് കോണ്‍വെന്റിലെ 20 ാം നമ്പര്‍ മുറിയില്‍ വെച്ചാണ് കന്യാസ്ത്രീ പീഡനത്തിന് ഇരയായത്. അന്ന് മഠത്തിലെത്തിയ ഫ്രാങ്കോയെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് പോകാനായിരുന്നു കന്യാസ്ത്രീയുടെ തീരുമാനം. എന്നാല്‍ നാളത്തെ ചടങ്ങില്‍ ഒരുമിച്ച് പോകാമെന്ന് പറഞ്ഞ് സിസ്റ്ററിനെ നിര്‍ബന്ധപൂര്‍വം അവിടെ നിര്‍ത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പിറ്റേന്ന് കാലടിയിലെ ഒരു പള്ളിയില്‍ നടന്ന കുര്‍ബാനയില്‍ പങ്കെടുക്കാനായി കന്യാസ്ത്രീ ഫ്രാങ്കോക്കൊപ്പം കാറില്‍ കയറുമ്പോള്‍ കരച്ചിലായിരുന്നു. പള്ളിയില്‍ വെച്ച് ബന്ധുക്കള്‍ കാര്യം അന്വേഷിച്ചപ്പോള്‍ പനിയും ജലദോഷവുമാണെന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. അത് എല്ലാവരും വിശ്വസിക്കുകയും ചെയ്തു. പിന്നീട് പലതവണയായി ഫ്രാങ്കോ കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നും സിസ്റ്റര്‍ അനുപമ വെളിപ്പെടുത്തി.

തങ്ങള്‍ ഒരിക്കലും സഭയ്‌ക്കെതിരല്ലെന്നും സഭയില്‍ നിന്ന് നീതി ലഭിച്ചിരുന്നെങ്കില്‍ തെരുവിലിറങ്ങില്ലായിരുന്നെന്നും സിസ്റ്റര്‍ അനുപമ പറയുന്നു.


“ഞാന്‍ മന്ത്രിയാണ്, ഇന്ധന വില വര്‍ദ്ധനവ് എന്നെ ബാധിച്ചിട്ടില്ല”: കേന്ദ്രമന്ത്രി അത്താവാലെ; സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം


മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റെജീന ബിഷപ്പിനായി നിലകൊള്ളുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ അവരാണ് മിഷനറീസ് ഓഫ് ജീസസിനെ അപമാനിച്ചത്. എല്ലാ പരാതികളും അവര്‍ മുക്കുകയായിരുന്നു.

മദര്‍ സുപ്പീരിയര്‍ കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ചു. അധികാരമുണ്ടെങ്കിലും സ്വന്തമായി തീരുമാനമെടുക്കാതെ ഫ്രാങ്കോയുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നെന്നും സിസ്റ്റര്‍ അനുപമ പറയുന്നു.

2017 ജൂലായില്‍ കുറവിലങ്ങാട് മഠത്തില്‍ നിന്ന് ഗുരുദാസ്പൂരിലെത്തിയപ്പോള്‍ തന്നേയും ഫ്രാങ്കോയ്ക്ക് മുന്നിലെത്തിക്കാനുള്ള ശ്രമം നടന്നിരുന്നെന്നും സിസ്റ്റര്‍ അനുപമ പറയുന്നു.

മദര്‍ സൂപ്പീരിയര്‍ റെജീന പറഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞ് ഒരു ദിവസം സിസ്റ്റര്‍ ആനി ജോസ് മുറിയിലെത്തി. എന്നെ ഫ്രാങ്കോക്ക് മുന്നിലെത്തിക്കുകയായിരുന്നു ദൗത്യം. ബിഷപ്പിന്റെ മുറിയിലേക്ക് എത്തിയപ്പോള്‍ “”അവന്‍ നമ്മുടെയാളല്ല തട്ടിയേക്കൂ”” എന്ന് ഫോണില്‍ പറയുന്നതാണ് കേട്ടത്. കൂടിക്കാഴ്ച നടന്ന ഗ്യാനോ ദയ പാസ്റ്റര്‍ സെന്ററില്‍ ആ സമയം ഫാ. പീറ്റര്‍ കാവുംപുറവുമുണ്ടായിരുന്നു. ഇരയുടെ കുറ്റങ്ങളും കുറവുകളും മാത്രമാണ് നാല് മണിക്കൂര്‍ ഫ്രാങ്കോ സംസാരിച്ചത്. അവരോട് മിണ്ടരുതെന്നും നിര്‍ദേശിച്ചു. എനിക്ക് ഇപ്പോഴാണ് സത്യം മനസിലായത് എന്ന് ബലമായി എഴുതി വാങ്ങിച്ചു. അതിനിടയില്‍ എവിടെ നിന്നോ ശക്തി കിട്ടി. അമ്മ പിതാവിനൊപ്പം കിടക്കാന്‍ സമ്മതിക്കാത്തതല്ലേ പ്രശ്‌നമെന്ന് ചോദിച്ച് അന്ന് ഞാന്‍ മുറിയില്‍ നിന്നിറങ്ങി- അനുപമ പറയുന്നു.

We use cookies to give you the best possible experience. Learn more