| Thursday, 17th January 2019, 3:27 pm

ഞങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ അധികാരമില്ലെന്ന് പറഞ്ഞ മദറിന് പുറത്താക്കാന്‍ എന്തധികാരമാണുള്ളത് ; സിസ്റ്റര്‍ അനുപമ സംസാരിക്കുന്നു

ജിന്‍സി ടി എം

കന്യാസ്ത്രീയെ ലൈംഗികമായി ആക്രമിച്ച ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് വഞ്ചി സ്‌ക്വയറില്‍ സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ നാല് കന്യാസ്ത്രീകളേയും നാലിടങ്ങളിലായി മാറ്റിക്കൊണ്ട് സഭ ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ്. നീതിയാവശ്യപ്പെട്ട് സമരം ചെയ്തതിനുള്ള പ്രതികാര നടപടിയാണിതെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ തുടര്‍ പ്രതിരോധങ്ങളെക്കുറിച്ച് കന്യാസ്ത്രീ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന സിസ്റ്റര്‍ അനുപമ ഡൂള്‍ന്യൂസിനോടു സംസാരിക്കുന്നു.

സമരം നാലുപേരെ നാല് ഇടങ്ങളിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവ് വന്നിരിക്കുകയാണ്. എങ്ങനെയാണ് ഇതിനെ കാണുന്നത്?

സ്ഥലംമാറ്റ ഉത്തരവിനെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. കാരണം ഞങ്ങളെ സംരക്ഷിക്കേണ്ട സന്യാസി സമൂഹം, പ്രത്യേകിച്ച് ജനങ്ങളുടെ മദര്‍ ജനറലും കൂട്ടരും ഞങ്ങളോട് കാണിക്കുന്ന ഒരു അനീതിയാണിത്. മഠത്തില്‍ ഞങ്ങള്‍ക്ക് സുരക്ഷാ പാളിച്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസും സര്‍ക്കാറും ലെറ്റര്‍ കൊടുത്തിരുന്നു. അതില്‍ മദര്‍ ജനറാള്‍ നല്‍കിയ മറുപടി സുരക്ഷയ്ക്ക് ക്രമീകരണം നടത്താന്‍ തനിക്ക് അധികാരമോ അല്ലെങ്കില്‍ പണമോ ഇല്ല എന്നാണ്.

അന്ന് അധികാരവും പണവുമൊന്നുമില്ലെന്നു പറഞ്ഞ സിസ്റ്റര്‍ റജീനയ്ക്ക് ഞങ്ങളെ ശിക്ഷിക്കാന്‍ വലിയ അധികാരമാണ്. അത് എവിടുന്നാ കിട്ടിയെന്ന് ഞങ്ങള്‍ക്കും അറിയില്ല. അതുകൊണ്ട് ഞങ്ങള് ഞങ്ങളുടെ സിസ്റ്ററിനെ ഒറ്റയ്ക്കാക്കി എങ്ങും പോകില്ല. ഇവിടെ തന്നെ നില്‍ക്കും. ഇവിടെക്കിടന്ന് മരിക്കേണ്ടി വന്നാലും. കേസ് തീരുന്നതുവരെ ഇവിടെ നില്‍ക്കും. കേസ് തീര്‍ന്നുകഴിഞ്ഞാല്‍ എവിടെ വേണമെങ്കിലും ഞങ്ങള്‍ പോകും. അതുവരെ ഇവിടെ തുരുമെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് ഞങ്ങള്‍ എല്ലാവരും

ഇവിടെ ഞങ്ങളെ സംരക്ഷിക്കേണ്ട സഭ ഞങ്ങളെ സംരക്ഷിക്കുന്നില്ല. പിന്നെ അവിടെ പോയാല്‍ ഞങ്ങളെ സംരക്ഷിക്കുമെന്നതിന് എന്താണ് ഉറപ്പ്.

ബിഷപ്പിനെതിരായ കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലുള്ള ഈ സ്ഥലംമാറ്റം കേസിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമെന്ന് കരുതുന്നുണ്ടോ?

ഈ കേസ് അട്ടിമറിക്കപ്പെടുമോയെന്നു തന്നെ ഞങ്ങള്‍ സംശയിക്കുന്നു. കാരണം ഇരയായ സിസ്റ്ററിനെ ദുര്‍ബലയാക്കിക്കൊണ്ട്, അവരെ സമ്മര്‍ദ്ദത്തിലാക്കി കേസ് ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ഞങ്ങള്‍ ഇവിടെ നിന്നും പോയിക്കഴിഞ്ഞാല്‍ സിസ്റ്ററിന് ബലമില്ലാതെയാവും. സിസ്റ്റര്‍ ദുര്‍ബലയായിക്കഴിഞ്ഞാല്‍ എളുപ്പമായില്ലേ. കുര്യാക്കോസ് അച്ഛന്‍ മരിച്ചതുപോലെ തന്നെ സിസ്റ്ററിനേയും ഞങ്ങളെയും ഇവര്‍ക്ക് കൊല്ലാന്‍ സാധിക്കും. പലരീതിയില്‍ ഞങ്ങളെ കൊല്ലാന്‍ സാധിക്കുമല്ലോ. അങ്ങനെ ഏതെങ്കിലും രീതിയില്‍ ചെയ്ത് ഇവര്‍ക്ക് കേസ് ഇല്ലാതാക്കാന്‍ സാധിക്കും. അത്തരമൊരു ശ്രമമായിട്ടു തന്നെയാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്.

നിലവിലെ അന്വേഷണത്തില്‍ തൃപ്തരാണോ?

അന്വേഷണ സംഘം ഞങ്ങളുടെയൊക്കെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രം ഉടന്‍ തന്നെ സമര്‍പ്പിക്കുമെന്ന് കേള്‍ക്കുന്നുണ്ട്. കേസ് നല്ലരീതിയില്‍ തന്നെ പോകുന്നതായിട്ടാണ് തോന്നുന്നത്.

സ്ഥലംമാറ്റം ലഭിച്ച നാല് കന്യാസ്ത്രീകളോടും 2018 മാര്‍ച്ചില്‍ ഇതേ സ്ഥലങ്ങളിലേക്ക് പോകാന്‍ നിര്‍ദേശിച്ചിരുന്നെന്നും എന്നാല്‍ അവര്‍ പോകാന്‍ തയാറായില്ലെന്നുമാണ് മദര്‍ ജനറലിന്റെ വാദം. അത്തരമൊരു നിര്‍ദേശം ലഭിച്ചിരുന്നോ?

പൊതുവിലുള്ള സ്ഥലം മാറ്റത്തിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ചില്‍ സ്ഥലം മാറ്റം തന്നു. ഏപ്രിലില്‍ ഞങ്ങള്‍ ഇങ്ങോട്ട് തിരിച്ചുപോന്നു. കാരണം പീഡനത്തിന് ഇരയായ സിസ്റ്ററിന് അവരില്‍ യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. അതുകൊണ്ട് സിസ്റ്ററിന് ഒരു ബലമായിട്ട് ഞങ്ങളിങ്ങോട്ട് പോന്നു.

ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള സമരം അവസാനിപ്പിച്ച് മഠത്തിലേക്ക് പോയ നിങ്ങള്‍ക്ക് സഭ എന്തെങ്കിലും തരത്തിലുള്ള സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നോ?

ഒരിക്കലുമില്ല. ഞങ്ങളെ സഭയില്‍ നിന്നും ഒരോറ്റക്കുഞ്ഞുപോലും വിളിച്ചിട്ടില്ല. അവര് ഞങ്ങളെക്കുറിച്ചൊന്ന് അന്വേഷിച്ചിട്ടുപോലുമില്ല. എത്രത്തോളം ഉപദ്രവിക്കാന്‍ പറ്റുമോ അത്രയും ഉപദ്രവം അവര്‍ ഞങ്ങള്‍ക്ക് തരുന്നുണ്ട്. ബിഷപ്പിനെതിരെ കേസ് കൊടുത്തതിനുശേഷം, അവരെ വിളിക്കാതെ തന്നെ എസ്.പി ഓഫീസിലേക്ക് ഞങ്ങളുടെ മദര്‍ ജനറല്‍ റജീനയും അവരുടെ കൗണ്‍സിലര്‍മാരും ഓടിയെത്തിയിരുന്നു. എന്നാല്‍ ഞങ്ങള്‍ ഇവിടെയുണ്ട്, ഞങ്ങളെ ഒന്നുവന്ന് കാണാനോ പീഡിപ്പിക്കപ്പെട്ട സിസ്റ്ററിനെ കാണാനോ, കൂടെയുണ്ടെന്ന് പറഞ്ഞ് സാന്ത്വനിപ്പിക്കാനോ അപോലും പറ്റാത്തൊരാളാണ് ഞങ്ങളുടെ മദര്‍ ജനറല്‍.

മുഖ്യമന്ത്രി ദല്‍ഹിയില്‍ പോയപ്പോള്‍ അദ്ദേഹത്തെ കാണാനായി പത്തുപതിനാല് സിസ്റ്റര്‍മാര്‍ പോയി. ബീഷപ്പ് ഫ്രാങ്കോ നിരപരാധിയാണെന്ന് അറിയിച്ചു. എന്നാല്‍ ഇവിടെയുള്ള ഞങ്ങളെ ഫോണില്‍ വിളിക്കാന്‍ പോലും ആരും കൂട്ടാക്കിയിട്ടില്ല. ഞങ്ങളോട് വലിയ അനീതിയാണ് ഇവര്‍ ഇപ്പോഴും കാണിച്ചുകൊണ്ടിരിക്കുന്നത്.

കുറവിലങ്ങാട് മഠത്തിലുള്ള മറ്റ് സഹപ്രവര്‍ത്തകരുടെ പിന്തുണ നിങ്ങള്‍ക്കുണ്ടോ? നിങ്ങളോടുള്ള അവരുടെ സമീപനം എന്താണ്?

അവരും ഇതേ സമീപനമാണ്. മദര്‍ ജനറലാണല്ലോ അവരെ വിട്ടിരിക്കുന്നത്. അതേ സമീപനം തന്നെയാണ്. ഞങ്ങളെ ഒന്നും ചെയ്യാന്‍ പോലും സമ്മതിക്കുന്നില്ല. ഞങ്ങള്‍ അടച്ചുപൂട്ടി അകത്തിരിക്കണം. അതാണ് അവരുടെ ആവശ്യം.

ഞങ്ങളുടെ അതിജീവനത്തിന്റെ ഭാഗമായി കുറച്ചു കോഴിക്കുഞ്ഞുങ്ങളെ മേടിച്ച് വളര്‍ത്തുകയും അടുക്കളത്തോട്ടമായി കുറച്ചു പച്ചക്കറി നടുകയും ചെയ്തിരുന്നു. കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നയാളെ തടഞ്ഞുനിര്‍ത്തി, അയാളെ ഭീഷണിപ്പെടുത്തി. കിളയ്ക്കാന്‍ വന്നയാളോട് ഇനി മേലാല്‍ കിളയ്ക്കാന്‍ വന്നുപോകരുത്, വന്നാല്‍ പൊലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു.

അസുഖം വന്നാല്‍ ആശുപത്രി ചിലവിനായി ഞങ്ങള്‍ പൈസ ചോദിക്കുമ്പോള്‍ പൈസയില്ല, ജലന്ധറില്‍ നിന്നും പൈസ വന്നിട്ടില്ലയെന്നുള്ള ഉത്തരമാണ് എപ്പോഴും തരുന്നത്. ഇതാണ് ഇപ്പോഴും അവര് ചെയ്തുകൊണ്ടിരിക്കുന്നത്.

നേരത്തെ ബിഷപ്പിനെതിരെ പരാതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍ വാഹനം അപകടപ്പെടുത്തി കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി പറഞ്ഞിരുന്നല്ലോ. സമരത്തിനുശേഷം ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

അതിനുശേഷം അത്തരം കാര്യങ്ങളൊന്നും ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല.

ബിഷപ്പ് അറസ്റ്റിലായശേഷം ഇരയായ കന്യാസ്ത്രീയ്ക്കുമേല്‍ കേസില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമോ ഭീഷണിയോ ഉണ്ടായിരുന്നോ?

ഇപ്പോള്‍ നേരിട്ടുള്ള സമര്‍ദ്ദമൊന്നുമില്ല. പക്ഷേ അവരെ ഒറ്റപ്പെടുത്തുന്നു. അവര്‍ക്കുവേണ്ടി ശബ്ദിക്കുന്നവരെ നിശബ്ദരാക്കാന്‍ നോക്കുന്നു. അതൊക്കെ അവരെ മാനസികമായി ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട്. ഞങ്ങളെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് കണ്ടതിനുശേഷം അവര്‍ക്ക് ഒരുപാട് വിഷമമാണ്. എന്നെ പിന്നെയും ഒറ്റപ്പെടുത്തുമോയെന്ന പേടിയാണ്. ഞങ്ങള്‍ പോകില്ലയെന്നുള്ള ഉറപ്പുണ്ടെങ്കില്‍ പോലും സഭയും, ഞങ്ങളുടെ സന്യാസി സമൂഹവും ഒറ്റപ്പെടുത്തുന്നതില്‍ അവര്‍ക്ക് മാനസികമായ പ്രശ്‌നമുണ്ട്.

നേരത്തെ ഞങ്ങളുടെ നൂണ്‍ഷിയോ (വത്തിക്കാന്‍ പ്രതിനിധി)യോട് ബിഷപ്പിനെതിരെ പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു മറുപടി പോലും തന്നിരുന്നില്ല. പക്ഷേ എറണാകുളത്ത് നടക്കുന്ന സീറോ മലബാര്‍ സഭയുടെ സിനഡില്‍ പങ്കെടുക്കാന്‍ അദ്ദേഹമെത്തി. നൂണ്‍ഷിയോ ലാറ്റിന്‍ കത്തോലിക്കയുടേതായതിനാല്‍ അദ്ദേഹം അതില്‍ പങ്കെടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല. എന്നിട്ടുപോലും സിനഡിനുവരെ അദ്ദേഹം വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങളെയൊന്നു കാണാനോ ഞങ്ങളോടൊരു വാക്കു ചോദിക്കാനോ സഭാ നേതൃത്വം പോലും തയ്യാറാവുന്നില്ല. ഇപ്പോഴും പീഡിപ്പിക്കുന്നവന്‍ ഞാന്‍ വലിയ ആളാണ്, എനിക്കു അധികാരമുണ്ട് എന്ന് കാണിച്ചു നടക്കുകയാണ്. ഇരകളായ ഞങ്ങള്‍ നിശബ്ദരാക്കപ്പെടുന്നു.

സഭയില്‍ നിന്നും വലിയ എതിര്‍പ്പാണ് നേരിടുന്നത്. വിശ്വാസികളായ പൊതുസമൂഹത്തില്‍ നിന്നും ഇത്തരമൊരു എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ടോ?

അവരുടെ പിന്തുണയുണ്ട്. വിശ്വാസികളായവരുടെ മാത്രമല്ല മറ്റ് സമുദായങ്ങളിലുള്ള നല്ലവരായ മനുഷ്യരുടെയൊക്കെ പിന്തുണ ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.

സ്ഥലംമാറ്റ ഉത്തരവ് അംഗീകരിക്കില്ലെന്ന് നിങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ സഭയുടെ തുടര്‍നടപടികള്‍ എന്തായിരിക്കും?

ഇതിപ്പോള്‍ ഞങ്ങള്‍ക്ക് ഒരു റിമൈന്‍ഡര്‍ കത്താണ് വന്നിരിക്കുന്നത്. പിന്നെ അവര്‍ക്ക് വാണിങ് ലെറ്റര്‍ അയക്കാം. നമുക്കെതിരെ ആക്ഷനെടുക്കാനൊക്കെ പറ്റും. സഭയില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെ അവര്‍ക്ക് ചെയ്യണമെങ്കില്‍ ചെയ്യാം. എന്തൊക്കെ വന്നാലും അവര്‍ക്ക് അവസാനമായിട്ട് ഇപ്പോഴത്തെ ജലന്ധര്‍ രൂപതയുടെ ബിഷപ്പിന്റെ അനുവാദം വേണം. ബിഷപ്പാണ് അവസാനമായി നടപടി ഉത്തരവില്‍ ഒപ്പുവെക്കേണ്ടയാള്‍.

കന്യാസ്ത്രീ സമരത്തിന് പിന്തുണ അറിയിച്ചതിന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് സഭയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി നേരിടേണ്ടി വന്നു. സിസ്റ്റര്‍ ലൂസിയ്‌ക്കെതിരായ സഭയുടെ നടപടികളെ എങ്ങനെ കാണുന്നു?

സിസ്റ്റര്‍ ലൂസി സമരത്തിനു വന്നതിന്റെ പേരിലല്ലേ ഇത് നേരിടേണ്ടി വന്നത്. സത്യത്തിനുവേണ്ടി നിന്നതുകൊണ്ടല്ലോ. ഇപ്പോള്‍ സത്യത്തിനുവേണ്ടി നില്‍ക്കുന്നവര്‍ക്കെല്ലാം പീഡനവും നുണ പറഞ്ഞ് കാര്യം നേടുന്നവര്‍ക്കെല്ലാം സ്ഥാനമാനങ്ങളും അധികാരവുമൊക്കെയാണ് കൊടുക്കുന്നത്. സിസ്റ്ററിനോടുള്ള പക പോക്കലായിട്ടാണ് ഞങ്ങള്‍ അതിനെ കാണുന്നത്.

നിങ്ങളുടെ പോരാട്ടത്തിന് കുടുംബത്തില്‍ നിന്നും നല്ല പിന്തുണ ലഭിച്ചിരുന്നു. ഇപ്പോഴും അവര്‍ നിങ്ങള്‍ക്കൊപ്പമുണ്ടോ?

കുടുംബത്തില്‍ നിന്നും നല്ല പിന്തുണയുണ്ട്. അവര്‍ ഞങ്ങള്‍ക്കൊപ്പം തന്നെയുണ്ട്. എന്തുവന്നാലും നേരിടാനുള്ള പിന്തുണയുമായിട്ടാണ് അവര്‍ നില്‍ക്കുന്നത്. അവര്‍ ഞങ്ങളെ വന്നു കാണുകയും സഹായിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

സ്ഥലംമാറ്റ ഉത്തരവിനോട് ബന്ധുക്കളുടെ നിലപാട് എന്താണ്?

പോകേണ്ട എന്നാണ് അവര് ഞങ്ങളോട് പറയുന്നത്. അവര്‍ക്കറിയാം പോയിക്കഴിഞ്ഞാല്‍ ഞങ്ങളുടെ ശവം കിട്ടിക്കോളണമെന്നില്ലെന്ന്. പിന്നെ ഞങ്ങള് തെറ്റു ചെയ്തിട്ടില്ല. നീതിക്കുവേണ്ടിയാണ് ഞങ്ങള്‍ നിന്നത്. നമ്മുടെ വീടുകളിലാണെങ്കിലും കുടുംബത്തിലൊരാള്‍ക്ക് എന്തെങ്കിലും പറ്റിക്കഴിഞ്ഞാല്‍ നമ്മള്‍ അവര്‍ക്കൊപ്പം നില്‍ക്കും. ഞങ്ങളുടെ ഈ സന്യാസി സമൂഹത്തില്‍ വേറെയാരും ഈ സിസ്റ്ററുടെ കൂടെ നില്‍ക്കാനില്ല. ഞങ്ങളുടെ ഒരമ്മയെന്ന നിലയിലാണ് സിസ്റ്ററുടെ കൂടെ നിന്നത്.

ഞങ്ങള്‍ സമരം ചെയ്തത് ആരെയും ബുദ്ധിമുട്ടിക്കാനോ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനോ അല്ല. നീതി കിട്ടുകയെന്ന ആവശ്യമുയര്‍ത്തിയാണ്. ഞങ്ങള്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല. സഭയ്ക്ക് അകത്തുതന്നെ ഞങ്ങള്‍ക്ക് നീതി കിട്ടിയിരുന്നുവെങ്കില്‍ ഞങ്ങള്‍ ഒരിക്കലും ഈ ഒരു സമരത്തിന് ഇറങ്ങേണ്ട അവസ്ഥയുണ്ടാകുമായിരുന്നില്ല.

പരാതിയുമായി പലരെയും സമീപിച്ചിട്ടും അവരാരും ഞങ്ങള്‍ക്ക് ഒരു അക്‌നോളജ്‌മെന്റുപോലും തന്നിട്ടില്ല. നിങ്ങള് കാത്തിരിക്കൂവെന്നു പോലും പറഞ്ഞിട്ടില്ല. ഞങ്ങള്‍ക്കെതിരെയും വീട്ടുകാര്‍ക്കെതിരെയും ബിഷപ്പ് ഫ്രാങ്കോ കേസ് കൊടുത്തപ്പോള്‍ പോലും, ആ അവസാന നിമിഷത്തില്‍പോലും ഞങ്ങള്‍ നൂണ്‍ഷിയോന് ഇമെയില്‍ അയച്ചുകൊണ്ട് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ് എന്നു പറഞ്ഞുകൊണ്ട് നൂണ്‍ഷിയോയ്ക്കുവരെ ഞങ്ങള്‍ കത്തുകൊടുത്തു. ആ ഒരു കത്തിനുപോലും ഞങ്ങള്‍ക്ക് മറുപടി ലഭിച്ചിട്ടില്ല. റോമുവരെ ഞങ്ങളുടെ കത്ത് ചെന്നിട്ടുപോലും ഞങ്ങള്‍ക്ക് ആരും ഒരു മറുപടി തന്നിട്ടില്ല. പിന്നെ ഞങ്ങളെന്താ ചെയ്യേണ്ടത്. ഞങ്ങളുടെ വീട്ടുകാരെ ജയിലിടാനായി ഞങ്ങള്‍ അനുവദിക്കണമായിരുന്നോ. ഞങ്ങളെ മഠത്തില്‍ വിട്ടതിന് കൂലിയായിട്ട് അവര്‍ക്ക് ജയില്‍വാസം, അത് ഒരുമക്കളും ആഗ്രഹിക്കുന്നില്ലല്ലോ. അതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വന്നപ്പോള്‍ സിസ്റ്ററിന്റെ സഹോദരന് ഇതിന്റെ പുറകിലുള്ള കാര്യങ്ങള്‍ പറയേണ്ടി വന്നു. ആ സാഹചര്യത്തിലാണ് കേസ് വന്നത്. നൂണ്‍ഷിയോയ്ക്ക് നല്‍കിയ പരാതി തന്നെയാണ് ഞങ്ങള്‍ കോട്ടയം എസ്.പിക്കും കൈമാറിയത്.

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more