തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം നടത്തിയതിന്റെ പേരില്‍ സ്ഥലംമാറ്റിയ നടപടിയില്‍ പ്രതികരണവുമായി സിസ്റ്റര്‍ അനുപമ.
കുറുവിലങ്ങാട് മഠത്തില്‍ നിന്നും പോവില്ലെന്നും കേരളത്തിന് പുറത്തേക്ക് മാറ്റിയത് കേസ് ദുര്‍ബലമാക്കാനാണെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.
കേസ് തീരാതെ ഇവിടെ നിന്ന് പോകില്ലെന്ന് ഞങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.ഞങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനും വേണ്ടിയുള്ള തന്ത്രമാണ് ഇപ്പോള്‍ കാണിക്കുന്നത്. കുറുവിലങ്ങാട് മഠത്തില്‍ നിന്നും പോകില്ലെന്ന് തന്നെയാണ് തീരുമാനമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റി
കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാരായ അനുപമ, ജോസഫിന്‍, ആല്‍ഫി, നീന റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ റജീന കടംതോട്ടാണ് കന്യാസ്ത്രീകളെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.
സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയത്. സിസ്റ്റര്‍ ആല്‍ഫിനെ ചത്തീസ്ഗഢിലേക്ക് മാറ്റിയപ്പോള്‍ മറ്റൊരാളെ കണ്ണൂരിലേക്കാണ് മാറ്റിയിരിക്കുന്നത്.
ജനുവരി മൂന്നിനാണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഉത്തരവ് ജനുവരി പത്തിനാണ് ഉത്തരവ് കന്യാസ്ത്രീകള്‍ക്ക് കൈമാറിയത്.