|

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി മുക്കിയത് മദര്‍ ജനറാള്‍; പരാതിക്ക് നല്‍കിയ മറുപടി തെളിവായുണ്ടെന്ന് സിസ്റ്റര്‍ അനുപമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ പരാതി മുക്കിയത് മദര്‍ ജനറാള്‍ ആയിരുന്നെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ. പരാതി കിട്ടിയില്ലെന്ന് ഇപ്പോള്‍ പറയുന്ന അവര്‍, അന്ന് പരാതിക്ക് നല്‍കിയ മറുപടി തെളിവായുണ്ടെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിലാണ് സിസ്റ്റര്‍ അനുപമയുടെ പ്രതികരണം.

അതേസമയം, 2013 മെയ് അഞ്ചിന് പീഡനം നടന്നുവെന്ന കന്യാസ്ത്രിയുടെ മൊഴി ജലന്ധര്‍ രൂപത തള്ളി. ഈ ദിവസം ബിഷപ്പ് കുറവലങ്ങാടില്ലായിരുന്നുവെന്ന് ആവര്‍ത്തിച്ചാണ് ജലന്ധര്‍ രൂപത പ്രസ്താവന ഇറക്കിയിരിക്കുന്നത്.

കുറവിലങ്ങാട് മഠത്തില്‍ ബിഷപ്പ് അന്ന് ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭിച്ചുവെന്ന അന്വേഷണ സംഘത്തിന്റ വാദത്തെയും രൂപത തള്ളി. കന്യാസ്ത്രിയുടെ കയ്യിലിരിക്കുന്ന ലോഗ് ബുക്കിനെ തെളിവായി കാണരുതെന്നാണ് രൂപതയുടെ വാദം.


Read:  ആരോപണം വന്നപ്പോള്‍ തന്നെ രാജി വെയ്ക്കാന്‍ ആലോചിച്ചിരുന്നു, ഇപ്പോള്‍ സമരം ചെയ്യുന്നത് സഭയെ എതിര്‍ക്കുന്നവര്‍; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍


ബിഷപ്പ് ഒരിക്കലും കന്യാസ്ത്രിക്കൊപ്പം ഒറ്റക്ക് ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും അന്വേഷണസംഘത്തിന്റ നിര്‍ണായക യോഗദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ രൂപത വിശദീകരിക്കുന്നുണ്ട്.

അതേസമയം, കന്യാസ്ത്രീ തനിക്കെതിരെ പീഡനാരോപണം ഉന്നയിച്ചപ്പോള്‍ തന്നെ രാജിവയ്ക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ സഹപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം തീരുമാനം മാറ്റുകയായിരുന്നെന്നും ബിഷപ്പ് പറഞ്ഞു.