| Tuesday, 15th October 2019, 8:28 am

അഭയ കൊലക്കേസ്: രാജു നമ്പൂതിരിയെയും ക്രൈംബ്രാഞ്ച് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കരനെയും ഇന്ന് വിസ്തരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്നും തുടരും. രാജു നമ്പൂതിരി, ക്രൈംബ്രാഞ്ച് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കരന്‍ എന്നീ സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുന്നത്. 26 വരെ തിരുവനന്തപുരം സി.ബി.ഐ കോടതിയിലാണ് വിസ്താരം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, കേസില്‍ സിസ്റ്റര്‍ അഭയയുടെ ഡയറി ഉള്‍പ്പെടെ എട്ട് തൊണ്ടിമുതല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തിരികെ വാങ്ങിയെന്നും ഇവ കോടതിയില്‍ രേഖാമൂലം മടക്കിനല്‍കിയിട്ടില്ലെന്നും കോടതി മുന്‍ ജീവനക്കാരന്‍ തിങ്കളാഴ്ച മൊഴിനല്‍കി. കോട്ടയം ആര്‍ഡിഒ കോടതിയിലെ യുഡി ക്ലാര്‍ക്കായിരുന്ന ദിവാകരന്‍ നായരാണ് സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയത്.

കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ ഡയറി, ശിരോവസ്ത്രം തുടങ്ങി എട്ട് തൊണ്ടിമുതലുകള്‍ 1992 ഏപ്രില്‍ ഒന്നിന് കോട്ടയം ആര്‍.ഡി.ഒ കോടതിയില്‍ കോട്ടയം വെസ്റ്റ് പൊലീസ് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സാമുവലിന്റെ ആവശ്യപ്രകാരം ഈ സാധനങ്ങള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ ജോക്കബ് തിരികെ വാങ്ങി.

ഇത് തിരിച്ചേല്‍പിക്കുമ്പോള്‍ സാധനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. കൂടാതെ, നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തൊണ്ടിമുതലുകള്‍ തിരിച്ചേല്‍പിച്ചതെന്നും മൊഴിയില്‍ പറയുന്നു.

ആദ്യഘട്ട വിസ്താരത്തില്‍ ആറുപേര്‍ കൂറുമാറിയിരുന്നു. എട്ടു പേര്‍ പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്‍കി. സാക്ഷികളുടെ കൂറുമാറ്റം തടയാനാകുന്നില്ലെന്ന് സി.ബി.ഐ. പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നു. നാലാം സാക്ഷി സഞ്ജു പി.മാത്യുവും അമ്പതാം സാക്ഷി അനുപമയുമാണ് വിചാരണവേളയില്‍ കോടതിയില്‍ മൊഴി മാറ്റിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. 2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ പ്രതികള്‍ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തില്‍ നടപടികള്‍ നിരന്തരമായി മാറ്റിവയ്ക്കുകയായിരുന്നു.

ഹര്‍ജികള്‍ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും നിരസിച്ചതോടെയാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ് പി, കെ ടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സി.ബി.ഐ ഏറ്റെടുത്തത്.

We use cookies to give you the best possible experience. Learn more