28 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന തിരുവനന്തപുരം സി.ബി.ഐ കോടതി വിധി വന്നതിന് പിന്നാലെ അഭയ കേസിനെ ആസ്പദമാക്കി എടുക്കാനിരുന്ന ഒരു ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.
അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായ ജോമോന്‍ പുത്തന്‍പുരക്കലിന്റെ ‘അഭയ കേസ് ഡയറി’ എന്ന പുസ്തകം അടിസ്ഥാനമാക്കിയായിരുന്നു ചിത്രം. 2017ല്‍ പ്രഖ്യാപിച്ച ഈ ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍ നായകനായി എത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
സിസ്റ്റര്‍ അഭയക്ക് നീതി ലഭിക്കാനും ഘാതകരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാനുമായി വര്‍ഷങ്ങളോളം നടന്ന നിയമപ്പോരാട്ടങ്ങളെ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ കഥ. ഇതില്‍ ജോമോന്‍ പുത്തന്‍ പുരക്കലിനെ ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ബോളിവുഡ് നിര്‍മ്മാതാവ് ആദിത്യ ജോഷിയായിരുന്നു സിനിമ നിര്‍മ്മിക്കാനിരുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ആദിത്യ ജോഷി കൊച്ചിയിലെത്തിയിരുന്നു. പിന്നീട് ഇര്‍ഫാന്‍ ഹോളിവുഡിലും ബോളിവുഡിലും സിനിമാതിരക്കുകളില്‍ പെട്ടതോടെ ചിത്രീകരണം നീണ്ടുപോകുകയാരുന്നു. ഇതിനിടെ രോഗബാധിതനായതിനെ തുടര്‍ന്ന് ഇര്‍ഫാന്‍ ഖാന്‍ വിദേശത്തേക്ക് ചികിത്സക്ക് പോയി.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇര്‍ഫാന്‍ മരിച്ചപ്പോള്‍ ഈ സിനിമാ ചര്‍ച്ചകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് ജോമോന്‍ പുത്തന്‍പുരക്കല്‍ എത്തിയിരുന്നു. ‘അഭയാകേസ് ബോളിവുഡ് സിനിമയാക്കി ഇര്‍ഫാന്‍ ഖാന്‍ എന്റെ റോള്‍ അഭിനയിക്കുവാന്‍ 2017ല്‍ ആലോചനയില്‍ ഉണ്ടായിരുന്നു. പിന്നീട് 3 വര്‍ഷമായി ക്യാന്‍സര്‍ രോഗം പിടിപെട്ട് വിദേശത്ത് ചികിത്സയില്‍ ആയിരുന്നു. ചരിത്രപ്രസിദ്ധമായ പല സംഭവങ്ങളും ബോളിവുഡ് സിനിമ ആക്കിയപ്പോള്‍ അതിലെ നായക വേഷം അവതരിപ്പിച്ചു വിജയിച്ച നായകനാണ് ഇര്‍ഫാന്‍ ഖാന്‍,” എന്നായിരുന്നു ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞത്.
അഭയ കൊലക്കേസിനെ ആസ്പദമാക്കി മലയാളത്തില്‍ നേരത്തെ ക്രൈം ഫയല്‍ എന്ന സിനിമ ഇറങ്ങിയിരുന്നു. 1999ല്‍ ഇറങ്ങിയ ചിത്രത്തിന്റെ സംവിധാനം കെ മധു ആയിരുന്നു. സിസ്റ്റര്‍ അഭയയുടെ കൊലപാതകവും തുടര്‍ന്നു നടന്ന അന്വേഷണവുമായിരുന്നു ക്രൈം ഫയലിന്റെ പ്രമേയം. ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ഇര്‍ഫാന്‍ ഖാന്‍ നായകനാകാനിരുന്ന ചിത്രമെന്നായിരുന്നു അന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക