തിരുവനന്തപുരം: സിസ്റ്റര്‍ അഭയയെ കൊന്നത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചതായി പ്രോസിക്യൂഷന്‍ മൂന്നാം സാക്ഷി അടയ്ക്കാ രാജു. തനിക്ക് ക്രൂര മര്‍ദ്ദനമേറ്റു വാങ്ങേണ്ടി വന്നെന്നും രാജു പറഞ്ഞു. ഏഷ്യാനെറ്റിനോടായിരുന്നു രാജുവിന്റെ പ്രതികരണം. അഭയ കേസില്‍ നാളെ വിധി വരാനിരിക്കെയാണ് രാജുവിന്റെ വെളിപ്പെടുത്തല്‍.
‘എസ്. പി മൈക്കിളിന്റെ നേതൃത്വത്തില്‍ തന്നെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചു. കുറ്റം ഏറ്റു പറഞ്ഞാല്‍ വീടും ഭാര്യയ്ക്ക് ജോലിയും ശരിയാക്കാമെന്നും പറഞ്ഞു,’ രാജു പറഞ്ഞു.
അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പയസ് ടെന്‍ത്ത് കോണ്‍വെന്റില്‍ മോഷ്ടിക്കാനെത്തിയപ്പോള്‍ പ്രതികളായ തോമസ് കോട്ടൂരിനെയും സെഫിയെയും കണ്ടെന്നും രാജു കൂട്ടിച്ചേര്‍ത്തു.
1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയ കൊലപ്പെട്ടത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്.
മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയും ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂരും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് അഭയ കാണാന്‍ ഇടയായെന്നും വിവരം പുറത്തു പറയാതിരിക്കാനാണ് പ്രതികള്‍ അഭയയെ കൊന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.
പഠിക്കാനായി പുലര്‍ച്ചെ ഉണര്‍ന്ന അഭയ കോണ്‍വെന്റിലെ അടുക്കളയിലെ ഫ്രിഡ്ജില്‍ നിന്നും വെള്ളം കുടിക്കുന്നതിനായി പോയപ്പോഴാണ് അടുക്കളയോട് ചേര്‍ന്ന മുറിയില്‍ പ്രതികളെ കണ്ടത്.
കൊലപാതകം നടന്നുവെന്നതിന്റെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും കോടതിക്ക് മുമ്പില്‍ ഉണ്ടെന്ന് സി.ബി.ഐ പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു.
അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പ്രതികള്‍ കോണ്‍വെന്റിന്റെ ടെറസിന് മുകളിലേക്ക് കയറിപോവുന്നതായി കണ്ടുവെന്ന് മൂന്നാം സാക്ഷി അടയ്ക്ക രാജു സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയ കാര്യവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഫാ. തോമസ് കോട്ടൂര്‍ കുറ്റസമ്മതം നടത്തിയതായി ആറാം സാക്ഷി വേണുഗോപാല്‍ മൊഴി നല്‍കിയ കാര്യവും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക