| Tuesday, 3rd November 2020, 8:32 am

സിസ്റ്റര്‍ അഭയക്കേസ്; തൊണ്ടി മുതലുകള്‍ നശിപ്പിച്ചത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ നിര്‍ണായക തെളിവുകളായിരുന്ന തൊണ്ടിമുതലുകള്‍ നശിപ്പിച്ചത് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കെ.സാമുവല്‍ ആണെന്ന് സി.ബി.ഐ.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തൊണ്ടിമുതല്‍ നശിപ്പിച്ച കേസ് അന്വേഷിച്ച സി.ബി.ഐ ഡിവൈ.എസ്.പി. ദേവരാജന്‍ ആണ് പ്രത്യേക സി.ബി.ഐ. കോടതിയില്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കിയത്.

ആര്‍.ഡി.ഒ. കോടതിയില്‍നിന്ന് അന്വേഷണത്തിന്റെ ഭാഗമായി കെ.സാമുവല്‍ അഭയയുടെ വസ്ത്രങ്ങള്‍, ശിരോവസ്ത്രം, ചെരുപ്പ് എന്നിവ ഉള്‍പ്പെടുന്ന തൊണ്ടിമുതലുകള്‍ അന്വേഷണത്തിന്റെ ഭാഗമായി മടക്കിവാങ്ങിയിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അഭയയുടെ സ്വകാര്യ ഡയറിയും കണ്ടെത്തി. എന്നാല്‍ കേസ് 1993 മാര്‍ച്ചില്‍ സി.ബി.ഐ ഏറ്റെടുക്കുന്നതിന് മുമ്പ് ഡയറി മാത്രം കോടതിയില്‍ ക്രൈംബ്രാഞ്ച് തിരികെ ഏല്‍പ്പിക്കുകയായിരുന്നു.

തൊണ്ടിമുതലുകള്‍ ക്രൈംബ്രാഞ്ച് വാങ്ങിയത് 2014-ല്‍ നടത്തിയ തുടരന്വേഷണത്തിലാണ് കണ്ടെത്തിയത്. അതേസമയം ആര്‍.ഡി.ഒ.യുടെ നിര്‍ദേശപ്രകാരം ഓഫീസ് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ ഉദ്യോഗസ്ഥര്‍ അഭയയുടെ ഡയറി കത്തിച്ചു കളഞ്ഞതായും സി.ബി.ഐ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു.

1993 ജൂണിലാണ് ഇത് നടന്നത്. സി.ബി.ഐ. ഡിവൈ.എസ്.പി. വര്‍ഗീസ് പി.തോമസ് ആയിരുന്നു കേസ് അന്വേഷിച്ചത്. എന്നാല്‍ മറ്റൊരു കേസ് കൂടി അദ്ദേഹത്തിന് അന്വേഷിക്കാന്‍ ഉണ്ടായിരുന്നതിനാല്‍ അഭയ കേസിലെ തൊണ്ടിമുതലുകള്‍ അന്വേഷണത്തിന് ആവശ്യമാണെന്നു കാണിച്ച് ആര്‍.ഡി.ഒ. കോടതിയില്‍ ഹരജി നല്‍കാന്‍ വര്‍ഗീസിന് കഴിഞ്ഞിരുന്നില്ലെന്നും ദേവരാജന്‍ കോടതിയെ അറിയിച്ചു.

ഹൈക്കോടതി തന്നെ തുടരന്വേഷണം ഏല്‍പ്പിച്ചപ്പോള്‍ത്തന്നെ തൊണ്ടിമുതലുകള്‍ നശിപ്പിക്കപ്പെട്ട കാര്യത്തിനപ്പുറത്തേക്ക് അന്വേഷണം പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായും ദേവരാജന്‍ കോടതിയെ അറിയിച്ചു.

സി.ബി.ഐ. കോടതി ജഡ്ജി കെ.സനില്‍ കുമാറായിരുന്നു വാദം കേട്ടത്. 1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സി.ബി.ഐ ഏറ്റെടുത്തത്.

2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. കേസിലെ പ്രതികള്‍ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തില്‍ നടപടികള്‍ നിരന്തരമായി മാറ്റിവയ്ക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sister Abhaya Case; CBI said Crime branch officials destroyed the material evidence,

We use cookies to give you the best possible experience. Learn more