| Tuesday, 22nd December 2020, 12:26 pm

അഭയ കൊല്ലപ്പെട്ടതെന്ന് ആദ്യമായി വിളിച്ചു പറഞ്ഞ, തെറ്റിന് കൂട്ടുനില്‍ക്കാതെ ജോലി വലിച്ചെറിഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നീതിക്ക് വേണ്ടിയുള്ള 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അഭയ കൊലക്കേസ്സില്‍ വിധി വന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പുകയായിരുന്നു മുന്‍ സി.ബി.ഐ ഓഫീസര്‍ വര്‍ഗീസ് പി. തോമസ്. ദൈവം നീതി നടപ്പാക്കിയെന്ന് അദ്ദേഹം പ്രതികരിച്ചു.

അഭയ കൊലക്കേസ്സിന്റെ വിവിധ ഘട്ടങ്ങളില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള പേരാണ് വര്‍ഗീസ് പി. തോമസ്. കേസില്‍ താന്‍ മനസ്സിലാക്കിയ സത്യങ്ങള്‍ക്കനുസരിച്ച് മുന്നോട്ടു പോകാന്‍ കഴിയാതായപ്പോള്‍ ധീരതയോടെ ജോലി രാജിവെച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് സത്യങ്ങള്‍ ലോകത്തോട് വിളിച്ചു പറഞ്ഞ ഉദ്യോഗസ്ഥനാണ് അദ്ദേഹം.

അഭയ ആത്മഹത്യ ചെയ്തതാണെന്ന് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചും അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ടി മൈക്കിളും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് വിവാദമായ കേസ് ഹൈക്കോടതി ഇടപെടലിലൂടെ സി.ബി.ഐയിലെത്തിയപ്പോള്‍ അന്വേഷണ ചുമതല ലഭിച്ചത് വര്‍ഗീസ് പി. തോമസ്സിനായിരുന്നു.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ അഭയയുടേത് കൊലപാതകമാണെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേരുകയായിരുന്നു. അന്വേഷവുമായി അദ്ദേഹം മുന്നോട്ടുപോയെങ്കിലും പിന്നീട് അദ്ദേഹം രാജി വെച്ചതായുള്ള വാര്‍ത്തയാണ് പുറത്തു വന്നത്. അഭയ കൊലക്കേസ്സില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഒരു ഘട്ടമായിരുന്നു ഇത്. വിരമിക്കാന്‍ വര്‍ഷങ്ങള്‍ ഇനിയും ബാക്കിയുണ്ടായിരുന്ന സി.ബി.ഐ ഓഫീസര്‍ വര്‍ഗീസ് പി. തോമസ്സ് താന്‍ ജോലി രാജിവെക്കുന്നു എന്നറിയിച്ചുകൊണ്ട് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് നടത്തിയത്. കേസില്‍ തന്റെ മനസ്സാക്ഷിക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ തന്റെ മേലുദ്യോഗസ്ഥനും സി.ബി.ഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടുമായ വി. ത്യാഗരാജന്‍ നല്‍കിയെന്ന് അദ്ദേഹം വെളിപ്പെടുത്തി.

അഭയ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ വി. ത്യാഗരാജന്‍ ആവശ്യപ്പെട്ടതായി വര്‍ഗീസ് പി. തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. അഭയയുടെ മരണം ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങള്‍ സി.ബി.ഐയെ ഏല്‍പ്പിക്കാതെ കത്തിച്ചുകളഞ്ഞതായും വര്‍ഗീസ് പി. തോമസ് ആരോപണമുന്നയിച്ചു.

വര്‍ഗീസ് പി. തോമസിന്റെ ഈ ആരോപണങ്ങളാണ് അഭയ കേസ്സില്‍ ഏറെ വഴിത്തിരിവുകള്‍ സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ പത്രസമ്മേളനം വിവാദമായതോടെ കേരളത്തിലെ എല്ലാ എം.പിമാരും ചേര്‍ന്ന് അന്നത്തെ സി.ബി.ഐ ഡയറക്ടര്‍ കെ. വിജയരാമ റാവുവിന് പരാതി നല്‍കി. തുടര്‍ന്ന് സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ എം.എല്‍. ശര്‍മയുടെ നേതൃത്വത്തിലുള്ള പ്രത്യേക സി.ബി.ഐ സംഘത്തിന് അന്വേഷണച്ചുമതല നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി വിശദമായ ഫൊറന്‍സിക് പരിശോധനകളും ഡമ്മി പരീക്ഷണവുമെല്ലാം നടന്നു.

സി.ബി.ഐയുടെ ഉന്നത തല ഓഫീസര്‍മാര്‍ നടത്തിയ തുടര്‍ അന്വേഷണങ്ങളിലൂടെയാണ് അഭയ കേസ്സില്‍ ഇപ്പോള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ 2008 ല്‍ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

2008 നവംബര്‍ 18, 19 തീയതികളിലായി ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു സി.ബി.ഐ കുറ്റപത്രം.
അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്റ്റഡിയില്‍ എടുത്ത സഞ്ജു പി. മാത്യു എന്നയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ഈ മൂന്ന് പേരിലെത്തിയത്.

സംഭവം നടന്ന് കാല്‍ നൂറ്റാണ്ടിന് ശേഷം 2019 ഓഗസ്റ്റ് 26നാണ് കേസ്സില്‍ വിചാരണ തുടങ്ങിയത്. ആകെ 177 സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും 49 സാക്ഷികളെയാണ് വിസ്തരിച്ചത്. കേസ്സില്‍ രണ്ടാം പ്രതിയായിരുന്ന ജോസ് പുതൃക്കയലിനെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തന്നെ കോടതി വെറുതെ വിട്ടിരുന്നു. പയസ് ടെണ്‍ത് കോണ്‍വെന്റിന് സമീപം താമസിക്കുന്ന സഞ്ജു പി മാത്യു, അഭയയുടെ മുറിയില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമ എന്നിവരുള്‍പ്പെടെയുള്ള മുഖ്യ സാക്ഷികളുടെ കൂറുമാറ്റം സി.ബി.ഐക്ക് തിരിച്ചടിയായെങ്കിലും സംഭവ ദിവസം ഒന്നാം പ്രതി തോമസ് കോട്ടൂരിനെ കോണ്‍വെന്റില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെന്ന മോഷ്ടാവ് അടയ്ക്ക രാജുവിന്റെ മൊഴി സാക്ഷി വിസ്താരത്തില്‍ നിര്‍ണ്ണായകമാവുകയായിരുന്നു.

ഏറെ വൈകിയെങ്കിലും ഇപ്പോള്‍ പുറത്തുവന്ന വിധി ക്രൂരമായി കൊല ചെയ്യപ്പെട്ട തന്റെ സഹോദരിയ്ക്ക് ലഭിച്ച നീതിയാണെന്നാണ് അഭയയുടെ സഹോദരന്‍ ബിജു തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിലധികം കാലം അഭയ കേസ്സില്‍ നീതിയ്ക്ക് വേണ്ടി പോരാടിയ അഭയയുടെ മാതാപിതാക്കള്‍ ഐക്കരക്കുന്നേല്‍ തോമസും ലീലാമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ ഈ വിധിയിലൂടെ മൂന്ന് പതിറ്റാണ്ട് കാലം കേരളത്തില്‍ നിരന്തരമായി വിവാദങ്ങളും കോളിളക്കങ്ങളും സൃഷ്ടിച്ചുകൊണ്ടേയിരുന്ന അഭയ കൊലക്കേസ്സിന്റെ അലയൊലികള്‍ക്ക് അവസാനമാവുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sister Abhaya case all about CBI officer Varghese Thomas

We use cookies to give you the best possible experience. Learn more