കോട്ടയം: പിതാവിനെ അനാഥാലയത്തില്‍ ഉപേക്ഷിച്ചിരിക്കുകയാണ് വ്യാജപ്രചരണത്തിനനെതിരെ സാമൂഹ്യപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ രംഗത്ത്. അഭയ കേസില്‍ നിയമപോരാട്ടം നടത്തിയ അഭയ ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനറായിരുന്നു ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. ജോമോന്റെ പിതാവ് വര്‍ഷങ്ങളായി അനാഥാലയത്തിലാണെന്നും അദ്ദേഹം കപടമാന്യനാണെന്നുമായിരുന്നു സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
പത്ത് വര്‍ഷം മുമ്പ് മരിച്ച പിതാവ് 13 വര്‍ഷമായി ആരോരുമില്ലാതെ കഴിയുകയാണെന്ന് വ്യാജവാര്‍ത്ത നിര്‍മ്മിച്ച് ഫോട്ടോ ഷോപ്പ് ചെയ്ത് വാട്‌സാപ്പിലും ഫേസ് ബുക്കിലും തനിക്കെതിരെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ജോമോന്‍ പറയുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
‘കപട മാന്യനെ തിരിച്ചറിയുക, സ്വന്തം അപ്പനെ അനാഥാലയത്തിലേക്ക് വലിച്ചെറിഞ്ഞ് മനുഷ്യാവകാശ പ്രവര്‍ത്തനം നടത്തുന്നവരെ ഇനി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന് വിളിക്കാം.’ എന്നായിരുന്നു ഈ മെസേജുകളില്‍ പറയുന്നത്. ഇതിനോടൊപ്പം ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പിതാവ് 13 വര്‍ഷമായി അനാഥാലയത്തിലാണെന്നതിനെ കുറിച്ച് പത്രത്തില്‍ വാര്‍ത്തയുടേതെന്ന പോലുള്ള ഫോട്ടോയും ഈ വ്യാജ സന്ദേശങ്ങള്‍ക്കൊപ്പമുണ്ട്.
‘അഭയ കൊലക്കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെ ഡിസംബര്‍ ഇരുപത്തിമൂന്നാം തീയതി തിരുവനന്തപുരം സി.ബി.ഐ കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചിരുന്നു. അതിന് ഞാന്‍ കാരണക്കാരന്‍ ആയതിന്റെ പേരില്‍ വൈരാഗ്യമുള്ളവരാണ് പുതിയ നീക്കത്തിനു പിന്നില്‍. ‘ ജോമോന്‍ പറയുന്നു.
ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, രക്തബന്ധമില്ലാത്ത, അഭയ എന്ന കന്യാസ്ത്രീയായ ഒരു സ്ത്രീയ്ക്കു നീതി ലഭിക്കാന്‍ വേണ്ടി മൂന്നു പതിറ്റാണ്ടു കാലം വിവാഹം പോലും ഉപേക്ഷിച്ചു നിയമപോരാട്ടം നടത്തി പ്രതികള്‍ക്കു ശിക്ഷ വാങ്ങിച്ചുകൊടുത്ത എന്നോട് തീര്‍ത്താല്‍ തീരാത്ത പകയാണ് ചിലര്‍ക്കുള്ളത്. അതുകൊണ്ടാണ് സൈബര്‍ ഗുണ്ടകളെ കൊണ്ട് എനിക്കെതിരെ നീച പ്രചരണം നടത്തുന്നതെന്നും ജോമോന്‍ പറഞ്ഞു.
ഇത്തരം വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് എന്നെ തളര്‍ത്താനോ ഈ സമരമുഖത്ത് നിന്ന് എന്നെ പിന്തിരിപ്പിക്കാമെന്നോ കരുതുന്നത് ഇവരുടെ കേവല വ്യാമോഹം മാത്രമാണെന്നും ജോമോന്‍ ഫേസ്ബുക്കിലെഴുതി.
പിതാവ് മരിച്ച സമയത്ത് സംസ്‌കാരച്ചടങ്ങിലും ക്രൂരമായ പല നടപടികളും സഭയുടെ ഭാഗത്തുനിന്നും ഉണ്ടായെന്നും പിതാവിനെ അവസാനമായി ചുംബിക്കാന്‍ പോലും അനുവദിക്കാതിരിക്കാന്‍ ശ്രമിച്ചുവെന്നും ജോമോന്‍ കുറിപ്പില്‍ പറയുന്നു. കത്തോലിക്ക സഭയോട് കളിച്ചാല്‍ സ്വന്തം പിതാവിന്റെ അന്ത്യകര്‍മ്മത്തില്‍ തുവാല ഇട്ട് മുത്താന്‍ പോലും അനുവദിക്കില്ലെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് സഭ ശ്രമിച്ചത്.അത് എന്റടുത്ത് വിലപ്പോയില്ലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:
10 വര്‍ഷം മുമ്പ് മരിച്ച എന്റെ പിതാവ് ഇപ്പോള്‍ അനാഥാലയത്തിലാണെന്ന് വ്യാജ പ്രചാരണം നടത്തുന്നു
എന്റെ പിതാവ് മരിച്ചിട്ട് പത്തു വര്‍ഷത്തോളമായി എന്നിരിക്കെ, ഇപ്പോള്‍ അദ്ദേഹം ഏതോ അനാഥാലയത്തില്‍ കഴിഞ്ഞ 13 വര്‍ഷമായി ആരോരുമില്ലാതെ കഴിയുകയാണെന്ന് വ്യാജവാര്‍ത്ത നിര്‍മ്മിച്ച് ഫോട്ടോ ഷോപ്പ് ചെയ്ത് വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും എനിക്കെതിരെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
അഭയ കൊലക്കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെ ഡിസംബര്‍ ഇരുപത്തിമൂന്നാം തീയതി തിരുവനന്തപുരം സി.ബി.ഐ കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചിരുന്നു. അതിന് ഞാന്‍ കാരണക്കാരന്‍ ആയതിന്റെ പേരില്‍ വൈരാഗ്യമുള്ളവരാണ് പുതിയ നീക്കത്തിനു പിന്നില്‍. അഭയ കേസിലെ പ്രതികള്‍ക്കു വേണ്ടി സൈബര്‍ ഗുണ്ടകളെ കൊണ്ടാണ് ഈ നീച പ്രചരണം നടത്തുന്നത്.
എന്റെ പിതാവിന്റെ ശവസംസ്‌ക്കാര ചടങ്ങിന്റെ അവസാന ഘട്ടത്തില്‍ മൃതദേഹത്തില്‍ തൂവാല കൊണ്ട് മുത്തേണ്ടത് സ്വന്തം മകനാണ്. ആ കര്‍മ്മം ചെയ്യാന്‍ തുവാല പിടിച്ച് ഞാന്‍ നില്‍ക്കുമ്പോള്‍ ചടങ്ങ് നടത്തിയ വൈദികന്‍ അത് കണ്ടതായി ഭാവിക്കാതെ ശവപ്പെട്ടി അടച്ച് ശവക്കല്ലറയിലേക്ക് വെക്കാന്‍ ശ്രമിച്ചു.
ഈ സമയം ഞാന്‍ ചോദിച്ചു. അച്ചോ, ഈ വെള്ള ളോഹ ഇട്ടുകൊണ്ട് എന്ത് വൃത്തികേടാണ് കാണിക്കുന്നത് മകന്‍ എന്നുള്ള എന്റെ അവകാശം ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരമെന്ന് ഞാന്‍ ചോദിച്ചു. ശവസംസ്‌കര ചടങ്ങില്‍ അവിടെ കൂടി നിന്നവരുടെ മുന്നില്‍ വച്ച് എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞ് വൈദികന്‍ ശവപ്പെട്ടി തുറന്നു തന്നു. ഞാന്‍ തൂവാല ഇട്ട് മുത്തുകയും ചെയ്തു. കത്തോലിക്ക സഭയോട് കളിച്ചാല്‍ സ്വന്തം പിതാവിന്റെ അന്ത്യകര്‍മ്മത്തില്‍ തുവാല ഇട്ട് മുത്താന്‍ പോലും അനുവദിക്കില്ലെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് സഭ ശ്രമിച്ചത്.അത് എന്റടുത്ത് വിലപ്പോയില്ല.
ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, രക്തബന്ധമില്ലാത്ത, അഭയ എന്ന കന്യാസ്ത്രീയായ ഒരു സ്ത്രീയ്ക്കു നീതി ലഭിക്കാന്‍ വേണ്ടി മൂന്നു പതിറ്റാണ്ടു കാലം വിവാഹം പോലും ഉപേക്ഷിച്ചു നിയമപോരാട്ടം നടത്തി പ്രതികള്‍ക്കു ശിക്ഷ വാങ്ങിച്ചുകൊടുത്ത എന്നോട് തീര്‍ത്താല്‍ തീരാത്ത പകയാണ് ചിലര്‍ക്കുള്ളത്. അതുകൊണ്ടാണ് സൈബര്‍ ഗുണ്ടകളെ കൊണ്ട് എനിക്കെതിരെ നീച പ്രചരണം നടത്തുന്നത്. അതൊന്നും കേരള സമൂഹത്തില്‍ വിലപ്പോകില്ല.
നിരന്തര നിയമപോരാട്ടം നടത്തുന്ന എന്നെ, ഞാനുള്‍പ്പെടുന്ന ക്‌നാനായ കത്തോലിക്ക സഭയിലെ പ്രതികള്‍ക്ക് വേണ്ടി ചിലര്‍ ഹീനമായി വേട്ടയാടുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് ഞാന്‍ നീതിക്ക് വേണ്ടിയുള്ള ‘പോരാട്ടം തുടരുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് എന്നെ തളര്‍ത്താനോ ഈ സമരമുഖത്ത് നിന്ന് എന്നെ പിന്തിരിപ്പിക്കാമെന്നോ കരുതുന്നത് ഇവരുടെ കേവല വ്യാമോഹം മാത്രമാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക