ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ക്ക് മദ്യ അഴിമതി കേസുമായി ഒരു ബന്ധവുമില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇതിലൂടെ ആം ആദ്മിയെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് ഞങ്ങള്‍ ഒരു വര്‍ഷമായി പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ദല്‍ഹിയില്‍ ആം ആദ്മി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിക്ക് ദഹിക്കുന്നില്ല.
ഇ.ഡി, എസ്.ബി.ഐ, പൊലീസ് എന്നിവരെ ഉപയോഗിച്ച് ആം ആദ്മിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയും ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയുമാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം,’ കെജ്‌രിവാള്‍ പറഞ്ഞു.
2004- 05 സമയത്ത് 5 ലക്ഷം രൂപയ്ക്ക് നിര്‍മിച്ച ഒരു ഫ്‌ളാറ്റും 2018ല്‍ 65 ലക്ഷം മുതല്‍മുടക്കി നിര്‍മിച്ച ഫ്‌ളാറ്റുമാണ് ഇ.ഡി. കണ്ടുകെട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കില്‍ നിക്ഷേപിച്ച 11 ലക്ഷം രൂപയും ഇ.ഡി കണ്ടുക്കെട്ടിയതായി അദ്ദേഹം പറഞ്ഞു.
‘ചെയ്‌തെന്ന് പറയപ്പെടുന്ന അഴിമതി കേസുമായി ഇതിന് ഒരു ബന്ധവുമില്ല. ഇത് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സിസോദിയ രേഖപ്പെടുത്തിയിട്ടുള്ളതാണ്.
മദ്യ അഴിമതിക്കേസ് തന്നെ ആം ആദ്മിയെയും അതിലെ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നിര്‍മിച്ചതാണ്,’ കെജ്‌രിവാള്‍ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം വെള്ളിയാഴ്ച സിസോദിയയുടെയും പങ്കാളിയുടെയും അടക്കമുള്ളവരുടെ 52.24 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി. പിടിച്ചെടുത്തിരുന്നു.