ന്യൂദല്‍ഹി: മദ്യനയ അഴിമതി ആരോപണ കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആം ആദ്മി നേതാവ് മനീഷ് സിസോദിയയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി.
കഴിഞ്ഞ ദിവസം സിസോദിയയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഒരു മെസേജ് വന്നിരുന്നു.
‘രാജ്യത്ത് വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ ജയിലുകള്‍ അടച്ചിടുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ വിദ്യാലയങ്ങള്‍ തുറന്നവരെ ജയിലില്‍ അടച്ചിടുകയാണ്’ എന്നായിരുന്നു ട്വീറ്റ്.
ഉടനെ ഡല്‍ഹി ബി.ജെ.പി നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ വിമര്‍ശനവുമായി വരികയായിരുന്നു.
‘ഈ അക്കൗണ്ട് ഉപയോഗിക്കുന്ന ആള്‍ ഇപ്പോള്‍ ജയിലിലാണ്. അക്കൗണ്ട് ഉപയോഗിക്കുന്നത് മറ്റാരോ ആണ്. അതുകൊണ്ട് ഈ അക്കൗണ്ട് ബ്ലോക്ക് ചെയ്യണം’, എന്ന് ഇലോണ്‍ മസ്‌കിനെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.
എന്നാല്‍ ഇപ്പോഴും ആക്ടീവ് ആയ 3.4 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ട് മാനേജ് ചെയ്യുന്നത് ‘ടീം മനീഷ് സിസോദിയ’ എന്ന് ബയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം അറസ്റ്റ് ചെയ്യപ്പെട്ട സിസോദിയയുടെയും ജെയ്‌നിന്റെയും ജീവന് ഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആം ആദ്മി നേതാവ് സൗരഭ് ഭരദ്വരാജ് പറഞ്ഞിരുന്നു.
‘ആം ആദ്മിയെ രാഷ്ട്രീയപരമായി നേരിടാന്‍ സാധിക്കില്ലെന്ന് മനസിലായപ്പോള്‍ നേതാക്കളെ വധിക്കാന്‍ ആലോചിക്കുകയാണോ?
എം.സി.ഡിയില്‍ തോറ്റതിന്റെ പേരില്‍ ഇത്തരത്തിലുള്ള നടപടിയാണോ പ്രധാനമന്ത്രി എടുക്കേണ്ടത് . എന്തിനാണ് മനീഷ് ജിയെ കൊടും കുറ്റവാളികള്‍ക്കൊപ്പം തടവിലാക്കിയത്,’ അദ്ദേഹം ചോദിച്ചു.
എന്നാല്‍ ജയില്‍ ആം ആദ്മി സര്‍ക്കാറിന്റെ കീഴിലാണെന്ന് ബി.ജെ.പി പറഞ്ഞു.
content highlight: Sisodia is now in jail; Twitter should be blocked; BJP with demand