[share]
[]പാലക്കാട്: കേരളത്തിലെ ശിരുവാണി ഡാമില്‍ നിന്നും കരാര്‍ ലംഘിച്ച തമിഴ്‌നാട് കടത്തുന്ന വെള്ളം കോയമ്പത്തൂരിലെ മിനറല്‍ വാട്ടര്‍ കമ്പനികള്‍ക്ക് വേണ്ടി.
തമിഴ്‌നാട്ടിലെ മുപ്പതിലേറെ കുടിവെള്ള കമ്പനികളാണ് ശിരുവാണിയിലെ വെള്ളം മിനറല്‍ വാട്ടറായി ഉപയോഗിക്കുന്നത്. കമ്പനികള്‍ ഈ വെള്ളം കുപ്പിയിലാക്കി കേരളത്തില്‍ തന്നെ വില്‍ക്കുകയാണ്.
കോയമ്പത്തൂരിലെ മിക്ക മിനറല്‍ വാട്ടര്‍ കമ്പനികളും നടത്തുന്നത് മലയാളികളാണ്. കേരളത്തിലെ ഏകദേശം പത്ത് ജില്ലകളില്‍ ലഭിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ഈ മിനറല്‍ വാട്ടറാണ്.
ശിരുവാണി മലനിരകളില്‍ നിന്ന് വരുന്ന വെള്ളമാണ് കുപ്പിയില്‍ ഉള്ളതെന്ന് കൃത്യമായി കുപ്പിയുടെ പുറത്ത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രതിദിനം 9 കോടി ലിറ്റര്‍ വെള്ളം ശിരുവാണി ഡാമില്‍ നിന്നും തമിഴ്‌നാടിന് എടുക്കാമെന്നായിരുന്നു കേരളവുമായി ഉണ്ടാക്കിയ കരാര്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ പ്രത്യേക കരാറില്‍ 3 കോടി ലിറ്റര്‍ വെള്ളം കൂടി കൊണ്ടുപോകാന്‍ കേരളം അനുവാദം നല്‍കിയിരുന്നു.
കോയമ്പത്തൂരിലെ ജനങ്ങള്‍ക്ക് കുടിക്കാന്‍ മാത്രമേ ഈ വെള്ളം ഉപയോഗിക്കാവൂ എന്നായിരുന്നു കരാര്‍. എന്നാല്‍ ഏറെനാളായി കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച് കോയമ്പത്തൂരിലെ മിനറല്‍ വാട്ടര്‍ കമ്പനികളും മറ്റ് വ്യവസായ സംരംഭകളുമാണ് ശിരുവാണിയില്‍ നിന്നും കൊണ്ടു പോകുന്ന വെള്ളം ഉപയോഗിക്കുന്നത്.
കോയമ്പത്തൂരിലെ സാധാരണ ജനങ്ങള്‍ക്ക് കുടിക്കാനായി ശിരുവാണി ഡാമില്‍ നിന്നും കൊണ്ടുപോകുന്ന വെള്ളം ലഭിക്കുന്നില്ല. അവിടുത്തെ പൈപ്പുകളില്‍ നിന്നൊന്നും ലഭിക്കുന്നത് ശിരുവാണിയിലെ വെള്ളമല്ല.
മറിച്ച് അവിടുത്തെ മിനറല്‍ വാട്ടര്‍ കമ്പനികളും വാട്ടര്‍ തീം പാര്‍ക്കുകള്‍ക്കും ഉപയോഗിക്കുന്നത് ശിരുവാണിയിലെ വെള്ളമാണ്.
ശിരുവാണി ജലം ഊറ്റുന്നതില്‍ വന്‍ നിയമലംഘനമാണ് നടക്കുന്നത്. കടുത്ത വേനലിലും കേരളത്തിലെ ജലഅതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വന്‍ തുക നല്‍കിയാണ് വെള്ളം കൊണ്ടുപോകുന്നതെന്നതും പരസ്യമായ രഹസ്യമാണ്.
ശിരുവാണി ഡാമിന്റെ ഡെത്ത് സ്‌റ്റോറേജും കഴിഞ്ഞുള്ള വെള്ളമാണ് കൊണ്ടുപോകുന്നത്. കോയമ്പത്തൂരിലെ വന്‍കിട വ്യവസായങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു വിട്ടുവീഴ്ചയ്ക്ക് കേരളം തയ്യാറായത്.
പക്ഷിമൃഗാദികളുടെ കുടിവെള്ളാവശ്യത്തിനും ഡാമിന്റെയും വനമേഖലയുടെയും നിലനില്‍പ്പിനുമാണ് “ഡെത്ത് സ്‌റ്റോറേജ്” എന്ന പേരില്‍ റിസര്‍വോയറിന്റെ അടിത്തട്ടില്‍ ജലശേഖരം നിലനിര്‍ത്തുന്നത്.
ജലസംഭരണിയുടെ വിവിധയിടങ്ങളില്‍ ചെറുജലാശയങ്ങളാണ് ഇപ്പോഴുള്ളത്. ഈ ഡെത്ത് സ്‌റ്റോറേജില്‍ നിന്നും വെള്ളം എടുക്കുന്നത് സൈലന്റ് വാലിയേയും ശിരുവാണി മേഖലയിലെ മഴക്കാടുകളെയും ഡാം സുരക്ഷയെയും തന്നെ ബാധിക്കുമെന്നാണ് ആശങ്ക.