| Saturday, 18th June 2011, 7:53 pm

ശിരുവാണി വനത്തില്‍ വാട്ടര്‍ അതോറിട്ടിയുടെ അനധികൃത ടൂറിസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡൂള്‍ന്യൂസ് ഇന്‍വെസ്റ്റിഗേഷന്‍

ശിരുവാണി വനത്തില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വാട്ടര്‍ അതോറിട്ടിയുടെ ടൂറിസം പദ്ധതി. മണ്ണാര്‍ക്കാട് ഡിവിഷനില്‍ റിസര്‍വ്വ് വനത്തിന്റെ ഭാഗമായ ശിരുവാണിയില്‍ ഡാമിനോട് ചേര്‍ന്ന വനഭൂമിയിലാണ് കേന്ദ്ര നിയമം അട്ടിമറിച്ച് ടൂറിസം പദ്ധതി നടപ്പാക്കിയത്.

നേരത്തെ ഇവിടെ അനധികൃത നിര്‍മ്മാണം നടത്തുന്നത് ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാട്ടേഴ്‌സാണിതെന്നും നവീകരണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നുമാണ് വാട്ടര്‍ അതോറിട്ടി അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ക്വാട്ടേഴ്‌സിന്റെ മറവില്‍ ടൂറിസം പദ്ധതിയാണ് ഇവിടെ നടക്കുന്നതെന്നും പദ്ധതി തടയുമെന്നും പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സവര്‍വേറ്റര്‍ ശശിധരന്‍ ഡൂള്‍ന്യൂസിനോട് വെളിപ്പെടുത്തി.

ശിരുവാണിയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഒരുതരത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് നേരത്തെ ഉത്തരവുണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലാതെയാണ് ഇപ്പോള്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തി ടൂറിസം പദ്ധതി തുടങ്ങിയത്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ടൂറിസം പദ്ധതിക്കായി വാട്ടര്‍ അതോറിട്ടി പ്രത്യേക അനുമതി വാങ്ങുകയായിരുന്നു. വാട്ടര്‍ അതോറിട്ടിയുടെ അപേക്ഷയില്‍ ശിരുവാണിയുടെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയില്ലാതെയാണ് സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ അനുമതി കൊടുത്തത് തങ്ങള്‍ക്ക് അംഗീകരിക്കേണ്ട കാര്യമില്ലെന്നും വനനയിമം ലംഘിച്ച് നടത്തുന്ന ടൂറിസം പദ്ധതി തടയുമെന്നും ശശിധരന്‍ വ്യക്തമാക്കി.

ശിരുവാണി വനത്തില്‍ കടുവ,കരടി അടക്കമുള്ള വന്യമൃഗങ്ങള്‍ സ്ഥിരമായി സഞ്ചരിക്കുന്ന വനമേഖലയിലാണ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ടൂറിസം പദ്ധതി നടക്കുന്നത്. ടൂറിസം പദ്ധതിക്കായി കെട്ടിട നിര്‍മ്മാണത്തോടൊപ്പം റോഡ് നിര്‍മ്മാണവും നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റക്കുറ്റപ്പണികളും ഇവിടെ നടന്നിട്ടുണ്ട്.

ശിരുവാണി വനമേഖലയില്‍ അനധികൃത നിര്‍മ്മാണം നടത്തുന്നതിനെതിരെ 2005ല്‍ പരിസ്ഥിതി സംഘടനയായ വണ്‍എര്‍ത്ത് വണ്‍ ലൈഫ് സുപ്രീം കോടതി ഉന്നതാധികാര സമിതിയെ സമീപിച്ചിരുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ അന്ന് ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് കാറ്റില്‍പറത്തിയാണ് ജലസേചന വകുപ്പും സംയുക്തമായി നിര്‍മ്മാണപ്രവൃത്തികള്‍ നടത്തി ടൂറിസം പദ്ധതി നടപ്പാക്കുന്നത്.

ശിരുവാണി ഡാമിന് ചുറ്റുമുള്ള വനപ്രദേശത്ത് കുറച്ച് ഭാഗം ജലസേചന വകുപ്പിന്റെ അധീനതയിലാണ്. ഇതിലൂടെയുള്ള റോഡും വനത്തിനുള്ളലെ കെട്ടിടവും നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ജലസേചന വകുപ്പാണ്. ഇതിന് വനം വകുപ്പിന്റെ അനുവാദം വാങ്ങിയിട്ടില്ല. അനധികൃത നിര്‍മ്മാണങ്ങളെ സംബന്ധിച്ച് 2006ല്‍ മണ്ണാര്‍ക്കാട് ഡി.എഫ്.ഒ പാലക്കാട്ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമലംഘനങ്ങള്‍ അക്കമിട്ട് വെളിപ്പെടുത്തുന്നുണ്ട്. “റോഡ് നന്നാക്കുന്ന പേരില്‍ നടപ്പാക്കിയ നിര്‍മ്മാണ പദ്ധതികള്‍ പലതും അനാവശ്യമായതും വന്യജീവികളുടെ സഞ്ചാരപഥം ഇല്ലാതാക്കിക്കൊണ്ടുള്ളതുമാണ്” ഡി.എഫ്.ഒ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശിരുവാണി സൈലന്റ്‌വാലിയുടെ തുടര്‍ച്ച

ലോകപ്രശസ്ത നിത്യഹരിത വനമായ സൈലന്റ്‌വാലിയുടെ തുടര്‍ച്ചയാണ് ശിരുവാണി. ലോകത്ത് ഏറ്റവും ശുദ്ധമായ ജലം ലഭിക്കുന്നതില്‍ രണ്ടാം സ്ഥാനം ശിരുവാണിക്കുണ്ട്. മനുഷ്യസ്പര്‍ശമില്ലാത്തതിനാല്‍ മാലിന്യം ഏറ്റവും കുറവും ഓക്‌സിജന്റെ അളവ് കൂടുതലുമാണ് ശിരുവാണിയിലിലെ ജലത്തില്‍. നിയമവിരുദ്ധ ടൂറിസം വരുന്നതോടെ ശിരുവാണിയുടെ പരിസ്ഥിതി പ്രശസ്തിയും കേരളത്തിന് നഷ്ടമാകും.

ടൂറിസം പദ്ധതി നടപ്പാകുന്നതോടെ ശിരുവാണിയുടെ നാശത്തിന് വഴിതെളിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. സന്ദര്‍ശകര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളും മറ്റ് മാലിന്യങ്ങളും പ്രകൃതിയെ ബാധിക്കും.

ശിരുവാണിയില്‍ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നു(ഫയല്‍)

We use cookies to give you the best possible experience. Learn more