ന്യൂദല്‍ഹി: കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ ‘ദേശീയ കര്‍ഷക അനുകൂല മുന്നണി’ രൂപീകരിക്കുമെന്ന് ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ഭീര്‍ സിംഗ് ബാദല്‍. വെള്ളിയാഴ്ചയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കാര്‍ഷിക ബില്‍ കര്‍ഷകരെ ദുരിതത്തിലാഴ്ത്തി കോര്‍പറേറ്റുകളെ സഹായിക്കുന്നതെങ്ങനെയാണെന്ന് ഓരോ പാര്‍ട്ടി പ്രതിനിധികളെയും വ്യക്തിപരമായി കണ്ട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമത്തിനെതിരെ ഇപ്പോഴും പ്രതിഷേധിക്കുന്ന കര്‍ഷകരെ പ്രധാനമന്ത്രി നേരിട്ട് വന്ന് കാണണമെന്നും എല്ലാവര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്ന ഒരു തീരുമാനം ഈ വിഷയത്തില്‍ സ്വീകരിക്കണമെന്നും അധ്യക്ഷന്‍ സുഖ്ഭീര്‍ സിംഗ് ആവശ്യപ്പെട്ടു.
സെപ്തംബര്‍ 20നാണ് മൂന്ന് ഓര്‍ഡിനന്‍സുകള്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത്. കേന്ദ്രത്തിന്റെ കാര്‍ഷിക നയത്തില്‍ പ്രതിഷേധിച്ച് ശിരോമണി
അകാലിദള്‍ എന്‍.ഡി.എ വിട്ടിരുന്നു.
ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം രംഗത്തെത്തിയിരുന്നു.
പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരില്‍ നിന്നാരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യമെമ്പാടും വ്യാപിക്കുകയായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ കര്‍ഷകരെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു.
പുതിയ കാര്‍ഷിക ബില്ലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും, ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
കാര്‍ഷിക ബില്ലിനെതിരെ വ്യാപകമായി പ്രതിഷേധം ശക്തിപ്പെടുന്നതിനിടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവെച്ചത്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പഞ്ചാബിലും ഹരിയാനയിലും ഖേതി ബച്ചാവോ റാലിയും നടത്തിയിരുന്നു. നവംബര്‍ മൂന്നിന് കര്‍ഷകര്‍ വീണ്ടും ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക